വളരെ വിരളമായി പതിനായിരത്തിൽ ഒരാൾക്ക് മാത്ര ബാധിക്കുന്ന രോഗമായ അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്‌ക ജ്വരം ഇന്ന് കേരളത്തിലാകെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. കണ്ണൂർ തോട്ടടയിലെ 13 കാരിയായ ദക്ഷിണയുടെ ജീവനെടുത്തിരിക്കുകയാണ് അമീബ വിഭാഗത്തിൽപെട്ട രോഗാണു. ജൂൺ 12ന് മരിച്ച ദക്ഷിണയുടെ പരിശോധനാ ഫലത്തിലാണ് ഞെട്ടിക്കുന്ന വിവരമുള്ളത് .
2019ൽ മലപ്പുറം മുന്നിയൂർ കളിയാട്ടമുക്ക് സ്വദേശിനിയായ അഞ്ചുവയസ്സുകാരി ഫദ്‌വയായിരുന്നു ഇതേ രോഗാണു മൂലം മരിച്ചത്. മൂന്നിയൂർ പുഴയിലിറങ്ങി കുളിച്ചതിനു ശേഷമാണ് കുട്ടിയിൽ രോഗലക്ഷണം കണ്ടത്. ഇതിന് ശേഷം യാതൊരു കാരണവശാലും കെട്ടിക്കിടക്കുന്ന വെള്ളത്തിലിറങ്ങി കുളിക്കരുതെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ശേഷം 2020-ൽ മലപ്പുറത്തും കോഴിക്കോട്ടും 2022-ൽ തൃശ്ശൂരിലും അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോർട്ട് ചെയ്തിരുന്നു.
2023 ജൂലൈയിലും വീണ്ടും സമാന സംഭവം ഉണ്ടായി. ആലപ്പുഴ പാണാവള്ളി സ്വദേശിയായ 15 വയസുകാരനാണ് അന്ന് മരിച്ചത്. പാണാവള്ളിയിലെ തോട്ടിൽ കുളിച്ചതാണ് കുട്ടിക്ക് രോഗമുണ്ടാകാൻ കാരണമായത്. കൃത്യം ഒരു വർഷം പിന്നിടുമ്പോൾ അമീബിക് മസ്തിഷ്‌ക ജ്വരം വീണ്ടും പിടിമുറുക്കുകയാണ്. മഴക്കാലമായത് കൊണ്ടു തന്നെ ഏറെ ശ്രദ്ധിക്കണം. കുടിക്കുന്നതും കുളിക്കുന്നതുമായ ജലത്തിലെ കീടാണുക്കളുടെ അളവും സ്വാധീനവും എത്രയെന്ന് മനസിലാകണമെന്നില്ല. അതുകൊണ്ട് തന്നെ ഒപ്പമുണ്ടാകുന്നവരിൽ കാണുന്ന ഏതു ചെറിയ ലക്ഷണങ്ങളും നിസാരമായി തള്ളി കളയേണ്ടതല്ല.
അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ്/ അമീബിക് മസ്തിഷ്‌ക ജ്വരം
നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തിൽപെട്ട രോഗാണുവാണ് അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ്. ജലത്തിൽ സ്വതന്ത്രമായി ജീവിക്കുന്ന അമീബ ഒഴുക്കില്ലാത്ത ജലാശയങ്ങളിലാണ് പൊതുവേ കാണുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ജീവിക്കുന്ന അമീബ മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യ ശരീരത്തിൽ കടക്കുന്നു.
ഇത് തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്നു. ഇത് തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം മൂർച്ഛിക്കുന്നത്. നീർച്ചാലിലോ കുളത്തിലോ കുളിക്കുമ്പോഴാണ് സാധാരണയായി ഈ രോഗാവസ്ഥ ഉണ്ടാകുന്നതായി ശ്രദ്ധയിൽപെട്ടിട്ടുള്ളത്. ജലത്തിൽ നിന്ന് ഉണ്ടാകുന്ന രോഗമാണെങ്കിലും മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ഇത് പകരില്ല.
ലക്ഷണങ്ങൾ: രോഗം ബാധിച്ച് ഒന്ന് മുതൽ ഒൻപത് ദിവസങ്ങൾക്കുള്ളിൽ ശരീരം ലക്ഷണങ്ങളും കാട്ടി തുടങ്ങും. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയവ പ്രാഥമിക ലക്ഷണങ്ങളാണ്. തുടർന്ന് ഗുരുതരാവസ്ഥയിലേക്ക് എത്തുമ്പോൾ അപസ്‌മാരം, ബോധക്ഷയം, ഓർമക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകുന്നു.
രോഗ നിർണയം: നട്ടെല്ലിൽ നിന്നും സ്രവം കുത്തിയെടുത്ത് പരിശോധിക്കുന്നത് വഴിയാണ് രോഗ നിർണയം നടത്തുന്നത്.
പ്രതിരോധിക്കാം: കെട്ടിക്കിടക്കുന്ന വെള്ളത്തിലോ നീർച്ചാലിലോ കുളിക്കാതിരിക്കുക, മൂക്കിലേക്ക് വെള്ളം ഒഴിക്കാതിരിക്കുക. കുടിക്കുന്ന വെള്ളവും തിളപ്പിച്ച ശുദ്ധ ജലമെന്ന് ഉറപ്പ് വരുത്തുക. മേൽ പറഞ്ഞ ലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന് ഡോക്‌ടറെ കാണിക്കുക. കുട്ടികൾ നീന്തൽ കുളത്തിൽ ഇറങ്ങുന്നതും വെള്ളത്തിൽ കളിക്കുന്നതും വ്യാപകമായതിനാൽ പ്രത്യേക ശ്രദ്ധ അവരിലുണ്ടാകണം. ക്ലോറിനേറ്റ് ചെയ്‌ത നീന്തൽ കുളങ്ങൾ പ്രശ്നമല്ല.
ഈ രോഗത്തിന് ഫലപ്രദമായ മരുന്നുകളില്ല എന്നതാണ് പേടിപ്പെടുത്തുന്ന വസ്തുത. നേഗ്ലെറിയക്കെതിരെ ഫലപ്രദമെന്ന് കരുതുന്ന ഒരു കൂട്ടം മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് ഈ രോഗം ചികിത്സിക്കുന്നത്. മറ്റ് വിദേശ രാജ്യങ്ങളിലുൾപ്പെടെ മരുന്ന് കിട്ടാനുള്ള സാധ്യതയും തേടിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ജാഗ്രത പാലിക്കുക.
#primary #amoebic #encephalitis #look #symptoms #precautions