(truevisionnews.com) മഴയും മഞ്ഞുമുള്ള സുഖകരമായ കാലാവസ്ഥ. മറയൂര്‍, കാന്തല്ലൂര്‍ മേഖലയില്‍ എത്തുന്ന സഞ്ചാരികളുടെ തിരക്കേറുന്നു. മലമുകളില്‍ മഴ പെയ്തതിനാല്‍ കച്ചാരം വെള്ളച്ചാട്ടം, ഇരച്ചില്‍പാറ വെള്ളച്ചാട്ടം, കരിമുട്ടി വെള്ളച്ചാട്ടം എന്നിവിടങ്ങളില്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.
ഭ്രമരം വ്യൂ പോയിന്റില്‍ ഇതുവരെ കാണാത്ത തിരക്കാണ്. കാന്തല്ലൂര്‍ ടൗണില്‍നിന്ന് ഇവിടെയെത്തുന്ന റോഡ് തകര്‍ന്നു കിടക്കുന്നതിനാല്‍ സഞ്ചാരികള്‍ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. മുനിയറകളാല്‍ സമ്പന്നമായ മുരുകന്‍മലയിലേക്കുള്ള ജീപ്പ് ട്രക്കിങ് ഏതൊരു സഞ്ചാരിയുടെയും മനം നിറയ്ക്കും.
വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ കൂടുതല്‍ സഞ്ചാരികള്‍ മറയൂര്‍, കാന്തല്ലൂര്‍ മേഖലകളില്‍ എത്തുമെന്ന് ഉറപ്പ്. സഞ്ചാരികള്‍ക്ക് മിതമായ നിരക്കില്‍ താമസിക്കാന്‍ ഒട്ടേറെ റിസോര്‍ട്ടുകളും ഹോം സ്റ്റേകളും ടെന്റുകളും മണ്‍വീടുകളും ലോഡ്ജുകളും ഉണ്ട്.
പക്ഷേ, സഞ്ചാരികള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്കാനോ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള ദിശാസൂചകങ്ങളോ ഇല്ലാത്തത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഒറ്റ മലയാള സിനിമകൊണ്ട് തലവര മാറിയ ഒരിടമുണ്ട് കാന്തല്ലൂരില്‍.അതാണ് നാക്കുപെട്ടിയിലെ വ്യൂപോയിന്റ്.
പക്ഷേ അങ്ങനെ പറയുന്നതിനേക്കാള്‍ കുറച്ചുകൂടി എളുപ്പം ഭ്രമരം പോയിന്റ് എന്നുപറയുന്നതാണ്. തേന്‍പാറയില്‍നിന്ന് അല്പദൂരം മാത്രമേയുള്ളൂ ഭ്രമരം പോയിന്റിലേക്ക്. 2009-ല്‍ മോഹന്‍ലാലിന്റെ ഭ്രമരം സിനിമ റിലീസായതോടെയാണ് ഈ സ്ഥലം വിനോദസഞ്ചാരികളുടെയും ജീപ്പ് ട്രക്കിങ്ങിന് എത്തുന്നവരുടെയും സ്വന്തമായത്.
ആദിവാസികള്‍ നാക്കുപെട്ടി എന്ന് വിളിച്ചിരുന്ന സ്ഥലമാണ് ഭ്രമരം വ്യൂ പോയിന്റായത്. ആദിവാസിക്കുടിയിലെ പളനിസ്വാമിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥലം. ഭ്രമരം സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ശിവന്‍കുട്ടിയുടെ വീടുള്ളത് ഇവിടെയാണ്.
ക്ലൈമാക്സ് ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ ഈ സ്ഥലവും പ്രത്യക്ഷപ്പെടുന്നുണ്ട്. സിനിമ ഹിറ്റായതോടെ വിനോദസഞ്ചാരികള്‍ കൂടുതല്‍ എത്തിത്തുടങ്ങി. ഇതോടെ സ്ഥലമുടമ പളനിസ്വാമി കൃഷിയിടത്തിനൊപ്പം ഏറുമാടങ്ങള്‍കൂടി അവര്‍ക്കായി നിര്‍മിച്ചു.
തേന്‍പാറയില്‍ നിന്നു വരുമ്പോള്‍ ഈ റോഡില്‍ നിന്ന് വലതുഭാഗത്തേക്കാണ് വാഹനം തിരിഞ്ഞത്. ദുര്‍ഘടമായ വഴിയായതുകൊണ്ടുതന്നെ സ്വന്തം വാഹനങ്ങളുമായി വരുന്നവര്‍ക്ക് ഈ ഭാഗത്തേക്ക് വാഹനവുമായി പ്രവേശനമില്ല.
തേന്‍പാറ റോഡില്‍ നിന്ന് തിരിയുന്ന ഭാഗത്ത് ഒരിടത്ത് വാഹനം പാര്‍ക്കുചെയ്യാന്‍ സ്ഥലമുണ്ട്. അവിടെ നിന്ന് താഴേക്ക് നടന്നുവേണം വരാന്‍. പ്രാദേശികമായ ജീപ്പ് സര്‍വീസാണെങ്കില്‍ വ്യൂപോയിന്റുവരെ പോകാം. 50 രൂപയാണ് ടിക്കറ്റ് നിരക്ക്.
#Kanthallur #is #crowded #with #tourists #BhramaramPoint #idukki