കിളിമാനൂർ: ( www.truevisionnews.com ) ശക്തമായ മഴയിലും കാറ്റിലും വീട് തകർന്ന് വയോധിക അടക്കം രണ്ടുപേർക്ക് പരിക്ക്. നഗരൂർ കോയിക്കമൂല വാർഡിൽ പാട്ടത്തിൽവീട്ടിൽ ദീപു (54), മാതാവ് ലീല (80) എന്നിവർക്കാണ് പരിക്കേറ്റത്.

ശനിയാഴ്ച പുലർച്ച ഒരുമണിയോടെയായിരുന്നു സംഭവം. വെള്ളിയാഴ്ച രാത്രി പത്തുമുതൽതന്നെ ചെറിയ ചാറ്റൽമഴയുണ്ടായിരുന്നു. ചുടുകല്ല് കൊണ്ട് ഭിത്തി നിർമിച്ച ഓടുമേഞ്ഞ വീട് അപകടാവസ്ഥയിലായിരുന്നു.
ഉഗ്രശബ്ദത്തോടെ വീടിന്റെ മേൽക്കൂര ഒന്നാകെ ഉറങ്ങുകയായിരുന്ന ദീപുവിന്റെയും ലീലയുടെയും ദേഹത്ത് പതിക്കുകയായിരുന്നു. മേൽക്കൂരയുടെ ഓടുകളും തടികളും ദേഹത്തും തലയിലും ഇടിച്ചാണ് ഇരുവർക്കും പരിക്കേറ്റത്.
ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദീപുവിന്റെ തലയിൽ നിരവധി തുന്നലുകൾ ഉണ്ട്. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല.
മേൽക്കൂര ആകമാനം തകർന്നുവീണെങ്കിലും കട്ടിലിന്റെ പടിയിലും മറ്റും ഇടിച്ച് നിന്നതിനാൽ ഇരുവരും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. നിർധനകുടുംബത്തിന് ആകെയുണ്ടായിരുന്ന വീടാണ് നഷ്ടമായത്.
#Two #people #injured #after #house #collapsed #rain
