സെന്‍റ് വിന്‍സെന്‍റ്: (truevisionnews.com) തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഹാട്രിക്ക് നേടി ടി20 ലോകകപ്പില്‍ റെക്കോര്‍ഡിട്ട് ഓസ്ട്രേലിയന്‍ പേസര്‍ പാറ്റ് കമിന്‍സ്.
ബംഗ്ലാദേശിനെതിരായ സൂപ്പര്‍ 8 പോരാട്ടത്തില്‍ ആദ്യ ഹാട്രിക്ക് നേടിയ കമിന്‍സ് ഇന്ന് അഫ്ഗാനിസ്ഥാനെതിരായ സൂപ്പര്‍ 8 പോരാട്ടത്തിലും ഹാട്രിക്ക് നേടിയതോടെ ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ ഹാട്രിക്ക് നേടുന്ന ആദ്യ ബൗളറായി പാറ്റ് കമിന്‍സ്.
ബംഗ്ലാദേശിനെതിരായ മത്സരത്തിലേതുപോലെ രണ്ട് ഓവറുകളിലായിട്ടായിരുന്നു ഇത്തവണയും കമിന്‍സ് ഹാട്രിക്ക് പൂര്‍ത്തിയാക്കിയത്.
പതിനെട്ടാം ഓവറിലെ അവസാന പന്തില്‍ അഫ്ഗാന്‍ നായകന്‍ റാഷിദ് ഖാനെ ടിം ഡേവിഡിന്‍റെ കൈകളിലെത്തിച്ച കമിന്‍സ് ഇരുപതാം ഓവറിലെ ആദ്യ പന്തില്‍ കരീം ജന്നത്തിനെയും ടിം ഡേവിഡിന്‍റെ കൈകളിലേക്ക് പറഞ്ഞയച്ചു.
തൊട്ടടുത്ത പന്തില്‍ ഗുല്‍ബാദിന്‍ നൈബിനെ മാക്സ്‌വെല്ലിന്‍റെ കൈകളിലെത്തിച്ച് കമിന്‍സ് ഹാട്രിക്ക് പൂര്‍ത്തിയാക്കി.
ഓപ്പണിംഗ് വിക്കറ്റില്‍ 15.4 ഓവറില്‍ 118 റണ്‍സടിച്ച അഫ്ഗാനെ 20 ഓവറില്‍ 148 റണ്‍സിലൊതുക്കിയത് കമിന്‍സിന്‍റെ ഹാട്രിക്കായിരുന്നു.
ടി20 ക്രിക്കറ്റില്‍ രണ്ട് ഹാട്രിക്ക് നേടുന്ന അഞ്ചാമത്തെ മാത്രം ബൗളറുമാണ് പാറ്റ് കമിന്‍സ്.
ശ്രീലങ്കയുടെ ലസിത് മലിംഗ, ന്യൂസിലന്‍ഡിന്‍റെ ടിം സൗത്തി, സെര്‍ബിയയുടെ മാര്‍ക്ക് പവ്‌ലോവിച്ച്, മാള്‍ട്ടയുടെ വസീം അബ്ബാസ് എന്നിവരാണ് ടി20 ക്രിക്കറ്റില്‍ നേടിയിട്ടുള്ളത്.
ബംഗ്ലാദേശിനെതിരെ ഹാട്രിക്ക് നേടിയപ്പോള്‍ ലോകകപ്പില്‍ ഓസ്ട്രേലിയക്കായി ഹാട്രിക്ക് നേടുന്ന രണ്ടാമത്തെ മാത്രം ബൗളറായ കമിന്‍സ് ഇന്നത്തെ നേട്ടത്തോടെ മറ്റൊരു ബൗളര്‍ക്കുമില്ലാത്ത നേട്ടത്തിനൊപ്പമെത്തി.
ബ്രെറ്റ് ലീ, കര്‍ട്ടിസ് കാംഫെര്‍, വാനിന്ദു ഹസരങ്ക, കാഗിസോ റബാഡസ, കാര്‍ത്തിക് മെയ്യപ്പൻ, ജോഷ്വാ ലിറ്റില്‍ എന്നിവരാണ് കമിന്‍സിന് മുമ്പ് ലോകകപ്പില്‍ ഹാട്രിക് നേട്ടം കൈവരിച്ച ബൗളര്‍മാര്‍.
#first #time #T20WorldCup #history #PatCummins #rare #hattrick #other #bowler