Jun 16, 2024 06:05 AM

തിരുവനന്തപുരം:  (truevisionnews.com)  സംസ്ഥാന സര്‍ക്കാരിന്‍റെയും സിപിഎമ്മിന്‍റെയും നയസമീപനത്തിൽ ഗൗവരകമായ പൊളിച്ചെഴുത്ത് വേണമെന്ന ആവശ്യം ശക്തമായിരിക്കെ അഞ്ച് ദിവസം നീളുന്ന സിപിഎം സംസ്ഥാന നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കമാകും.

ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി അടക്കം കേന്ദ്ര നേതാക്കളുടെ സാന്നിധ്യത്തിലാണ് യോഗം. തെരഞ്ഞെടുപ്പ് തോൽവിയിൽ മുഖ്യമന്ത്രി പറഞ്ഞതിനെ പാര്‍ട്ടി നേതൃത്വം തള്ളാനാണ് സാധ്യത.

തെരഞ്ഞെടുപ്പിൽ നേരിട്ടത് കനത്ത തിരിച്ചടിയാണെങ്കിലും 2019 ആവര്‍ത്തിച്ചതിൽ കവിഞ്ഞ് ഒന്നും സംഭവിച്ചില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആവര്‍ത്തിക്കുന്നത്.

പാര്‍ട്ടി വോട്ടുകളേക്കാൽ ബിജെപി പിടിച്ചത് കോൺഗ്രസ് വോട്ടാണെന്ന മുഖ്യമന്ത്രിയുടെ ന്യായം സിപിഎം നേതൃത്വം മുഖവിലക്കെടുക്കാനിടയില്ലെന്നാണ് പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്.

സര്‍ക്കാരിന്‍റെ പ്രര്‍ത്തന ശൈലിയിലും പാര്‍ട്ടിയുടെ നയസമീപനങ്ങളിലും ആത്മപരിശോധനയും തിരുത്തും വേണമെന്ന ആവശ്യം നേതാക്കൾ ശക്തമായി ഉന്നയിക്കുന്നുണ്ട്.

നിയമസഭയിൽ രണ്ട് ദിവസങ്ങളിലായി മുഖ്യമന്ത്രി നടത്തിയ വിശദീകരണത്തിന് ശേഷവും പുനഃപരിശോധന ആവശ്യമുള്ളിടത്തെല്ലാം അതുണ്ടാകുമെന്നും വിശദമായ ചര്‍ച്ച ഇക്കാര്യത്തിൽ നടക്കുമെന്നുമാണ് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍റെ നിലപാട്.

മുഖ്യമന്ത്രിയുടെ നിലപാട് തള്ളി ജില്ലാ സെക്രട്ടറിമാര്‍ അടക്കമുള്ളവരും പരസ്യമായി രംഗത്തെത്തി. സര്‍ക്കാര്‍ പ്രവര്‍ത്തനത്തിൽ തുടങ്ങി സോഷ്യൽമീഡിയെ ഉപയോഗിക്കുന്നതിൽ വരെ തിരുത്തൽ വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

തുടര്‍ഭരണത്തിന്‍റെ പശ്ചാത്തലത്തിൽ കേരള ഘടകത്തിലും സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളിലും ഇടപെടുന്നതിൽ നിന്ന് കേന്ദ്ര നേതൃത്വം വിട്ടുനിൽക്കുകയാണ്. പാര്‍ട്ടിയും സര്‍ക്കാരും പിണറായി വിജയന്റെ കൈപ്പിടിയിൽ എന്ന അവസ്ഥ തുടരാനാകില്ലെന്ന ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം കേന്ദ്ര നേതൃത്വത്തിന് മുന്നിലുണ്ട്.

തോൽവിയിൽ സര്‍ക്കാരിന്‍റെയും സംസ്ഥാന പാര്‍ട്ടി ഘടകത്തിന്‍റെയും അഭിപ്രായം കൂടി കേട്ട ശേഷം ഇടപെടലാണ് കേന്ദ്ര നേതൃത്വത്തിന്‍റെ പരിഗണനയിൽ ഉള്ളത്.

ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും അടക്കം മുതിര്‍ന്ന നേതാക്കളെല്ലാം നേതൃയോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

ഏകപക്ഷീയ നിലപാടുകൾക്കും തീരുമാനങ്ങൾക്കും അപ്പുറം തുറന്ന ചര്‍ച്ചകൾക്കും അഭിപ്രായ പ്രകടനങ്ങൾക്കും നേതാക്കൾ മുതിരുമോ എന്നും ഉറ്റുനോക്കപ്പെടുന്നു. 28 മുതൽ 30 വരെ കേന്ദ്രകമ്മിറ്റി സംസ്ഥാനത്തെ സാഹചര്യം വിശദമായി വിലയിരുത്തും.

#CPM #state #leadership #meetings #begin #today #Central #leaders #also #participate

Next TV

Top Stories