തൃശ്ശൂർ: (truevisionnews.com) സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിൽ ഇനി വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി ഗണേഷ് കുമാർ.
സമരക്കാരുമായി ചർച്ച നടത്തിയ ശേഷമാണ് നിലവിലെ തീരുമാനത്തിൽ എത്തിയത്. അതിൽ ഇനി മാറ്റം വരുത്തേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.
ടെസ്റ്റിന് ഇൻസ്‌ട്രക്ടർമാർ നിർബന്ധമാണ്. ഡ്രൈവിംഗ് സ്കൂളുകളിൽ ഇൻസ്‌ട്രക്ടർമാർ ഇല്ലാത്ത അവസ്ഥക്കടക്കം പരിഹാരം കാണും. കെ എസ് ആർ ടി സിയുടെ ആദ്യ ഡ്രൈവിംഗ് സ്കൂൾ തിരുവനന്തപുരത്ത് തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.
മിക്കവാറും അടുത്ത മാസം ആറിനകം തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വിവരിച്ചു. അതേസമയം രാവിലെ തൃശൂരിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാനായി മന്ത്രി നേരിട്ട് പരിശോധനനടത്തിയിരുന്നു.
തൃശ്ശൂർ ഹൈവേയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ അനാവശ്യ സിഗ്നൽ ലൈറ്റുകൾ അണയ്ക്കുമെന്നതടക്കമുള്ള കാര്യങ്ങളാണ് പരിശോധനക്ക് ശേഷം ഗണേഷ് പറഞ്ഞത്.
ദേശീയ പാതയിലെ അശാസ്ത്രീയ സിഗ്നലുകൾ യാത്രാ കാലതാമസമുണ്ടാക്കുന്നുണ്ട്. അനാവശ്യ സിഗ്നലുകൾ ഒഴിവാക്കി യൂ ടേണുകൾ അനുവദിച്ച് പ്രശ്നത്തിന് പരിഹാരം കാണുമെന്നും മന്ത്രിപറഞ്ഞു.
പരിശോധനയ്ക്കിടെ കിട്ടുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് വേഗത്തിൽ പരിഹാരം കാണുമെന്നും ഗണേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
യാത്രാ ദുരിതം കണ്ടറിയാൻ തൃശൂർ മുതൽ കളമശ്ശേരി വരെ യാത്ര നടത്തിയാണ് മന്ത്രി പരിശോധന നടത്തിയത്.
ദേശീയ പാതിയിൽ ഏറ്റവും കൂടുതൽ സിഗ്നലുകളിൽ കാത്ത് കിടക്കേണ്ടി വരുന്നതിനാലാണ് തൃശൂർ - അരൂർ പാതയിൽ പ്രശ്നപരിഹാരത്തിനായി മന്ത്രി ഇന്ന് ഇറങ്ങിയത്.
ചാലക്കുടിയിൽ അതിരപ്പിള്ളിയിലേക്ക് തിരിയുന്ന പാപ്പാളി ജംഗ്ഷനിലെ ബ്ലാങ്ക് സ്പോട്ട് അടക്കം മന്ത്രി നേരിൽ കണ്ടു. ദേശീയ പാത, പിഡബ്ല്യുഡി ഉദ്യോഗസ്ഥരും ജന പ്രതിനിധികളും നാട്ടുകാരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
നേരിട്ട് ഹൈവേയിലേക്ക് കയറുന്നതിന് പകരം സർവ്വീസ് റോഡുകൾ തുറന്ന് ഗതാഗതം ക്രമീകരിക്കാനുള്ള നിർദ്ദേശം മന്ത്രി നൽകി. അനാവശ്യ സിഗ്നലുകളാണ് പലയിടത്തും യാത്രാതടസ്സമുണ്ടാക്കുന്നതെന്നാണ് പ്രാഥമിക കണ്ടെത്തൽ.
അതൊഴിവാക്കി പാപ്പാളി ജംഗ്ഷനിൽ ലക്ഷ്യമിടുന്നതുപോലെ സർവ്വീസ് റോഡുകൾ പുനഃക്രമീകരിക്കും. സന്ദർശനത്തിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ വേഗത്തിൽ കുരുക്കഴിക്കുമെന്നും മന്ത്രി പറഞ്ഞു.
#more #compromise #drivingtest, #KSRTC #first #drivingschool #start #capital: #Minister