വടകര(കോഴിക്കോട്) : ( www.truevisionnews.com ) ചോറോട് കൈനാട്ടി മേൽപാലത്തിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഏറാമലയിലെ എടോത്ത് മീത്തൽ വിജീഷിനെ(33)നെയാണ് വടകര ഡിവൈഎസ്പി കെ.വിനോകുമാർ അറസ്റ്റ് ചെയ്തത്.
പ്രതിയെ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. വടകര താഴെ അങ്ങാടി വലിയവളപ്പ് കരകെട്ടി ചെറിയകണ്ടി ഫാസിൽ (39) മരിച്ച സംഭവത്തിലാണ് അറസ്റ്റ്.
2023 സപ്തംബർ 13 ന് ബുധനാഴ്ച രാവിലെ ആറു മണിയോടെയാണ് ഫാസിൽ കൈനാട്ടി മേൽപ്പാലത്തിന് സമീപം മരിച്ച നിലയിൽ കാണപ്പെട്ടത്. മരണത്തിന് അഞ്ച് ദിവസം മുമ്പാണ് ബഹ്റൈനിൽ നിന്ന് ഇയാൾ നാട്ടിലെത്തിയത്. പ്രഭാത സവാരിക്കിറങ്ങിയവരാണ് മൃതദേഹം കണ്ടത്.
തൊട്ടടുത്ത് ചോര പുരണ്ട നിലയിൽ ഇയാളുടെ ആക്ടിവ സ്‌കൂട്ടറുമുണ്ടായിരുന്നു. മൂക്കിൽ നിന്നും വായിൽ നിന്നും ചെവിയിൽ നിന്നും രക്തം പുറത്തേക്ക് ഒലിച്ചിറങ്ങിയ നിലയിലായിരുന്നു. മയക്ക് മരുന്ന് അമിതമായി കുത്തി വെച്ചതിനെ തുടർന്നായിരുന്നു മരണം. മയക്ക് മരുന്ന് സംഘത്തിൽ ഇയാളോടൊപ്പം കൂടുതൽ പേർ ഉണ്ടെന്ന് പോലീസിന് സംശയമുണ്ടായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൂന്ന് പേർക്കെതിരെ വടകര പോലീസ് നരഹത്യക്ക് കേസെടുത്തിരിന്നു. കഴിഞ്ഞ ദിവസം ഏറാമല കുന്നുമ്മക്കരയിൽ മയക്കു മരുന്ന് സംഘത്തിൽപ്പെട്ട രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിനു ശേഷം നടത്തിയ അന്വേഷണത്തിലാണ് മയക്ക് മരുന്ന് സംഘത്തിൽ പെട്ട വിജീഷിനെപ്പറ്റി വിവരങ്ങൾ ലഭിച്ചത്.
ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഫാസിലിന്റെ മരണവുമായി ബന്ധപ്പെട്ട ചുരുളഴിയുന്നത്. കുന്നുമ്മക്കരയിലെ വിജീഷിന്റെ വീട്ടിൽ വെച്ചാണ് മരണപ്പെട്ട ഫാസിൽ മയക്ക് മരുന്ന് കുത്തി വെച്ച് അബോധാവസ്ഥയിലായത്.
ആശുപത്രിയിൽ എത്തിക്കാൻ വിജീഷും മറ്റു രണ്ടു പേരും വാഹനത്തിൽ കയറ്റിയ ശേഷം ആശുപത്രിയിൽ എത്തിക്കാതെ കൈനാട്ടിയിലെ മേൽപ്പാലത്തിന് താഴെ ഫാസിലിനെ തള്ളുകയായിരുന്നു. കുന്നുമ്മക്കരയിലെ മയക്ക് മരുന്ന് സംഘത്തിലെ പ്രധാന കണ്ണികളിലൊരാളാണ് വിജീഷ് എന്ന് പോലീസ് പറഞ്ഞു.
#Incident #youth #found #dead #Vadakara #One #arrested