കോഴിക്കോട്: (truevisionnews.com) ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ ആരോപണ പ്രത്യാരോപണങ്ങളും വിവാദങ്ങളുമൊക്കെയായി വാർത്തകളിൽ നിറഞ്ഞ മണ്ഡലമാണ് വടകര.
എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയും യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലും കളംനിറഞ്ഞതോടെ ഫലം പ്രവചനാതീതം എന്നായിരുന്നു വോട്ടെണ്ണും വരെയുള്ള വിലയിരുത്തൽ.
എന്നാൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോള്‍ ഉച്ചയ്ക്ക് രണ്ട് മണിയിലെ കണക്ക് പ്രകാരം ഷാഫിയുടെ ലീഡ് ഒരു ലക്ഷം കടന്നു. ഇതോടെ വടകരയെ ഇളക്കിമറിച്ച് യുഡിഎഫ് ആഹ്ലാദപ്രകടനം തുടങ്ങി.
വടകരയിൽ വർഗ്ഗീയത പടർത്തിയവർക്ക് രാഷ്ട്രീയം പറഞ്ഞു വോട്ടർമാർ മറുപടി നൽകിയെന്നാണ് ഷാഫി പറമ്പിലിന്‍റെ പ്രതികരണം. പൊലീസ് കൃത്യമായി ഇടപെട്ടിരുന്നെങ്കിൽ പ്രചാരണം മലീമസമാകില്ലായിരുന്നു. 'കാഫിർ' പ്രായോഗക്കാരെ കടലിൽ തള്ളിയെന്നും പിണറായി വിജയൻ സർക്കാരിനെതിരായ വിധി എഴുത്താണെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
ജയിച്ചു വരാൻ പറഞ്ഞാണ് പാലക്കാട്ടുകാർ തന്നെ വടകരയിലേക്ക് അയച്ചത്. പാലക്കാട്ടുകാരുമായുള്ള ബന്ധം അറുത്തുമുറിച്ച് മാറ്റാനാകില്ല.
അവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും. ഉചിതമായ തീരുമാനം യുഡിഎഫും കോൺഗ്രസും കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. വോട്ടണ്ണലിനിടെ മാധ്യമങ്ങളെ കണ്ട കെ കെ ശൈലജ, കേരളത്തിൽ യുഡിഎഫ് അനുകൂല ട്രെൻഡാണെന്ന് പറഞ്ഞു.
നവമാധ്യമ പ്രചാരണം ഫലത്തെ സ്വാധീനിച്ചതായും പ്രതികരിച്ചു. ട്രെൻഡ് എന്ന നിലയിൽ 2019ലെ സമാന സാഹചര്യമാണ് കേരളത്തിൽ കാണുന്നതെന്നും ശൈലജ ടീച്ചർ പ്രതികരിച്ചു.
#Shafi's #lead #crosses #1lakh #UDF's #jubilation #shakes #Vadakara #Lok #Sabha #Election #2024