(truevisionnews.com) ഇന്റർ പാർലമെന്ററി യൂണിയന്റെ 2023ലെ വാർഷിക വനിതാ പങ്കാളിത്ത റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്,ലോകത്ത് 151 രാജ്യങ്ങളിൽ ഏകാധിപത്യ ഭരണമോ പട്ടാള ഭരണമോ ആണ് നടക്കുന്നത്.
ജനാധിപത്യം ഇല്ലാത്ത രാജ്യങ്ങളിൽ 11.3% രാജ്യങ്ങളിൽ മാത്രമേ വനിതകൾ ഭരണ പ്രക്രിയയിൽ താക്കോൽ സ്ഥാനങ്ങളിൽ ഉള്ളു.
സർക്കാർ ഭരണപ്രക്രിയയിൽ ആഗോളതലത്തിൽ 10 വർഷം മുമ്പ് വരെ സ്ത്രീകളുടെ പങ്കാളിത്തം 5.3% ആയിരുന്നുവെങ്കിൽ ഇപ്പോഴും 9.8% മാത്രമാണ് എന്ന് റിപ്പോർട്ടിലെ ചൂണ്ടിക്കാട്ടൽ 2024 ലെ വനിതാദിനം ആഘോഷിക്കുമ്പോൾ നിരാശയാണ് സമ്മാനിക്കുന്നത്.
"പ്രചോദിപ്പിക്കുക ഉൾപ്പെടുത്തുക" എന്ന ആശയം മുൻനിർത്തി "സ്ത്രീകളിൽ നിക്ഷേപിച്ച് പുരോഗതി തരിതപ്പെടുത്തുക" എന്ന 2024ലെ ആഗോള വനിതാ ദിനത്തിന്റെ മുദ്രാവാക്യം എത്ര അർത്ഥവത്താണ് എന്ന് ലോകത്തെ ജനാധിപത്യ പ്രക്രിയയിലെ സ്ത്രീ പങ്കാളിത്തം പരിശോധിക്കുമ്പോൾ വ്യക്തമാക്കുന്നതാണ്.
ആഗോളതലത്തിൽ വനിത എംപിമാരുടെ പങ്കാളിത്തം 26.5% ആണ്, ഇതിൽ 45.7 % വനിത എംപിമാരും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും നോർമാഡിക്ക് രാജ്യങ്ങളിൽ നിന്നുമാണ്.
ആഗോളതലത്തിൽ വനിതകൾ ഏറ്റവും കൂടുതൽ പാർലമെന്റിൽ ഉള്ളത് സെൻട്രൽ ആഫ്രിക്കൻ രാജ്യമായ റൂവാണ്ട പാർലമെന്റിലാണ്, അവിടെ പാർലമെന്റ് അംഗങ്ങളിൽ 61 % വും വനിതകളാണ്, ക്യൂബൻ പാർലമെന്റിൽ 53% വും നിക്കോരാഗ്വയിൽ 52 %, മെക്സിക്കോ, യുഎഇ എന്നീ രാജ്യങ്ങളിലെ പാർലമെന്റിലെ സ്ത്രീ പങ്കാളിത്തം 50% ആണ്.
ഇന്റർ പാർലമെന്റ് യൂണിയന്റെ റിപ്പോർട്ട് പ്രകാരം 23 രാജ്യങ്ങളിലെ പാർലമെന്റിൽ സ്ത്രീ പങ്കാളിത്തം 40 മുതൽ 49% വരെയും,17 രാജ്യങ്ങളിൽ 35. മുതൽ 39 % വും 18 രാജ്യങ്ങളിൽ വനിതാ പങ്കാളിത്തം 30നും 35 %നും ഇടയിലാണ്, 30 രാജ്യങ്ങളിൽ സ്ത്രീ പങ്കാളിത്തം 25 മുതൽ 29% ആകുമ്പോൾ 21 രാജ്യങ്ങളിൽ അത് 20 നും 24 % നും ഇടയിലാണ്, 26 രാജ്യങ്ങളിൽ 15 നും 19% നും ഇടയിലാണ് സ്ത്രീ പങ്കാളിത്തം പാർലമെന്റിൽ ഉള്ളത്.
ഇന്ത്യയിലെ പാർലമെന്റിലെ സ്ത്രീ പങ്കാളിത്തം 15 % ആണ്. ഇന്ത്യയുടെ തൊട്ടടുത്ത രാജ്യങ്ങളായ ചൈനയിൽ 24% പാക്കിസ്ഥാനിൽ 20.5 %( 2024ന് മുമ്പുള്ള തെരഞ്ഞെടുപ്പിലെ ) ബംഗ്ലാദേശിൽ 20 % വനിതാ പ്രാതിനിധ്യം പാർലമെന്റിൽ ഉണ്ട്. ഹെയ്തി,സുഡാൻ, അഫ്ഗാനിസ്ഥാൻ എന്നീരാജ്യങ്ങളുടെ പാർലമെന്റിൽ വനിതകൾക്ക് യാതൊരു പ്രാതിനിധ്യവും ഇല്ല.
യമനിൽ ഒരു വനിതയും മാലിദ്വീപ്,ഖത്തർ, നൈജീരിയ,ഒമാൻ പപ്പുഗനി ദ്വീപ് എന്നിവിടങ്ങളിൽ ഒന്നു മുതൽ അഞ്ചുവരെ % മാത്രമേ പാർലമെന്റിൽ സ്ത്രീ പങ്കാളിത്തം ഉള്ളൂ.
ഇന്ത്യയിലെ പതിനേഴാം ലോകസഭയിൽ ആകെയുള്ള 545 അംഗങ്ങളിൽ 78 പേർ മാത്രമാണ് വനിതകൾ. ലോകത്ത് 22 രാജ്യങ്ങളിൽ വനിതകളുടെ പാർലമെന്റ് പ്രാധാന്യം 10% ത്തിൽ താഴെയാണ് എന്ന് കണക്കുകൾ രേഖപ്പെടുത്തി റിപ്പോർട്ട് വ്യക്തമാക്കുന്നു.
1995 ൽ ലോകത്ത് എംപിമാരിൽ 11.3% സ്ത്രീകൾ ആയിരിന്നുവെങ്കിൽ 2023ൽ അത് 26.5 % ആയി വർദ്ധിച്ചെങ്കിലും ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം സ്ത്രീകൾക്ക് ലഭിച്ചിട്ടില്ല എന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
2024 ലോകത്ത് ഇലക്ഷൻ വർഷമായിട്ടാണ് കാണുന്നത്,ഇന്ത്യ, അമേരിക്ക,യൂറോപ്യൻ യൂണിയൻ അടക്കം 65 രാജ്യങ്ങളിലാണ് 2024 ൽ ഇലക്ഷൻ നടക്കാൻ വേണ്ടി പോകുന്നത്. ലോകത്ത് ജനസംഖ്യയുടെ 49% ജനങ്ങളും പോളിംഗ് ബൂത്തിലേക്ക് പോകുമ്പോൾ സ്ത്രീ പ്രാതിനിത്യം പാർലമെന്റിൽ ജനസംഖ്യാനുപാതികമായി ഉണ്ടാകുമോ എന്ന് കാത്തിരുന്ന് കാണേണ്ടിവരും.
1995ൽ 12.7 % വനിതാ പ്രാതിനിധ്യം ഉണ്ടായിരുന്ന ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ 2023 ൽ ഇലക്ഷൻ നടന്നപ്പോൾ അത് 34.9% ആയി വർധിച്ചത് ഒരു പ്രതീക്ഷയായി നിലനിൽക്കുന്നു, പക്ഷേ 2022 ൽ ലോകത്ത് 47 രാജ്യങ്ങളിൽ ഇലക്ഷൻ നടന്നെങ്കിലും 0.4% പങ്കാളിത്തമേ പാർലമെന്റിൽ സ്ത്രീകളുടേത് വർദ്ധിച്ചിട്ടുള്ളൂ എന്ന റിപ്പോർട്ടിലെ കണ്ടെത്തലുകൾ നമ്മുടെ മുമ്പിൽ ഒരു നഗ്ന യാഥാർത്ഥ്യമായി ഉണ്ട്.
ഇന്ത്യയിലെ ഒന്നാമത്തെ ലോക്സഭയിലെ സ്ത്രീ പ്രാതിനിത്യം 5% ത്തിൽ നിന്നും പതിനേഴാം ലോക്സഭയിൽ എത്തുമ്പോൾ 15% ആയി പുരോഗതി ആയി കാണുന്നുണ്ട് എങ്കിലും 2024ലെ ഇലക്ഷനിൽ വലിയ വർദ്ധനവ് ഉണ്ടാകും എന്ന പ്രതീക്ഷ നിലവിലുള്ള സാഹചര്യം പരിശോധിച്ചാൽ ഇല്ല.
മന്ത്രിമാരിലും സ്ത്രീകൾക്ക് അയിത്തം:
ലോകത്തെ ആകെ മന്ത്രിമാരിൽ അഞ്ചിൽ ഒന്നു മന്ത്രിമാർ മാത്രമേ വനിതകൾ ആയിട്ടുള്ളൂ. 13 രാജ്യങ്ങളിൽ 50 % സ്ത്രീകളാണ് മന്ത്രിമാർ എന്നത് പ്രതീക്ഷ നൽകുന്നു.ഇന്ന് ലോകത്ത് 28 വനിതകൾ വിവിധ സർക്കാറുകൾക്ക് നേതൃത്വം നൽകി ഭരണരംഗത്തെ സക്രിയമാക്കുന്നുണ്ട്.
റുവാണ്ട, ക്യൂബ,നിക്കോര്വഗ്വ,മെക്സിക്കോ, ന്യൂസിലാൻഡ് യുഎഇ എന്നീ രാജ്യങ്ങളുടെ മന്ത്രിസഭയിൽ സ്ത്രീ പങ്കാളിത്തം 50 % ആണ്.യൂറോപ്പിലെ 16 രാജ്യങ്ങളിൽ വനിതകളാണ് സർക്കാരിനെ നയിക്കുന്നത്,യൂറോപ്പിലും അമേരിക്കയിലും വനിതാ ക്യാബിനറ്റ് മന്ത്രിമാർ കൂടുതലുണ്ട്,യൂറോപ്പിൽ 22.8 % വും വടക്കൻ അമേരിക്കയിൽ 31 6% ലാറ്റിനമേരിക്കൻ കരീബിയൻ രാജ്യങ്ങളിൽ 30.1% വും മന്ത്രിമാർ സ്ത്രീകളാണ്,ഇന്ത്യയിലെ നിലവിലുള്ള കേന്ദ്രസർക്കാരിലെ 78 അംഗ മന്ത്രിസഭയിൽ 11 മന്ത്രിമാർ സ്ത്രീകൾ ആണെങ്കിലും മൂന്നുപേർക്ക് മാത്രമാണ് ക്യാബിനറ്റ് പദവി നൽകിയിട്ടുള്ളത്.
കേരള നിയമസഭയിൽ ആകെയുള്ള 140 അംഗങ്ങളിൽ 12 പേരാണ് അതായത് 9 % ആണ് സ്ത്രീ പങ്കാളിത്തം. 21 അംഗ കേരള മന്ത്രിസഭയിൽ മൂന്നുപേർ സ്ത്രീകൾ മന്ത്രിമാരാണ്.
അൽബനിയിൽ വനിതാ മന്ത്രിമാരുടെ എണ്ണം 66.7 % വും,ഫിൻലാൻഡിൽ 64.6 % വും,സ്പെയിനിൽ 63.6% വും നിക്കോരോഗ്വയിൽ 62% വും സ്ത്രീകൾക്ക് ക്യാബിനറ്റിൽ പങ്കാളിത്തം ഉണ്ട്. വനിതാ മന്ത്രിമാരിൽ ബഹുഭൂരിഭാഗത്തിനും 84 % ത്തിനും വനിതാ ക്ഷേമം ലിംഗസമത്വം എന്നി വകുപ്പുകൾ ആണ് കൈകാര്യം ചെയ്യാൻ ലഭിച്ചത്.
വനിതാ മന്ത്രിമാരിൽ കുടുംബാരോഗ്യം കുട്ടികളുടെ ക്ഷേമം കൈകാര്യം ചെയ്യുന്നത് 68% ആണ്,സാമൂഹ്യക്ഷേമം വകുപ്പ് കൈകാര്യം ചെയ്യുന്നത് 45% ആണ് പരിസ്ഥിതി 32% പൊതു ഭരണം 30% വും വിദ്യാഭ്യാസം 30% സ്ത്രീകൾ കൈകാര്യം ചെയ്യുമ്പോൾ ലോകത്ത് അതിപ്രധാനമായ പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്യുന്ന വനിതാ മന്ത്രിമാർ 12% മാത്രമാണ്, 11% വനിതകൾക്ക് മാത്രമാണ് ഊർജ്ജ വകുപ്പ് ഭരിക്കാൻ ലഭിച്ചത്.
8 % വനിതകൾക്ക് ഗതാഗത വകുപ്പ് കൈകാര്യം ചെയ്യുന്നു എന്ന് റിപ്പോർട്ടിൽ ഉദാഹരണസഹിതം വിവരിക്കുന്നു.
വനിതാ ക്വാട്ടാ പരിഹാരമോ:
1995ൽ വനിതാ പ്രാതിനിധ്യത്തിൽ ലോകത്ത് 24 സ്ഥാനമായിരുന്നു റുവാണ്ട 2003ല്‍ വനിതകൾക്ക് മത്സരിക്കുവാൻ ക്വാട്ടാ നിശ്ചയിച്ചതോടെ വനിതാ പങ്കാളിത്തം പാർലമെന്റിൽ സ്വപ്നതുല്യമായ 61% ത്തിലേക്ക് എത്തി.2002 ഒക്ടോബറിൽ ക്യൂബ സ്ത്രീകൾക്ക് കൂടുതൽ അധികാരം നൽകിയതോടെ അവിടെയും പാർലമെന്റിൽ സ്ത്രീ പ്രാധിനിത്യം കുതിച്ചുയർന്നു.
2001ൽ നിക്കോരോഗതിയിൽ അബോഷൻ (ഗർഭചിത്രം) പൂർണമായി നിരോധിച്ചത് വഴിത്തീരീവായി. ഇന്ത്യയിൽ 128 ആം ഭരണഘടന ഭേദഗതിയോടെ ലോക്സഭാ,സംസ്ഥാന നിയമസഭകൾ, ഡൽഹി നിയമസഭ എന്നിവിടങ്ങളിലേക്ക് എസ് സി,എസ് ടി ഒഴികെയുള്ള സീറ്റുകളിലെ മൂന്നിലൊന്നും സ്ത്രീകൾക്കായി സംവരണം ചെയ്തു നിയമഭേദഗതി നിലവിൽ വന്നങ്കിലും എപ്പോൾ അനുഭവേദ്യം ആകും എന്ന് സംബന്ധിച്ച് കൃത്യതയില്ല.
2031 വരെ കാത്തിരിക്കേണ്ടി വരുമോ എന്ന സന്ദേഹം പ്രബലമായിട്ടുണ്ട്.1974 ൽ തുടങ്ങിയ നിയമ പ്രക്രിയക്ക് പൂർണ്ണമായി വിരാമം ഇടാൻ സാധിച്ചുവെങ്കിലും 2023ലെ ലോക ലിംഗ വ്യത്യാസ റിപ്പോർട്ടിൽ ആകെയുള്ള 146 രാജ്യങ്ങളിൽ 127 സ്ഥാനമാണ് ഇന്ത്യക്ക് ഉള്ളത്,ഇത് പരിഹരിക്കുവാൻ 2029 ലെ ഇലക്ഷനിൽ എങ്കിലും വനിതാ സംവരണം നടപ്പാക്കാൻ ഇച്ഛാശക്തിയോടെ ഇടപെടേണ്ടതായിട്ടുണ്ട്.
ലോക്സഭയിൽ 15 % വും സംസ്ഥാന നിയമസഭകളിൽ കേരളമടക്കം 9 % വും മാത്രമാണ് 50 ശതമാനത്തിൽ വരുന്ന സ്ത്രീകൾക്ക് പങ്കാളിത്തം ഉള്ളത് എന്നത് ലോക വനിതാ ദിനത്തിൽ ഒരു നൊമ്പരമായി അവശേഷിക്കുകയാണ്.
ഇന്ത്യയുടെ രാഷ്ട്രപതിയായി രണ്ടു വനിതകൾ ഉണ്ടായതും പ്രധാനമന്ത്രിയായി ഒരു വനിത രാജ്യം ഭരിച്ചതും, 15 സംസ്ഥാനങ്ങളിൽ വനിതാ മുഖ്യമന്ത്രിമാർ ഉണ്ടായതും രാജ്യത്തിന് അഭിമാനിക്കാൻ കഴിയുന്ന നേട്ടം ആണെങ്കിലും കൂടുതൽ സ്ത്രീകളെ ജനാധിപത്യ പ്രക്രിയയിലേക്ക് കൊണ്ടുവന്നാൽ മാത്രമേ അർത്ഥപൂർണ്ണമായ ജനാധിപത്യ സംവിധാനം സമ്പുഷ്ടമാവുകയുള്ളൂ.
നമ്മുടെ പരമോന്നത സുപ്രീംകോടതിയിൽ നാളിതുവരെ ഒരു വനിതാ ചീഫ് ജസ്റ്റിസ് ഉണ്ടായിട്ടില്ല എന്ന പേരുദോഷം മാറ്റാൻ 2027 ൽ ജസ്റ്റിസ് ബീവി നാഗരത്നാ ആദ്യത്തെ സുപ്രീംകോടതി വനിതാ ചീഫ് ജസ്റ്റിസ് ആകുന്ന കാലം വരാനിരിക്കുമ്പോൾ വനിതകൾക്ക് മത്സരിക്കുന്നതിന് ക്വാ ട്ട നിശ്ചയിക്കുന്ന പ്രക്രിയ അനന്തമായി നീട്ടിവെക്കുന്നത് ഒഴിവാക്കാവുന്നതാണ് നല്ലത്.
കൂടാതെ പാർലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയിൽ 13% നിലവിൽ അംഗങ്ങൾ ആയിട്ടുള്ളത് എന്നതും ഇതോടൊപ്പം ചേർത്ത് വായിക്കാവുന്നതാണ്. രാജ്യത്ത് ഒരു നിയമസഭയിലും സ്ത്രീകൾക്ക് 20% പ്രാതിനിധ്യമില്ലാതെ 2024ലെ വനിതാദിനം ആഘോഷിക്കുമ്പോൾ നാണക്കേടാണ് ഉണ്ടാക്കുന്നത്.
ഛത്തീസ്ഗഡിൽ 18 % വും രാജസ്ഥാൻ, പശ്ചിമബംഗാൾ നിയമസഭയിൽ 14 % വും ത്രിപുര ഉത്തരക്കാണ്ട് സംസ്ഥാനങ്ങളിൽ 13% വും, യുപി,ജാർഖണ്ഡ്, ഒഡീഷ ,ബീഹാർ എന്നീ സംസ്ഥാനങ്ങളിൽ 12% വും പഞ്ചാബിൽ 11% വും ആണ് സ്ത്രീ പങ്കാളിത്തം.മിസോറാമിൽ 2024 ഇലക്ഷന് മുമ്പേയുള്ള നിയമസഭയിൽ വനിതകളായി നിയമസഭയിൽ ആരും ഉണ്ടായിരുന്നില്ല എന്നത് എടുത്തു പറയേണ്ടതാണ്.
ഈയടുത്തായി അഞ്ചു സംസ്ഥാനങ്ങളിൽ നിന്ന് ജയിച്ചു വന്ന ആകെയുള്ള 679 എംഎൽഎമാരിൽ 79 എണ്ണം മാത്രമാണ് വനിതകൾ എന്നത് വനിതകൾ ഇനിയും ജനാധിപത്യ പ്രക്രിയയിൽ സമ്പൂർണ്ണമായി കടന്നുവരുന്നത് പല ഘടകങ്ങൾ കൊണ്ടും വിഘാതം സൃഷ്ടിക്കുന്നു എന്ന് മനസ്സിലാക്കാൻ കഴിയും.
മധ്യപ്രദേശിൽ 230 അംഗ നിയമസഭയിൽ 27 വനിതകളാണ് ഉള്ളത്, രാജസ്ഥാനിൽ 200 പേരിൽ 20 വനിതാ എംഎൽഎമാരായിരുന്നുവെങ്കിൽ മുമ്പ് അത് 24 പേര് ഉണ്ടായിരുന്നു. തെലുങ്കാനയിൽ 119 അംഗങ്ങളിൽ 10 പേരാണ് വനിതകൾ ആയിട്ടുള്ളത്. ഛത്തിസ്ഗണ്ട് നിയമസഭയിൽ 90 അംഗങ്ങളിൽ 19 പേർ സ്ത്രീകൾ ആണ്.
മിസോറാമിൽ നാളിതുവരെ ഒരു വനിത എംഎൽഎ ഉണ്ടാവാത്ത പേരുദോഷം മാറ്റി നിലവിൽ മൂന്ന് വനിതകൾ മിസോറാം നിയമസഭയിൽ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് 5 സംസ്ഥാനങ്ങളിലും ആകെ മത്സരരംഗത്ത് ഉണ്ടായിരുന്നവരിൽ 10% സ്ത്രീകളായിരുന്നു എന്നതും ഈ സമയത്ത് ഓർക്കാവുന്നതാണ്.
രാജ്യത്തെ വനിതാ എംപിമാരിൽ 14% ബിജെപിയും കോൺഗ്രസും പങ്കിടുക്കുമ്പോൾ ബിജെഡി 42% തൃണമൂൽ കോൺഗ്രസും 39% എംപിമാരെ പങ്കിടുന്നു.
ലോകത്തെ 141 രാജ്യങ്ങളിലെ പ്രാദേശിക സർക്കാറുകളിൽ 35.5 % സ്ത്രീകൾക്ക് ഭരണ പ്രക്രിയയിൽ പങ്കാളിത്തം ഉണ്ട് എന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത് പ്രത്യാശയോടെയാണ് കാണുന്നത് എങ്കിലും കേരളത്തിലെ പ്രാദേശിക സർക്കാറുകളിൽ ഏതാണ്ട് 52% നിലവിൽ സ്ത്രീകളാണ് ഭരണരംഗത്ത് ഉള്ളത് എന്നത് കേരളം ജനാധിപത്യ പ്രക്രിയയിൽ എത്ര ഉയർന്ന നിലയിലാണ് സ്ത്രീകൾക്ക് പങ്കാളിത്തം നൽകിയത് എന്ന് നമുക്ക് കാണാൻ കഴിയും.
ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമൂ,ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി, ബംഗ്ലാദേശിലെ പ്രധാനമന്ത്രി ഷെയ്ക്ക് ഹ സീന,ഡെന്മാർക്കിലെ പ്രധാനമന്ത്രി മെൽട്ടെ ഫ്രഡ്രിസ്കാൻ, ലൂത്വാനാ പ്രധാനമന്ത്രി ഇന്‍ട്രീഡാ സിമൊനൈറ്റ്, സെർബിയയിലെ പ്രധാനമന്ത്രി അന്ന ബ്രാൻബിക്ക്, എസ്തോണിയ പ്രധാനമന്ത്രി കാജാ കല്ലാസ്, ഐസ്ലാൻഡിലെ പ്രധാനമന്ത്രി കാഫ്രിൻ ജാക്ക് ഓബ്സോഡിറ്റർ, ബാർബോസിലെ പ്രധാനമന്ത്രി ഫ്ളൈയിം നാവോമി, എന്നിവർ സ്ത്രീകൾക്ക് അഭിമാനമായി വിവിധ രാജ്യങ്ങളിൽ താക്കോൽ സ്ഥാനങ്ങളിൽ ഇരിക്കുന്നുവെന്നത് വനിതാ ദിനത്തിലെ നല്ല കാഴ്ചയാണ്.
ലോകത്ത് ഏറ്റവും വലിയ അധികാരസ്ഥാനമായ അമേരിക്കൻ പ്രസിഡണ്ട് പദവിയിൽ നാളിതുവരെ ഒരു വനിതയും എത്തിയിട്ടില്ല എന്നത് ഒരു നൊമ്പരമാണ്.
ലോകത്തിന്റെ പോക്ക് ഇങ്ങനെയാണെങ്കിൽ നിലവിലുള്ള ലിംഗ വിടവ് അവസാനിപ്പിക്കുന്നതിന് 132 മുതൽ 136 വർഷം വരെ വേണ്ടിവരും എന്ന റിപ്പോർട്ടിലെ ചൂണ്ടിക്കാണിക്കൽ അധികാര സ്ഥാനങ്ങളിലേക്കും ജനാധിപത്യ പ്രക്രിയയിലേക്കും വനിതകളുടെ നിർബന്ധിത മുന്നേറ്റം അനിവാര്യമാണെന്ന് ചൂണ്ടിക്കാണിക്കുന്നു
ടി ഷാഹുൽ ഹമീദ് 9895043496
Article by ടി ഷാഹുൽ ഹമീദ്
*
#Women'sDay2024; #some #global #concerns: #March8