ആലപ്പുഴ: ( www.truevisionnews.com ) ഓട്ടോയിടിച്ച് നിയന്ത്രണംവിട്ട കാർ സമീപത്തെ കടകളിലേക്ക് പാഞ്ഞുകയറി. അപകടത്തിൽ വഴിയോരത്ത് നിർത്തിയിട്ട ബൈക്കും കടയുടെ മുന്നിലെ സൂചനാബോർഡും ഷട്ടറും തകർന്നു.
കാറിലുണ്ടായിരുന്ന അച്ഛനും മകളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ശനിയാഴ്ച വൈകീട്ട് 3.30ന് ആലപ്പുഴ കലക്ടറേറ്റ് ജങ്ഷനിലായിരുന്നു സംഭവം. ആലപ്പുഴ സക്കരിയ വാർഡ് ഷെബിന മൻസിലിൽ ഹാരിസിന്റെ ഉടമസ്ഥതയിലുള്ള എച്ച്.എൽ.എസ് ഓട്ടോയാണ് അപകടത്തിൽപെട്ടത്.
വെള്ളക്കിണർഭാഗത്തുനിന്ന് സക്കരിയ ബസാർ ഭാഗത്തേക്ക് സാധനങ്ങളുമായി പോയ ഓട്ടോ കണ്ണൻവർക്കി പാലം ഭാഗത്തുനിന്ന് ആലിശ്ശേരി റോഡിലേക്ക് എത്തിയ കാറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ വട്ടംകറങ്ങിയ കാർ സമീപത്തെ ഫോട്ടോസ്റ്റാറ്റ് കടയുടെ മുന്നിൽ പാർക്ക് ചെയ്ത ബൈക്കിലും അടഞ്ഞുകിടന്ന സ്റ്റേഷനി കടയുടെ ഷട്ടറിലും ഇടിച്ചാണ് നിന്നത്.
ഹണിപാർക്ക്, ദേവി ഫോട്ടോസ്റ്റാറ്റ്, സ്റ്റേഷനി കട, ഇന്റർനെറ്റ് കഫേ എന്നീ സ്ഥാപനങ്ങൾക്കിടയിലേക്കാണ് കാർ പാഞ്ഞെത്തിയത്. ദേവി ഫോട്ടോസ്റ്റാറ്റ് സ്ഥാപനത്തിന്റെ സൂചനാബോർഡും അതിന് മുന്നിൽ പാർക്ക് ചെയ്ത ബൈക്കും സ്റ്റേഷനറി കടയുടെ ഷട്ടറുമാണ് തകർത്തത്. ഈസമയം വഴിയാത്രക്കാരില്ലാതിരുന്നത് ഭാഗ്യമായി.
ദേവി ഫോട്ടോസ്റ്റാറ്റ് കടക്ക് മുന്നിൽ നിർത്തിയിട്ടശേഷം മറ്റൊരു ഓട്ടോയുടെ ഓൺലൈൻ ഫീസടക്കാൻ എത്തിയ ആലപ്പുഴ വട്ടപ്പള്ളി സ്വദേശി ഹാരിസിന്റെ ബൈക്കാണ് തകർന്നത്.
തിരുവനന്തപുരത്തെ ബന്ധുവിന്റെ വിവാഹചടങ്ങിൽ സംബന്ധിക്കാൻ പോയ കൊടുങ്ങല്ലൂർ മതിലകം സ്വദേശികളായ അച്ഛനും മകളുമാണ് കാറിലുണ്ടായിരുന്നത്. കാറിന്റെ എൻജിൻ ഭാഗം തകർന്ന് ഓയിലും പുറത്തേക്ക് ഒഴുകിയിരുന്നു.
#alappuzha #auto #car #collision