കമ്പളക്കാട് (വയനാട്): (truevisionnews.com) ബി ജെ പിയുമായുള്ള ധാരണയിലാണ് കേരളത്തിലെ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നന്നും, അവര്‍ വിമര്‍ശിക്കുന്നത് രാഹുല്‍ഗാന്ധിയെ മാത്രമാണെന്നും എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി.
രാഹുല്‍ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം കമ്പളക്കാട് ടൗണില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ബി ജെ പിയുടെ നേതാക്കളുടെ കാറുകളില്‍ നിന്നും കോടികള്‍ പിടിച്ചെടുത്തപ്പോള്‍ കേരള സര്‍ക്കാര്‍ ഒരു നടപടിയുമെടുത്തില്ല. മുഖ്യമന്ത്രിയുടെ പേരില്‍ പല അഴിമതികേസുകള്‍ പുറത്തുവന്നിട്ടും മോദിയുടെ സര്‍ക്കാര്‍ അദ്ദേഹത്തിനെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും പ്രിയങ്ക പറഞ്ഞു.
രാജ്യത്ത് മറ്റ് പ്രതിപക്ഷപാര്‍ട്ടീ നേതാക്കളെ വേട്ടയാടി ജയിലിടുകയാണ്. എന്നാല്‍ കേരളത്തിലെ മുഖ്യമന്ത്രിക്കെതിരെ മാത്രം ഒരു നടപടിയും എടുക്കുന്നില്ലെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.
നിങ്ങള്‍ ചെയ്യുന്ന ഓരോ വോട്ടും രാജ്യത്തെ ജനാധിപത്യവും, ഭരണഘടനയും സംരക്ഷിക്കാനുള്ളതാണ്. രാജ്യത്തെ ഭൂരിഭാഗം മാധ്യമങ്ങളും ബി ജെ പി കയ്യടക്കിവെച്ചിരിക്കുകയാണ്.
അതുകൊണ്ട് തന്നെ യാഥാര്‍ഥ്യങ്ങള്‍ പലതും പുറത്തുവരുന്നില്ല. നിത്യോപയോഗ സാധനങ്ങളുടെയും, പെട്രോളിന്റെയും, ഡീസലിന്റെയുമെല്ലാം വില വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ രാജ്യത്തെ തൊഴിലില്ലായ്മ ഇരട്ടിയായി. സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച കുറഞ്ഞു. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങളെ കുറിച്ച് മോദി ഒന്നും പറയാന്‍ തയ്യാറാവുന്നില്ല.
മറിച്ച് യാതൊരു താല്‍പര്യവുമില്ലാത്ത അപ്രസക്തമായ, പ്രയോജനകരമല്ലാത്ത കാര്യങ്ങള്‍ ചര്‍ച്ചയാക്കാനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ രാജ്യത്തെ ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന ഭരണഘടനാ സ്ഥാപനങ്ങള്‍ ഇല്ലാതാക്കാന്‍ ചെയ്യാനാവുന്നതെല്ലാം ചെയ്തു.
രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്നവരെ ബി ജെ പി ഭീഷണിപ്പെടുകയാണ്. ഭരണഘടനയെ മാറ്റിയെഴുതുന്നതിനെ കുറിച്ചാണ് ഇപ്പോള്‍ സംസാരിക്കുന്നത്. രണ്ട് മുഖ്യമന്ത്രിമാരെ ജയിലിലാക്കിയെന്നത് രാജ്യത്തിന്റെ ജനാധിപത്യചരിത്രത്തിലെ ആദ്യത്തെ സംഭവമാണ്.
തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു.
എല്ലാത്തരത്തിലും രാജ്യത്തെ ജനാധിപത്യ ഭരണഘടനാ സ്ഥാപനങ്ങളെ കേന്ദ്രസര്‍ക്കാര്‍ ദുര്‍ബലപ്പെടുത്തുകയാണ്. ജനങ്ങളോട് ഒരു ഉത്തരവാദിത്വവുമില്ലാത്ത വിധത്തിലാണ് മോദി പെരുമാറുന്നത്.
രാജ്യത്തെ ജനങ്ങളെ ശക്തിപ്പെടുത്താന്‍ മോദി ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല, ജനങ്ങളുടെ യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്നും അവരുടെ ശ്രദ്ധ തിരിച്ചുവിടുകയാണെന്നും പ്രിയങ്ക പറഞ്ഞു. രാഹുല്‍ഗാന്ധി ജനങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ്.
രാഹുല്‍ഗാന്ധിയെ സോഷ്യല്‍മീഡിയയിലടക്കം പല പേരുകളടക്കം വിളിച്ചുകൊണ്ട് അധിഷേപിച്ചുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിനെതിരെ ഗുജറാത്ത്, ബീഹാര്‍ എന്നിങ്ങനെ രാജ്യത്തുടനീളം കേസുകളെടുത്തുകൊണ്ടിരിക്കുകയാണ്.
രക്തിസാക്ഷിയായ അദ്ദേഹത്തിന്റെ പിതാവിനെ, മുത്തശിയെയുമെല്ലാം വഞ്ചകരെന്ന് വിളിച്ച് അധിഷേപിക്കുകയാണ്. അമ്മയെയും കുടുംബത്തെയും അധിഷേപിക്കുകയാണ്. എന്നാല്‍ ജനങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം അദ്ദേഹം അവസാനിപ്പിക്കാന്‍ പോകുന്നില്ലെന്ന് പ്രിയങ്ക പറഞ്ഞു.
പാര്‍ലമെന്റില്‍ നിന്നും രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കി, ഔദ്യോഗിക വസതിയില്‍ നിന്നും പുറത്താക്കി. എന്നിട്ടും അദ്ദേഹം പോരാട്ടം തുടരുകയാണെന്നും പ്രിയങ്ക പറഞ്ഞു.
ജനാധിപത്യസംരക്ഷണത്തിനായുള്ള, തുല്യതയുടെ, നീതിയുടെ, സമത്വത്തിന്റെ ആശയത്തിനായി ആ പോരാട്ടം അദ്ദേഹം തുടരും. സിദ്ധാര്‍ഥനെ പോലെയുള്ള ചെറുപ്പക്കാരെ മാസങ്ങളോളം പീഡിപ്പിച്ച് റാഗിംഗ് നടത്തി കൊലപ്പെടുത്തിയിട്ടും ഇതിനെതിരെ നടപടിയെടുക്കാതിരുന്നത് അനീതിയാണ്.
മണിപ്പൂരിലെ സ്ത്രീകളെ അധിഷേപിക്കുകയും, ബലാത്സംഗത്തിനിരയാക്കുകയും ചെയ്തപ്പോള്‍, ഹത്രാസിലെ, ഉന്നാവിലെ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടപ്പോള്‍ കുറ്റക്കാരെ സംരക്ഷിക്കുന്ന നടപടികള്‍ സ്വീകരിച്ചത് അനീതിയാണ്.
ഇത്തരം അനീതികള്‍ക്കെതിരായ പോരാട്ടം തുടരും. കോണ്‍ഗ്രസിന്റെ പ്രകടനപത്രിക ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. അധികാരത്തിലെത്തിയാല്‍ അതില്‍ പറയുന്ന മുഴുവന്‍ കാര്യങ്ങളും നടപ്പിലാക്കുമെന്നും പ്രിയങ്ക പറഞ്ഞു.
മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം, അഡ്വ. ടി സിദ്ധിഖ് എം എല്‍ എ, എന്‍ ഡി അപ്പച്ചന്‍, സി മമ്മൂട്ടി, ടി ഹംസ, പി ഇസ്മയില്‍ ഉള്‍പ്പെടെയുള്ള നിരവധി നേതാക്കള്‍ പങ്കെടുത്തു.
#Kerala #govt #works #agreement #BJP: #PriyankaGandhi