മുംബൈ: (truevisionnews.com) പരിക്കുണ്ടെന്ന കാരണം പറഞ്ഞ് രഞ്ജി ട്രോഫിയില്‍ നിന്ന് പിന്മാറിയ മുംബൈ ക്രിക്കറ്റ് താരം ശ്രേയസ് അയ്യറുടെ നടപടി വിവാദത്തില്‍.
ശ്രേയസിന് പരിക്കുണ്ടായിരുന്നില്ലെന്നും ഫിറ്റ്‌നെസ് പൂര്‍ണമായി വീണ്ടെടുത്തിരുന്നെന്നും കാണിച്ച് എന്‍സിഎ റിപ്പോര്‍ട്ട് നല്‍കി. പുറംവേദന തുടരുന്നതിനാല്‍ നാളെ തുടങ്ങുന്ന രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍ കളിക്കാനാകില്ലെന്നാണ് ശ്രേയസ് മുംബൈ സെലക്ടര്‍മാരെ അറിയിച്ചത്.
എന്നാല്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന് പിന്നാലെ ശ്രേയസ് ഫിറ്റ്‌നസ് ടെസ്റ്റില്‍ വിജയിച്ചിരുന്നുവെന്നാണ് എന്‍സിഎ വെളിപ്പെടുത്തല്‍. ഐപിഎല്‍ അടുത്തിരിക്കെ പരിക്കേല്‍ക്കുന്ന സാഹചര്യം തടയാനാണ് ശ്രേയസ് രഞ്ജി ട്രോഫിയില്‍ നിന്ന് പിന്മാറിയതെന്നാണ് സൂചന.
ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാതെ ഐപിഎല്‍ തയ്യാറെടുപ്പിലുള്ള ഇഷാന്‍ കിഷനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് പരിഗണിക്കാത്തത് ചര്‍ച്ചയായിരിക്കെയാണ് ശ്രേയസ് കുരുക്കിലാകുന്നത്.
കിഷനേക്കാള്‍ സീനിയര്‍ താരമാണെങ്കിലും കള്ളം പറഞ്ഞെന്ന് ബോധ്യപ്പെട്ടാല്‍ ശ്രേയസിനെതിരെ നടപടിക്ക് സാധ്യതയുണ്ട്. ഫോം കണ്ടെത്താതിനെ തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ശ്രേയസിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളില്‍ 35, 13, 27, 29 എന്നിങ്ങനെയായിരുന്നു മധ്യനിര ബാറ്ററായ ശ്രേയസ് അയ്യരുടെ സ്‌കോറുകള്‍. പരമ്പരയിലെ അവശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ക്കുള്ള ടീമില്‍ ശ്രേയസിനെ ഉള്‍പ്പെടുത്തിയില്ല.
ഇന്ത്യന്‍ സീനിയര്‍ ടീമിലെയും എ ടീമിലെയും താരങ്ങള്‍ ദേശീയ ഡ്യൂട്ടിയിലോ പരിക്കിലോ അല്ലെങ്കില്‍ നിര്‍ബന്ധമായും ആഭ്യന്തര ക്രിക്കറ്റ് കളിച്ചിരിക്കണം എന്ന നിര്‍ദേശം ബിസിസിഐ സെക്രട്ടറി ജയ് ഷാ മുഴുവന്‍ താരങ്ങള്‍ക്കും അടുത്തിടെ നല്‍കിയിരുന്നു.
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ നാട്ടിലേക്ക് മടങ്ങിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ ഇന്ത്യന്‍ ടീമിനൊപ്പം പിന്നീട് ചേരാത്തതിലും ജാര്‍ഖണ്ഡിനായി രഞ്ജി ട്രോഫി കളിക്കാത്തതിലും ബിസിസിഐയ്ക്ക് ശക്തമായ എതിര്‍പ്പുള്ള പശ്ചാത്തലത്തിലായിരുന്നു ജയ് ഷായുടെ കത്ത്.
#withdraws #from #RanjiTrophy #citing #injury;#ShreyasIyer's #action #controversy