ആലത്തൂര്‍: (truevisionnews.com) വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനം ഉന്നയിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ രമ്യ ഹരിദാസ് എംപി.
ബിജെപി സർക്കാരിനേയും പ്രധാനമന്ത്രിയേയും വിമർശിക്കുന്നതിന് പകരം രാജ്യം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഒരു ദേശീയ നേതാവിനെ നിരന്തരമായി അവഹേളിച്ചു കൊണ്ടിരിക്കുകയാണെന്ന് രമ്യ ഫേസ്ബുക്കിൽ കുറിച്ചു.
രാജ്യത്തെ പ്രാദേശിക കക്ഷികളുമായി എല്ലാവിധ നീക്കുപോകും നടത്തി മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ പാർട്ടിയുമായി പോലും സീറ്റുകൾ പങ്കുവെച്ചും പിന്തുണ നൽകിയും രാജ്യം രക്ഷപ്പെടണം എന്ന ലക്ഷ്യത്തോടെ ജനാധിപത്യവും മതേതരത്വവും നിലനിൽക്കാൻ രാജ്യം മുഴുവൻ യാത്രനടത്തി ജനങ്ങളിലേക്കിറങ്ങിയ നേതാവിനെയാണ് അവഹേളിച്ച് സംസാരിക്കുന്നത്.
ആർക്കുവേണ്ടിയാണ്, ആരെ തൃപ്തിപ്പെടുത്താനാണ്, ആരെ സന്തോഷിപ്പിക്കാനാണ് മതേതര ഇന്ത്യയുടെ പ്രതീക്ഷയായ രാഹുൽജിയെ മുഖ്യമന്ത്രി വിമർശിക്കുന്നതെന്നും രമ്യ ഹരിദാസ് ചോദ്യം ഉന്നയിച്ചു.
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഉയരുന്ന കേസുകളിൽ നിന്നും അഴിമതി അന്വേഷണങ്ങളിൽ നിന്നും രക്ഷപ്പെടാൻ ഫാഷിസ്റ്റ് ഭരണക്കാരെ തൃപ്തിപ്പെടുത്താനാണോ രാഹുലിനെ വിമര്‍ശിക്കുന്നതെന്നാണ് രമ്യയുടെ ചോദ്യം.
പ്ലീസ്, ഇന്ത്യ മുന്നണിക്ക് നേതൃത്വം നൽകുന്ന രാഹുൽജിയെ സഹായിക്കാൻ മനസില്ലെങ്കിലും ദ്രോഹിക്കരുത്. ഈ രാജ്യത്തെ സാധാരണ മനുഷ്യർക്ക് വേണ്ടിയുള്ള അപേക്ഷയാണെന്നും രമ്യ ഹരിദാസ് ഫേസ്ബുക്കിൽ കുറിച്ചു.
നേരത്തെ നിങ്ങൾക്കൊരു പേരുണ്ടെന്നും ആ രീതിയിൽ നിന്നും നിങ്ങൾ മാറിയിട്ടില്ല എന്ന അവസ്ഥ ഉണ്ടാക്കരുതെന്നുമാണ് പിണറായി വിജയൻ പറഞ്ഞത്. യാത്രക്ക് ശേഷവും നിങ്ങൾക്ക് ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് പറയിപ്പിക്കരുത്.
ജയിലും അന്വേഷണവും കാട്ടി ഞങ്ങളെ വിരട്ടേണ്ട. നിങ്ങളുടെ മുത്തശ്ശി ഒന്നര വർഷം ഞങ്ങളെ ജയിലിലിട്ടിട്ടുണ്ട്. സിഎഎക്കെതിരെ ഒരക്ഷരം മിണ്ടാത്ത രാഹുൽ ഗാന്ധിക്ക് സംഘപരിവാർ മനസെന്നും പിണറായി കോഴിക്കോട് പറഞ്ഞു.
എന്തുകൊണ്ടാണ് കേരള മുഖ്യമന്ത്രിക്ക് ഒന്നും സംഭവിക്കാത്തതെന്നും അദ്ദേഹത്തെ ഇഡി എന്താണ് ചോദ്യം ചെയ്യാത്തതെന്നും രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായുള്ള റോഡ് ഷോയ്ക്കിടെ ചോദിച്ചിരുന്നു.
രാഹുലിന്‍റെ ചോദ്യത്തിന് അതേ നാണയത്തില്‍ പിണറായിയും മറുപടി പറയുകയായിരുന്നു.
#Do #not #harm #Rahulji #who #leading #india #Front'; #RamyaHaridas #appealed #Pinarayi