തിരുവനന്തപുരം: ( www.truevisionnews.com ) സംസ്ഥാനത്ത് വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗൾ. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റിലും വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പിലും തത്സമയം ഫലം അറിയാനാവും.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ എന്‍കോര്‍ സോഫ്റ്റ് വെയറില്‍നിന്നു തിരഞ്ഞെടുപ്പ് ഫലം https://results.eci.gov.in എന്ന വെബ്‌സൈറ്റ് വഴി തത്സമയം ലഭിക്കും. സംസ്ഥാനത്തെ എല്ലാ കൗണ്ടിങ് സെന്ററുകളിലും മീഡിയ സെന്ററുകൾ സജ്ജമാക്കിയിട്ടുണ്ട്.
അവിടെ ഡിജിറ്റല്‍ ഡിസ്പ്ലേ ബോര്‍ഡിലും ലോക്‌സഭാ മണ്ഡലം തിരിച്ചുള്ള തിരഞ്ഞെടുപ്പ് ഫലം ലഭ്യമാകും. രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കുമ്പോള്‍ ആദ്യമെണ്ണുന്നത് പോസ്റ്റല്‍ ബാലറ്റുകളാണ്.
പോസ്റ്റല്‍ ബാലറ്റ് എണ്ണിത്തുടങ്ങി അരമണിക്കൂറിന് ശേഷം വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. ഓരോ അസംബ്ലി മണ്ഡലത്തിലെയും വോട്ടുകള്‍ എണ്ണാന്‍ ഓരോ ഹാള്‍ ഉണ്ടായിരിക്കും.
ഓരോ ഹാളിലും പരമാവധി 14 മേശകളാണ് ഉണ്ടാവുക. ഓരോ മേശയ്ക്കും ഒരു കൗണ്ടിങ് സൂപ്പര്‍വൈസര്‍ ഉണ്ടാവും. ഇത് ഗസറ്റഡ് റാങ്കുള്ള ഓഫിസറായിരിക്കും. ഒരു കൗണ്ടിങ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്‌സര്‍വര്‍ എന്നിവരും വോട്ടെണ്ണല്‍ മേശയ്ക്കു ചുറ്റുമുണ്ടാവും. വോട്ടെണ്ണലിന്റെ സുതാര്യത ഉറപ്പുവരുത്തുകയാണ് മൈക്രോ ഒബ്‌സര്‍വറുടെ ഡ്യൂട്ടി.
വോട്ടെണ്ണല്‍ തുടങ്ങുന്ന സമയമാകുമ്പോള്‍ സ്‌ട്രോങ് റൂമുകള്‍ തുറക്കും. റിട്ടേണിങ് ഓഫിസര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍, സ്ഥാനാര്‍ഥികള്‍ അല്ലെങ്കില്‍ അവരുടെ തിരഞ്ഞെടുപ്പ് ഏജന്റുമാര്‍, തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിരീക്ഷകര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് സ്ട്രോങ് റൂം തുറക്കുക. ലോഗ് ബുക്കില്‍ എന്‍ട്രി രേഖപ്പെടുത്തിയശേഷം വിഡിയോ കവറേജോടെയാണ് ലോക്ക് തുറക്കുക.
ആദ്യമെണ്ണുക ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റുകളും പോസ്റ്റല്‍ ബാലറ്റുകളുമായിരിക്കും. അത് റിട്ടേണിങ് ഓഫിസറുടെ മേശപ്പുറത്താവും എണ്ണുക. അടുത്ത അരമണിക്കൂറിനുള്ളില്‍ വോട്ടിങ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. വോട്ടിങ് യന്ത്രത്തിന്റെ കണ്‍ട്രോള്‍ യൂണിറ്റാണ് വോട്ടെണ്ണലിന് ഉപയോഗിക്കുക.
പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം രേഖപ്പെടുത്തിയ ഫോം 17 സിയും അതത് കണ്‍ട്രോള്‍ യൂണിറ്റുമാണ് വോട്ടെണ്ണല്‍ മേശപ്പുറത്ത് വയ്ക്കുക. കൗണ്ടിങ് ടേബിളില്‍ കണ്‍ട്രോള്‍ യൂണിറ്റ് എത്തിച്ച ശേഷം കൗണ്ടിങ് ഏജന്റുമാരുടെ സാന്നിധ്യത്തില്‍ കൗണ്ടിങ് സൂപ്പര്‍വൈസര്‍ വോട്ടിങ് യന്ത്രം പരിശോധിച്ച് കേടുപാടുകള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പാക്കിയ ശേഷം സീല്‍പൊട്ടിക്കും.
തുടര്‍ന്ന് ഏജന്റുമാരുടെ നിരീക്ഷണത്തില്‍ ഓരോ യന്ത്രത്തിലെയും റിസല്‍ട്ട് ബട്ടണില്‍ സൂപ്പര്‍വൈസര്‍ വിരല്‍ അമര്‍ത്തി ഓരോ സ്ഥാനാര്‍ഥിക്കും ലഭിച്ച വോട്ട് ഡിസ്‌പ്ലേ എജന്റുമാരെ കാണിച്ച ശേഷം രേഖപ്പെടുത്തും.
ഓരോ റൗണ്ടിലും എല്ലാ വോട്ടിങ് മെഷീനുകളും എണ്ണിത്തീര്‍ന്ന ശേഷം തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിരീക്ഷകന്‍ അതില്‍നിന്നും ഏതെങ്കിലും 2 മെഷീന്‍ എടുത്ത് അതിലെ കൗണ്ട് രേഖപ്പെടുത്തിയിരിക്കുന്നത് ശരിയാണെന്ന് ഉറപ്പു വരുത്തും.
അത് കഴിഞ്ഞാല്‍ ആ റൗണ്ടിന്റെ ടാബുലേഷന്‍ നടത്തി ആ റൗണ്ടിന്റെ റിസള്‍ട്ട് റിട്ടേണിങ് ഓഫിസര്‍ പ്രഖ്യാപിച്ച് രേഖപ്പെടുത്തും. ഓരോ ഘട്ടം കഴിയുമ്പോഴും റിട്ടേണിങ് ഓഫിസര്‍ എണ്ണിക്കഴിഞ്ഞ വോട്ടിങ് മെഷീനുകള്‍ എടുത്തുമാറ്റി അടുത്ത ഘട്ടം തുടങ്ങാനുള്ള വോട്ടിങ് മെഷീനുകള്‍ കൊണ്ടുവരാന്‍ നിര്‍ദേശം നല്‍കും. എല്ലാ റൗണ്ടിലെയും വോട്ടിങ് മെഷീനുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ വിവിപാറ്റ് സ്ലിപ്പുകളുടെ വെരിഫിക്കേഷന്‍ നടത്തൂ.
വടകരയിൽ കനത്ത സുരക്ഷ
വോട്ടെണ്ണൽ ദിനത്തിൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ വടകര മണ്ഡലത്തിൽ കനത്ത പൊലീസ് സുരക്ഷയേർപ്പെടുത്തുമെന്ന് റൂറൽ എസ്പി ഡോ. അരവിന്ദ് സുകുമാർ. ജില്ലയിലെ ബറ്റാലിയനിൽ നിന്നുള്ള ആറ് കമ്പനി സേന ഉൾപ്പെടെ 1600 പൊലീസുകാരെ സുരക്ഷയ്ക്കായി വിന്യസിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വടകരയിലെ കാഫിർ സ്‌ക്രീൻഷോട്ട് സംബന്ധിച്ച കേസിൽ മെറ്റയിൽ നിന്ന് വിവരങ്ങൾ ലഭിച്ചില്ല. തിരുവനന്തപുരത്തെ സൈബർ വിഭാഗവുമായി ചേർന്ന് വിവരം ലഭിക്കാനുള്ള ശ്രമം തുടരുന്നുണ്ട്. എന്താണ് ചെയ്യാൻ പറ്റുന്നതെന്ന് നിയമപരമായി ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാശിയേറിയ പോരാട്ടം നടന്ന വടകരയിൽ ആഹ്ളാദ പ്രകടനം വൈകിട്ട് ഏഴ് മണിവരെ മാത്രം മതിയെന്ന് സർവകക്ഷി യോഗത്തിൽ തീരുമാനിച്ചിരുന്നു. അക്രമ സാധ്യത കണക്കിലെടുത്ത് പൊലീസും അതീവ ജാഗ്രതയാണ് പുലർത്തുന്നത്.
#loksabha #election #results #preparations #completed #kerala #says #chief #election #officer