ഹൈദരാബാദ്: (truevisionnews.com) സന്തോഷ് ട്രോഫി ഫുടബോളിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ സമനില വഴങ്ങി കേരളം.
89ാം മിനിറ്റിൽ നിജോ ഗിൽബർട്ടിലൂടെ പിറന്ന ഗോൾ തമിഴ്നാടിൻറെ വിജയ മോഹം തകർത്തു.
തമിഴ്നാടിനായി ക്യാപ്റ്റൻ റൊമാരിയോ ജസുരാജാണ് ഗോൾ കണ്ടെത്തിയത്.
ആറു മാറ്റങ്ങളുമായാണ് കേരള ടീം ഇറങ്ങിയത്.ഗ്രൂപ്പ് ചാമ്പ്യന്മാരായി നേരത്തെ ക്വാർട്ടർ ഉറപ്പിച്ച
കേരളത്തിന് മത്സര ഫലം നിർണായകമല്ലാതിരുന്നതിനാൽ, കഴിഞ്ഞ കളിയിൽനിന്ന് പ്രധാന താരങ്ങളെ മാറ്റിനിർത്തിയിരുന്നു.
മിഡ്ഫീൽഡർ സൽമാൻ കള്ളിയത്തിനും ഗോൾകീപ്പർ മുഹമ്മദ് അസ്ഹറിനും ആദ്യമായി അവസരം നൽകി. മുഹമ്മദ് അസ്ലം, മുഹമ്മദ് റോഷൽ, ഇ. സജീഷ്, ആദിൽ അമൽ, എന്നിവരും ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചു.
ഗോൾകീപ്പർ ഹജ്മൽ, നിജോ ഗിൽബർട്ട്, നസീബ് റഹ്മാൻ, മുഹമ്മദ് റിയാസ്, മനോജ്, മുഹമ്മദ് അർഷഫ് എന്നിവരെ പകരക്കാരുടെ ബെഞ്ചിലിരുത്തി.
ജയം അനിവാര്യമായ തമിഴ്നാട് ആക്രമണ സ്വഭാവത്തോടു കൂടിയുള്ള മത്സരമാണ് പുറത്തെടുത്തത്. കളി തുടങ്ങി അഞ്ചു മിനിറ്റിനകം രണ്ടു തവണ കേരള ഗോൾമുഖം വിറച്ചു.
രണ്ടാം മിനിറ്റിൽ വലതുകോർണറിൽനിന്ന് ക്യാപ്റ്റൻ റൊമാരിയോ ജസുരാജ് നൽകിയ പന്തിൽ ശ്രീറാം ഭൂപതിയുടെ ഹെഡറും നാലാം മിനിറ്റിൽ ഇടതു ബോക്സിന് പുറത്തുനിന്ന് ദീപക് ഭക്തന്‍റെ ക്രോസും ഗോൾഭീഷണിയുയർത്തി.
വലതു വിങ്ങിലൂടെയായിരുന്നു തമിഴ്നാടിന്‍റെ കൂടുതൽ ആക്രമണവും. വിങ്ങർ റീഗൻ, മുന്നേറ്റ താരം ദേവദത്ത് എന്നിവർ ചേർന്ന് നടത്തിയ നീക്കം പലപ്പോഴും കേരള ബോക്സിൽ അപകടം വിതച്ചു. ഇതിനിടെ ദേവദത്ത് പരിക്കേറ്റ് മടങ്ങി.
തമിഴ്നാടിന്‍റെ ശ്രമങ്ങൾക്ക് 24ാം മിനിറ്റിൽ ഫലം കണ്ടു. സ്വന്തം ഹാഫിൽനിന്ന് പ്രതിരോധ താരം ഹെൻട്രി ജോസഫ് റൊമാരിയോ ജസുരാജിന് നീട്ടി നൽകിയ പന്ത് ക്ലിയർ ചെയ്യുന്നതിൽ മുഹമ്മദ് അസ്ലമിന് പിഴച്ചു.
ഇടതുവിങ്ങിൽ പന്ത് കൈക്കലാക്കിയ റൊമാരിയോ ബോക്സിലേക്ക് കടന്ന് കേരളത്തിന്‍റെ മൂന്ന് പ്രതിരോധ താരങ്ങളെ മറികടന്ന് നിറയൊഴിച്ചു.
45ാം മിനിറ്റിൽ മുഹമ്മദ് മുഷറഫിന്‍റെ ഇടങ്കാലൻ ലോങ് റേഞ്ചർ പാളിയതിന് പിന്നാലെ മുന്നേറ്റതാരം സതീഷിനും ഒരവസരം ലഭിച്ചു.
മുന്നോട്ടു കയറിവന്ന ഗോളിയെ മറികടന്ന് പന്ത് പെനാൽറ്റി ബോക്സിലേക്ക് നീങ്ങിയെങ്കിലും സതീഷിന് ഫൈനൽ ടച്ചിനായില്ല.
രണ്ടാം പകുതിയുടെ തുടക്കത്തിൽ കേരളം ഒന്നു രണ്ടു ഗോൾശ്രമം നടത്തി. 55ാം മിനിറ്റിൽ ലഭിച്ച കോർണർ കിക്കിൽ മുഹമ്മദ് അസ്ലമിന്‍റെ ഫ്രീ ഹെഡറിന് ക്രോസ് ബാർ വിനയായി. 64 ാം മിനിറ്റിൽ കേരളം നിർണായകമായ രണ്ടു മാറ്റം വരുത്തി.
സജീഷ്, റോഷൽ എന്നിവരെ പിൻവലിച്ച് നിജോ ഗിബർട്ട്, നസീബ് റഹ്മാൻ എന്നിവരെ കളത്തിലിറക്കി. പിന്നാലെ നിജോയുടെ ഒരു ഗോൾ ശ്രമം. സമനില ഗോൾ ലക്ഷ്യമിട്ട് 72ാം മിനിറ്റിൽ സൽമാന് പകരം അർജുനും മുഷറഫിന് പകരം റിയാസും ഇറങ്ങി. നാലുമാറ്റത്തോടെ കളിയുടെ ഗതി മാറി. നിജോ ഗിൽബർട്ടിലൂടെ വലതുവിങ് കേന്ദ്രീകരിച്ച് നിരവധി അവസരങ്ങൾ തുറന്നെടുത്തു.
89ാം മിനിറ്റിൽ സമനില ഗോൾ പിറന്നു. പിൻനിരയിൽനിന്ന് ക്യാപ്റ്റൻ സഞ്ജു നൽകിയ ലോങ് ബാൾ പിടിച്ചെടുത്ത് നിജോ ഗിൽബർട്ട് വലതു ബോക്സിന് പുറത്തുനിന്ന് തൊടുത്ത ഷോട്ട് തമിഴ്നാടിന്‍റെ വിജയമോഹം തകർത്തു. ഇൻജുറി ടൈമിൽ ഷിജിന്‍റെ ഹെഡർ എതിർ ഗോളി ക്ലാസ് സേവിലൂടെ രക്ഷപ്പെടുത്തുകയും ചെയ്തു.
#TamilNadus #desire #win #crushed #Kerala #draw #SantoshTrophy