മലപ്പുറം: ( www.truevisionnews.com ) വെളിയംകോട് പേരില്‍ കുഴങ്ങി പ്രതിക്ക് പകരം മറ്റൊരാളെ അറസ്റ്റുചെയ്ത് ജയിലിലടച്ച് പോലീസ്. മലപ്പുറം വെളിയംകോട് സ്വദേശി ആലുങ്കല്‍ അബൂബക്കറിനെയാണ് പോലീസ് ആളുമാറി അറസ്റ്റുചെയ്തത്.
ഭാര്യയുടെ പരാതിയില്‍ വടക്കേപ്പുറത്ത് അബൂബക്കറിനെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസാണ് ആളുമാറി ആലുങ്കല്‍ അബൂബക്കറിനെ അറസ്റ്റുചെയ്തത്.
സംഭവം ഇങ്ങനെ:
2020-ല്‍ വടക്കേപ്പുറത്ത് അബൂബക്കറിനെതിരെ ഭാര്യ നല്‍കിയ പരാതിക്കുമേല്‍ ഉണ്ടായ നടപടിയുമായി ബന്ധപ്പെട്ടാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യാനെത്തിയത്.
സ്ത്രീധനവുമായി ബന്ധപ്പെട്ടാണ് ഭാര്യ ഇയാള്‍ക്കെതിരെ കേസ് കൊടുത്തിരുന്നത്. കേസില്‍ കോടതി വിധിക്ക് പിന്നാലെ നടന്ന അറസ്റ്റിലാണ് പോലീസിന് പിഴവ് സംഭവിച്ചത്. മെയ് 20-നാണ് വെളിയംകോട് സ്വദേശിയായ ആലുങ്കല്‍ അബൂബക്കറിനെ പോലീസ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിനായി വീട്ടിലെത്തിയ പോലീസ് അബൂബക്കറിനോട് താങ്കള്‍ക്കെതിരെ ഭാര്യ എന്തെങ്കിലും പരാതി നല്‍കിയിട്ടുണ്ടോ എന്ന് ചോദിച്ചു. നേരത്തെ സ്വര്‍ണവുമായി ബന്ധപ്പെട്ട് ഭാര്യ അബൂബക്കറിനെതിരെ പരാതി നല്‍കിയിരുന്നു. ആ കേസാണെന്ന് കരുതിയ അബൂബക്കര്‍ പോലീസിനോട് കാര്യം സമ്മതിച്ചു.
ഉടന്‍തന്നെ പോലീസ് അബൂബക്കറിനെ അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കി. നാലു ലക്ഷം പിഴ, അല്ലെങ്കില്‍ ആറുമാസം തടവാണ് കേസില്‍ കോടതി ശിക്ഷ വിധിച്ചത്. തുക അടയ്ക്കാന്‍ കൈയിലില്ലാത്തതിനാല്‍ അബൂബക്കറിനെ കോടതി ജയിലിലേക്കയച്ചു.
അറസ്റ്റിലായ ആളല്ല യഥാര്‍ത്ഥ പ്രതി എന്നുകാണിച്ച് ബന്ധുക്കള്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കിയതോടെയാണ് കോടതി അബൂബക്കറിനെ വിട്ടയച്ചത്.
രണ്ട് അബൂബക്കര്‍മാരുടെയും പിതാവിന്റെ പേര് മുഹമ്മദ് എന്നായിരുന്നതും പോലീസിനെ കുഴക്കി. അതേസമയം, കോടതി അറസ്റ്റുചെയ്യാന്‍ ആവശ്യപ്പെട്ട വടക്കേപ്പുറത്ത് അബൂബക്കര്‍ നിലവില്‍ വിദേശത്താണുള്ളത്.
#police #confused #over #same #name #arrested #wrong #person #malappuram