ദില്ലി: (truevisionnews.com) ഏകദിന ലോകകപ്പിനിടെ കണങ്കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് ലണ്ടനില്‍ ശസ്ത്രക്രിയക്ക് വിധേയനായിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി.
ഷമി പൂര്‍ണ ആരോഗ്യം വീണ്ടെടുക്കട്ടെയെന്ന് ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. എക്‌സ് പോസ്റ്റിലൂടെയാണ് പ്രധാനമന്ത്രി മുഹമ്മദ് ഷമി എത്രയും വേഗം കളിക്കളത്തില്‍ തിരിച്ചെത്തട്ടെയെന്ന് ആശംസിച്ചത്.
മോദി കുറിച്ചിട്ടതിങ്ങനെയായിരുന്നു... ''താങ്കള്‍ ആരോഗ്യവാനായി എത്രയും പെട്ടെന്ന് തിരിച്ചുവരാന്‍ ആശംസിക്കുന്നു, എനിക്കുറപ്പുണ്ട്, നിന്നിലുള്ള ധൈര്യം കൊണ്ട് ഈ പരിക്കിനെയും മറികടന്ന് നീ തിരിച്ചുവരുമെന്ന്.'' എന്നായിരുന്നു പ്രധാനമന്ത്രിയുടെ എക്‌സ് പോസ്റ്റ്.
ഏകദിന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളറായ ഷമി പരിക്കിന്റെ വേദനക്ക് ഇഞ്ചക്ഷന്‍ എടുത്താണ് ലോകകപ്പ് മത്സരങ്ങളില്‍ കളിച്ചത്. ഇപ്പോള്‍ മോദിയുടെ കുറിപ്പിന് മറുപടി പറയുകയാണ് ഷമി. ഇന്ത്യന്‍ പേസറുടെ കുറിപ്പ് ഇങ്ങനെ... ''വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസകള്‍ അത്ഭുതമാണുണ്ടാക്കിയത്.
അദ്ദേഹത്തിന്റെ ദയയും ചിന്താശേഷിയും എന്നെ സംബന്ധിച്ചിടത്തോളം ഏറെ അര്‍ത്ഥവത്താണ്. ഈ സമയത്ത് നിങ്ങളുടെ ആശംസകള്‍ക്കും പിന്തുണയ്ക്കും വളരെ നന്ദി. എന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടി ഞാന്‍ കഠിനാധ്വാനം ചെയ്യുന്നത് തുടരും.
താങ്കളുടെ സ്‌നേഹാന്വേഷണത്തിനും പിന്തുണയ്ക്കും നന്ദി.'' ഷമി കുറിച്ചിട്ടു. ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് തോറ്റശേഷം അപ്രതീക്ഷിതമായി ഇന്ത്യന്‍ ഡ്രസ്സിംഗ് റൂം സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ താരങ്ങളെ ആശ്വസിപ്പിച്ചതിനൊപ്പം മുഹമ്മദ് ഷമിയെ ചേര്‍ത്ത് പിടിച്ചിരുന്നു.
ലോകകപ്പിലെ ആദ്യ നാലു മത്സരങ്ങളിലും പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ലഭിക്കാതിരുന്ന ഷമി ഹാര്‍ദ്ദിക് പാണ്ഡ്യക്ക് പരിക്കേറ്റതോടെയാണ് പ്ലേയിംഗ് ഇലവനിലെത്തിയത്.
പിന്നീട് കളിച്ച ഏഴ് മത്സരങ്ങളില്‍ രണ്ട് അഞ്ച് വിക്കറ്റ് നേട്ടമുള്‍പ്പെടെയാണ് ഷമി 24 വിക്കറ്റുമായി ലോകകപ്പിലെ വിക്കറ്റ് വേട്ടയില്‍ ഒന്നാമത് എത്തിയത്.
#Your #words #amazing; #MohammadShami #thanks #PrimeMinister