ഹൈദരാബാദ്: ( www.truevisionnews.com ) വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് തോൽവിയോടെ തുടക്കം. 62 റൺസിനാണ് ബറോഡ കേരളത്തെ തോല്പിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ബറോഡ 50 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 403 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം നാല്‍പ്പത്തിയാറാം ഓവറിൽ 341 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു.
ടോസ് നേടി ബറോഡയെ ബാറ്റിങ്ങിനയച്ച കേരളത്തിൻ്റെ തീരുമാനം പിഴച്ചു. 10 റൺസെടുത്ത ശാശ്വത് റാവത്തിൻ്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും തുടർന്നെത്തിയ ബറോഡ ബാറ്റർമാരെല്ലാവരും മികച്ച പ്രകടനം കാഴ്ച വച്ചു.
രണ്ടാം വിക്കറ്റിൽ എൻ എ രഥ്വയും പി എസ് കോഹ്ലിയും ചേർന്ന് തകർത്തടിച്ച് മുന്നേറി. രഥ്വ 99 പന്തിൽ നിന്ന് 136 റൺസെടുത്തപ്പോൾ പി എസ് കോഹ്ലി 72 റൺസെടുത്തു.
തുടർന്നെത്തിയ ക്യാപ്റ്റൻ കൃണാൾ പാണ്ഡെയുടെയും വിഷ്ണു സോളങ്കിയുടെയും ഭാനു പനിയയുടെയും വെടിക്കെട്ട് ബാറ്റിങ്ങാണ് ബറോഡയുടെ സ്കോർ 400 കടത്തിയത്.
കൃണാൾ പാണ്ഡ്യ 54 പന്തിൽ നിന്ന് 80റൺസുമായും ഭാനു പനിയ 15 പന്തിൽനിന്ന് 37 റൺസുമായും പുറത്താകാതെ നിന്നു. വിഷ്ണു സോളങ്കി 25 പന്തിൽ നിന്ന് 46 റൺസെടുത്തു.
കേരളത്തിന് വേണ്ടി ഷറഫുദ്ദീൻ രണ്ടും ഏദൻ ആപ്പിൾ ടോം, ബേസിൽ തമ്പി എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് രോഹൻ കുന്നുമ്മലും അരങ്ങേറ്റ മത്സരം കളിക്കുന്ന അഹ്മദ് ഇമ്രാനും മികച്ച തുടക്കം തന്നെ നല്കി.
രോഹൻ കുന്നുമ്മൽ 65ഉം അഹ്മദ് ഇമ്രാൻ 51ഉം റൺസെടുത്തു. വിജയ് ഹസാരെ
ഇരുവരും ചേർന്ന് ഓപ്പണിങ് കൂട്ടുകെട്ടിൽ 113 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ തുടർന്നെത്തിയവരിൽ മൊഹമ്മദ് അസറുദ്ദീന് മാത്രമാണ് മികച്ച പ്രകടനം കാഴ്ച വയ്ക്കാനായത്. അസറുദ്ദീൻ 58 പന്തിൽ 104 റൺസെടുത്തു.
എട്ട് ഫോറും ഏഴ് സിക്സും അടങ്ങുന്നതായിരുന്നു അസറുദ്ദീൻ്റെ ഇന്നിങ്സ്. ഷോൺ റോജർ 27ഉം ഷറഫുദ്ദീൻ 21ഉം റൺസെടുത്തു.
ബറോഡയ്ക്ക് വേണ്ടി രാജ് ലിമ്പാനി, എ എം സിങ്, എൻ എ രഥ്വ, കൃണാൽ പാണ്ഡ്യ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി
#Kerala #lost #VijayHazareTrophy