മൂന്നാർ: (truevisionnews.com) മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികൾ വാഹനങ്ങളിൽ അഭ്യാസ പ്രകടനം നടത്തുന്നവർക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്.
കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കിടെയുണ്ടായ മൂന്ന് സംഭവങ്ങളിൽ വാഹനമോടിച്ചവരുടെ ലൈസൻസ് സസ്പെന്‍റ് ചെയ്യാൻ മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചു.
ഇതുസംബന്ധിച്ച നോട്ടീസ് വാഹനമുടമകൾക്ക് നൽകി. അഭ്യാസ പ്രകടനങ്ങൾക്കുപയോഗിച്ച വാഹനങ്ങളും മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു.
രണ്ടാഴ്ചക്കിടെ അഞ്ച് സംഭവങ്ങളാണ് ഉണ്ടായത്. മോട്ടോർ വാഹനവകുപ്പ് പരിശോധനയും ബോധവത്കരണവും തുടർന്നിട്ടും ഫലം കാണാത്തതിനെ തുടർന്നാണ് കടുത്ത നടപടികളിലേക്ക് കടക്കുന്നത്.
അടുപ്പിച്ച് 2 ദിവസങ്ങളിൽ സാഹസിക പ്രകടനം നടത്താനുപയോഗിച്ച മൂന്ന് വാഹനങ്ങൾ കസ്റ്റഡിയിലുണ്ട്. ഏറ്റവുമൊടുവിൽ തമിഴ്നാട് രജിസ്ട്രേഷനിലെത്തിയ കാർ ഗ്യാപ്പ് റോഡിലെ പെരിയ കനാലിനടുത്ത് വച്ച് അപകടകരമായ രീതിയിൽ അഭ്യാസ പ്രകടനം നടത്തിയിരുന്നു.
മാധ്യമങ്ങളിൽ വാർത്തയായതോടെ, മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സമെന്റ് വിഭാഗം കാർ കസ്റ്റഡിയിലെടുത്തു. വെളളിയാഴ്ച തലശ്ശേരിയിൽ നിന്നെത്തിയ രണ്ട് വാഹനങ്ങളിൽ കുട്ടികളുൾപ്പെടെ ഡോറിലിരുന്ന് സാഹസിക യാത്ര ആസ്വദിക്കുന്ന സംഭവവുമുണ്ടായി.
ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഇവർക്കെതിരെയും നടപടി തുടങ്ങി. മൂന്ന് വാഹനങ്ങളുടെയും ആർസി ഉടമസ്ഥരുടെ വിവരങ്ങൾ ശേഖരിച്ച് വാഹനമോടിച്ചവർക്കെതിരെ നോട്ടീസ് നൽകിയിട്ടുണ്ട്.
ഇവരുടെ ലൈസൻസ് സസ്പെന്റ് ചെയ്യാനാണ് മോട്ടോർ വാഹന വകുപ്പിന്‍റെ തീരുമാനം. ഇതുസംബന്ധിച്ച നടപടി ഉടനുണ്ടാകുമെന്നാണ് എൻഫോഴ്സ്മെന്റ് വിഭാഗം നൽകുന്ന വിവരം.
നേരത്തെ, അപകടകരമായി വാഹനം ഓടിച്ച മൂന്ന് പേരുടെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു. നിയമലംഘനങ്ങൾ ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കുന്ന നടപടികളിലേക്ക് കടക്കാനും മോട്ടോർ വാഹന വകുപ്പിന് നീക്കമുണ്ട്.
നിലവിൽ നോട്ടീസ് നൽകിയവരെ വിളിച്ചുവരുത്തി വിശദീകരണം കേട്ടശേഷമാകും തുടർനടപടി. കൊച്ചി - ധനുഷ്കോടി ദേശീയ പാത മുഖം മിനുക്കിയെങ്കിലും, വേണ്ടത്ര നിരീക്ഷണ ക്യാമറകളില്ലാത്തത് നിയമലംഘകർക്ക് തുണയാവുകയാണ്.
#who #practice #vehicles #beware #action #strict #license #revoked