ആലപ്പുഴ: ( www.truevisionnews.com ) ജില്ലയിൽ വിവിധയിടങ്ങളിൽ പക്ഷിപ്പനിക്ക് പിന്നാലെ എച്ച്1എൻ1 പനിയും പടരുന്നു. ഈമാസം ഇതുവരെ 24 പേർക്ക് രോഗം സ്ഥിരീകരിച്ചു. വായുവിലൂടെ പകരുന്ന രോഗമായിട്ടും യഥാസമയം അധികൃതർ മുന്നറിയിപ്പ് നൽകാത്തതാണ് കേസുകൾ വർധിക്കാൻ കാരണമെന്ന് ആക്ഷേപമുണ്ട്.
ജൂൺ ഒന്നിന് എച്ച്1എൻ1 ഒരുകേസാണ് റിപ്പോർട്ട് ചെയ്തത്. പിന്നീട് അതിന്റെ എണ്ണം കൂടിവന്നു. രണ്ടും മൂന്നും കേസുകൾ വന്നിട്ടും വേണ്ടത്ര ജാഗ്രത പുലർത്തിയില്ല. കഴിഞ്ഞയാഴ്ച ഒരുദിവസം മാത്രം അഞ്ച് എച്ച്1എച്ച്1 കേസുകൾ റിപ്പോർട്ട് ചെയ്തതോടെയാണ് ആരോഗ്യപ്രവർത്തകരും ആശങ്കയിലായത്.
സാധാരണ പനിയുടെ ലക്ഷങ്ങളാണെങ്കിലും വായുവിലൂടെ പകരുന്നതിനാൽ കൂടുതൽ ജാഗ്രത വേണമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ഈവർഷം ഏപ്രിൽ, മേയ് മാസങ്ങളിലാണ് രോഗവ്യാപനമുണ്ടായത്. കഴിഞ്ഞ വർഷം ജൂണിലാണ് ഇതിന് മുമ്പ് എച്ച്1 എൻ1 പനിബാധിതരുടെ എണ്ണം കൂടിയത്. അന്ന് രണ്ട് മരണവും റിപ്പോർട്ട് ചെയ്തിരുന്നു.
ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിലും വർധനയുണ്ട്. രോഗസംശയത്തിൽ ഈമാസം മാത്രം115 പേരാണ് ചികിത്സതേടിയത്. ഇതിൽ 70 പേർക്ക് രോഗം സ്ഥിരീകരിച്ചെന്ന് ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു.
ഏതെങ്കിലും ഒരുപ്രദേശത്ത് മാത്രമായി കൂട്ടത്തോടെ രോഗവ്യാപനമുണ്ടായില്ലെന്ന ആശ്വാസത്തിലാണ് ആരോഗ്യപ്രവർത്തകർ. എങ്കിലും രോഗവ്യാപനം കണ്ടെത്തിയ ഇടങ്ങളിൽ ഈഡിസ് കൊതുകിന്റെ സാന്നിധ്യമേറെയായതിനാൽ ഡെങ്കിപ്പനി പടരാനുള്ള സാധ്യതയേറെയാണ്. മഴയും വെയിലും മാറിവരുന്ന കാലാവസ്ഥയിലാണ് രോഗവ്യാപനം കൂടുന്നത്. ഇടവിട്ട് പെയ്യുന്ന മഴയും വെയിലുമാണ് പ്രശ്നം.
മഴ കൊതുക് വളരാനുള്ള സാഹചര്യം കൂട്ടുകയാണ്. കൃത്യമായ പരിശോധനയും ചികിത്സയും പരിചരണവും വിശ്രമവും നിരീക്ഷണവും വേണം. ആലപ്പുഴ നഗരസഭ, അരൂർ, പാലമേൽ, തണ്ണീർമുക്കം, തുറവൂർ, പത്തിയൂർ, പുന്നപ്ര വടക്ക്, ചെട്ടികാട്, കുറത്തികാട്, നൂറനാട്, ചുനക്കര, മംഗലം, രാമങ്കരി, കഞ്ഞിക്കുഴി, തൈക്കാട്ടുശ്ശേരി, വെണ്മണി, കാവാലം, കടക്കരപ്പള്ളി, പെരുമ്പളം, പാണാവള്ളി, ആറാട്ടുപുഴ, മുഹമ്മ എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
#h1n1 #spreads #24 #people #have #been #diagnosed #with #disease