ചേതേശ്വർ പൂജാരയുടെയും അജിങ്ക്യ രഹാനെയുടെയും ഭാവി പറയേണ്ടത് സെലക്ടർമാരെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി. ഇക്കാര്യത്തെപ്പറ്റി സെലക്ടർമാരോട് ചോദിക്കേണ്ടെതാണ്. ഇതൊന്നും എൻ്റെ ജോലിയല്ലെന്നും വിരാട് കോലി ഒരു മാധ്യമപ്രവർത്തകൻ്റെ ചോദ്യത്തോട് പ്രതികരിച്ചു.

“ഭാവിയിൽ എന്താണ് സംഭവിക്കുക എന്ന് ഇവിടെയിരുന്ന് എനിക്ക് പറയാനാവില്ല. നിങ്ങൾ സെലക്ടർമാരോട് സംസാരിക്കണം. അവർക്കാണ് ഈ കാര്യങ്ങൾ അറിയുക. ഇത് എൻ്റെ ജോലിയല്ല. രഹാനെയെയും പൂജാരയെയും ഞാൻ പിന്തുണക്കും. കഴിഞ്ഞ കാലങ്ങളിൽ അവർ ഇന്ത്യക്കായി മികച്ച പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്.”- കോലി പറഞ്ഞു.
നിർണായക ഘട്ടങ്ങളിലെ മുന്നേറ്റം മുതലെടുക്കുന്നതിൽ ടീം പരാജയപ്പെട്ടെന്ന് കോലി പറഞ്ഞിരുന്നു. ചില സെഷനുകളിൽ ഇന്ത്യയ്ക്ക് അടുത്തടുത്ത് വിക്കറ്റുകൾ നഷ്ടപ്പെട്ടു. “ഇതൊരു കൂട്ടുത്തരവാദിത്തമാണ്. ലഭിച്ച അവസരങ്ങൾ മുതലാക്കുന്നതിൽ പരാജയപ്പെട്ടപ്പോൾ നിരാശ തോന്നി.” മത്സരത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തെ അഭിസംബോധന ചെയ്ത് കോലി പറഞ്ഞു.
കഴിഞ്ഞ രണ്ട് ടെസ്റ്റ് മത്സരങ്ങളിലും ദക്ഷിണാഫ്രിക്ക നന്നായി ചേസ് ചെയ്തുവെന്ന് പരമ്പര തോറ്റതിന് പിന്നിലെ കാരണങ്ങൾ വിശദീകരിച്ച് കോലി പറഞ്ഞു. “ഞങ്ങളുടെ ബൗളിംഗ് ശക്തി അവരുടേതിൽ നിന്ന് വ്യത്യസ്തമാണ്. ഈ പിച്ചുകളിലാണ് അവർ വളർന്നത്. ഏതൊക്കെ മേഖലകളിൽ പന്ത് എറിയണമെന്ന് അവർക്കറിയാം. അവർ അത് സ്ഥിരതയോടെ ചെയ്തു. ഞങ്ങളുടെ ശക്തികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞങ്ങൾ ശ്രമിച്ചു, പക്ഷേ എങ്ങനെയോ അത് ഇവിടെ നടന്നില്ല,” കോലി കൂട്ടിച്ചേർത്തു.
മൂന്നാം ടെസ്റ്റിലെ അപരാജിത സെഞ്ചുറിക്ക് വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ നായകൻ പ്രശംസിച്ചു. “പിഴവുകൾ സംഭവിക്കും, പക്ഷേ അതിൽ നിന്ന് അവൻ പഠിച്ചു. അവൻ ഒരു പ്രത്യേക പ്രതിഭയാണ്, ഇതൊരു പ്രത്യേക ഇന്നിംഗ്സായിരുന്നു” കോലി പറഞ്ഞു.
മോശം പ്രകടനത്തിന്റെ പേരിൽ ചില സീനിയർ താരങ്ങളെ ടീമിൽ നിന്ന് ഒഴിവാക്കുമോ എന്ന ചോദ്യത്തിന് കോലി മറുപടി നൽകി. “ടീമിൽ എന്തെങ്കിലും മാറ്റങ്ങളുണ്ടാകുമോ അല്ലെങ്കിൽ എന്ത് തരത്തിലുള്ള മാറ്റങ്ങളാണ് സംഭവിക്കുക എന്നതിനെക്കുറിച്ച് ഇപ്പോൾ ഒന്നും പറയാനാവില്ല, പക്ഷേ അതിനെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്” അദ്ദേഹം പറഞ്ഞു.
Kohli says selectors should decide the future of Pujara and Rahane
