കല്‍പ്പറ്റ: (truevisionnews.com) വയനാടിന്റെ വികസന സമീപനങ്ങള്‍ ഉയര്‍ത്തിക്കാട്ടി യു ഡി എഫ് തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ എല്‍ ഡി എഫും ബി ജെ പിയും വിഭാഗീയത ലക്ഷ്യമിട്ടുള്ള സമീപനങ്ങളാണ് പ്രചരണരംഗത്ത് സ്വീകരിക്കുന്നതെന്ന് യു ഡി എഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
കെ സുരേന്ദ്രന്റെ വാര്‍ത്താസമ്മേളനത്തിലെ വാചകങ്ങള്‍ ഒരു സ്ഥാനാര്‍ഥിയുടേയോ, പൊതുപ്രവര്‍ത്തകന്റെയോ ഭാഗത്ത് നിന്നും വരാന്‍ പാടില്ലാത്തതായിരുന്നുവെന്ന് കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ പറഞ്ഞു.
വയനാട് പോലെ പരസ്പര സ്‌നേഹത്തില്‍ കഴിയുന്ന ഒരു നാട്ടില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്നതിനും, വിഭാഗീയതയുണ്ടാക്കുന്നതിനുമുള്ള നീക്കമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വന്യമൃഗശല്യം, കാര്‍ഷികമേഖലയിലെ വിവിധങ്ങളായ പ്രശ്‌നങ്ങള്‍ എന്നിങ്ങനെയുള്ള നിരവധി പ്രതിസന്ധികള്‍ക്കിടയിലും ഒത്തൊരുമിച്ച് അതിജീവനം നടത്തുന്ന ഒരു ജനതയാണ് വയനാട്ടിലേത്.
വിഭാഗീയതയുടെ പരിപ്പിട്ട് ഇവിടെ വേവിക്കാമെന്നത് സുരേന്ദ്രന്റെ വ്യാമോഹം മാത്രമാണ്. നേരത്തെ സ്ഥലപേര് മാറ്റാനുള്ള ശ്രമം നടത്തിയതും ഇതിന്റെ ഭാഗമാണ്.
സുരേന്ദ്രനും ആനിരാജക്കും വയനാടിന്റെ പ്രശ്‌നങ്ങളറിയില്ല. ചാലിഗദ്ദയില്‍ ആന ചവിട്ടിക്കൊന്ന അജീഷിന്റെ വീട്ടിലെത്തിയ രാഹുല്‍ഗാന്ധിക്ക് കുടുംബം നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെടുകയും കുടുംബത്തിന് 15 ലക്ഷം രൂപ അനുവദിച്ചുകൊണ്ടുള്ള ഉത്തരവിറക്കുകയും ചെയ്തത്.
എന്നാല്‍ കര്‍ണാടകയിലെ ബി ജെ പി നേതാക്കള്‍ നഷ്ടപരിഹാരം നല്‍കുന്നതിനെതിരെ ക്രൂരമായ അധിഷേപമാണ് നടത്തിയത്. ഇതോടെ കുടുംബം ആ തുക വേണ്ടെന്ന് വെക്കുകയും രാഹുല്‍ഗാന്ധിയുടെ നിര്‍ദേശപ്രകാരം 15 ലക്ഷം രൂപ കെ പി സി സി നല്‍കുകയുമായിരുന്നു.
അതുകൊണ്ട് അജീഷിന്റെ കല്ലറയില്‍ പോയി ക്ഷമാപണം നടത്തുകയാണ് സുരേന്ദ്രന്‍ ആദ്യം ചെയ്യേണ്ടതെന്നും സിദ്ധിഖ് പറഞ്ഞു. വയനാട്ടില്‍ രൂക്ഷമായ പല പ്രശ്‌നങ്ങളുമുണ്ടായപ്പോള്‍ സുരേന്ദ്രനും, ആനിരാജയും എവിടെയായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു.
പ്രളയം, പുത്തുമല ഉരുള്‍പൊട്ടല്‍ എന്നിവയുണ്ടായപ്പോള്‍ ഇരുവരും വയനാട്ടിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. ഒരു ദുരിതാശ്വാസ ക്യാംപില്‍ പോലും ഇവരെയൊന്നും കണ്ടില്ല. കൊവിഡ് കാലത്ത് ഒരു ഡിജിറ്റല്‍ ഉപകരണം കൈമാറാന്‍ പോലും ഇവരൊന്നുമുണ്ടായിരുന്നില്ല.
വാകേരിയിലെ പ്രജീഷ്, തോല്‍പ്പെട്ടി ലക്ഷ്മണന്‍, ചാലിഗദ്ദ അജീഷ്, പാക്കത്തെ പോള്‍, മേപ്പാടിയിലെ കുഞ്ഞവറാന്‍ എന്നിങ്ങനെ തുടര്‍ച്ചയായി കാട്ടാനയുടെയും കടുവയുടെയും ആക്രമണത്തില്‍ മനുഷ്യജീവനുകള്‍ നഷ്ടമായിട്ടും ഇവരാരും ഇങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടില്ല.
മുഖ്യമന്ത്രി ബത്തേരിയില്‍ വന്ന് രാഹുല്‍ഗാന്ധിയെ വിമര്‍ശിച്ചു. എന്നാല്‍ കേവലം അഞ്ച് കിലോമീറ്റര്‍ അകലെയുള്ള പ്രജീഷിന്റെ കുടുംബത്തെ സന്ദര്‍ശിക്കാനുള്ള മര്യാദ കാണിച്ചില്ല. ഈ കുടുംബങ്ങളെ ഒന്ന് സാന്ത്വനിപ്പിക്കാന്‍ പോലും കേന്ദ്ര-സംസ്ഥാന ഭരണത്തിലുണ്ടായിരുന്നവര്‍ തയ്യാറായില്ല.
വേദനയില്‍ കൂടെ നില്‍ക്കാത്തവരാണ് ഇന്ന് വര്‍ഗീതയും വിഭാഗീതയുമുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്നും സിദ്ധിഖ് പറഞ്ഞു. ഇത്തരക്കാര്‍ക്ക് വയനാട്ടുകാര്‍ ഈ തെരഞ്ഞെടുപ്പിലൂടെ ശക്തമായ മറുപടി കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഒരേ സ്വരവും നാവുമാണ്. മോദിയെ തൃപ്തിപ്പെടുത്താന്‍ മുഖ്യമന്ത്രി രാഹുല്‍ഗാന്ധിയെ വിമര്‍ശിക്കുന്നു. ഇന്ത്യന്‍പ്രധാമന്ത്രിയാകാന്‍ രാഹുല്‍ കൊള്ളില്ലെന്നാണ് പറയുന്നത്.
ഇത് സംഘപരിവാറിന്റെയും, മോദിയുടെയും ശബ്ദമാണ്. ഇവരെ തൃപ്തിപ്പെടുത്തി കേസുകളില്‍ നിന്നും രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. മുഖ്യമന്ത്രി മോദി ഫാന്‍സ് അസോസിയേഷന്റെ പ്രസിഡന്റായാണ് ഇവിടെ പ്രവര്‍ത്തിക്കുന്നതെന്നും സിദ്ധിഖ് പരിഹസിച്ചു.
വയനാട്ടിലെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ കണ്ടാല്‍ എന്തിനാണ് എല്‍ ഡി എഫിനും, ബി ജെ പിക്കും രണ്ട് സ്ഥാനാര്‍ഥികള്‍ എന്ന് തോന്നിപ്പോകുന്ന അവസ്ഥയാണ്. രണ്ട് പേര്‍ ഒരുമിച്ച് വന്നാലും രാഹുല്‍ഗാന്ധിയെ ഒന്നും ചെയ്യാനാവില്ലെന്നും സിദ്ധിഖ് പറഞ്ഞു.
വയനാട്ടില്‍ മതസ്പര്‍ദ്ധയുണ്ടാക്കാനുള്ള നീക്കം പിന്‍വലിച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ സുരേന്ദ്രന്‍ തയ്യാറാകണമെന്ന് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എയും പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ കെ കെ അഹമ്മദ്ഹാജി, ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍, പ്രവീണ്‍ തങ്കപ്പന്‍ തുടങ്ങിയവരും പങ്കെടുത്തു.
#LDF, #BJP #trying #create #sectarianism: #UDF