#anti-Aithamovement| ഓർമ്മകൾ മരിച്ചേക്കാം , അനുഭവമോ ? കോഴിക്കോട് പേരാമ്പ്രയ്ക്കടുത്തെ അയിത്തവിരുദ്ധ സമരത്തിന്റെ നേരനുഭവങ്ങൾ

#anti-Aithamovement| ഓർമ്മകൾ മരിച്ചേക്കാം , അനുഭവമോ ? കോഴിക്കോട് പേരാമ്പ്രയ്ക്കടുത്തെ അയിത്തവിരുദ്ധ സമരത്തിന്റെ നേരനുഭവങ്ങൾ
Jan 18, 2024 01:48 PM | By Kavya N

ഓർമ്മകൾ മരിക്കുമോ ... അറിയില്ല. കവിവചനത്തിലെ ആശങ്കയിൽ നമുക്കും പങ്കുചേരാം. ഒപ്പം ഒരു ചോദ്യം - ഓർമ്മകൾക്ക് ജനനമുണ്ടോ ... ഉണ്ടല്ലോ , മറക്കാനാവാത്ത ആദ്യാനുഭവം. അങ്ങനെ പിറകിലേക്കൊന്ന് ചികഞ്ഞുനോക്കിയതാ ... അപ്പോഴാണ് കൂനിയോട് ശ്രീഭഗവതി അമ്പലത്തിലെ പൊരിഞ്ഞ തല്ലിന്റെ ദൃശ്യം മനസ്സിൽ തെളിഞ്ഞത്. അത് ഞങ്ങളുടെ പ്രാദേശിക ചരിത്രത്തിലെ അയിത്തവിരുദ്ധ സമരമായിരുന്നു. എന്നാൽ, അതിന്റെ പ്രസക്തിയും പശ്ചാത്തലവും തിരിച്ചറിഞ്ഞത് പിന്നീടാണെന്നുമാത്രം.

കോഴിക്കോട് പേരാമ്പ്രയിൽ കൂനിയോട്ടെ കീർത്തികേട്ട ആറാട്ടുദിവസം . മുറിയൻ ട്രൗസറിട്ട് നടക്കുന്ന പ്രൈമറി പഠനകാലമാണ്. 1960 -കളുടെ ആദ്യപാതിയിൽ ആവണം. വർഷം കൃത്യമായി പറയാനാവില്ല. (നാട്ടിലാണെങ്കിൽ പ്രായംചെന്ന വല്ലവരെയും ആശ്രയിക്കാമായിരുന്നു ). രക്തംചീറ്റിയ അടിപിടി കണ്ട് പേടിച്ചരണ്ടുപോയ കൂട്ടുകാർക്കൊപ്പം ഓടി രക്ഷപ്പെട്ടതിന്റെ കിതപ്പ് ഇന്നുമുണ്ട് മനസ്സിൽ . അയലത്തെ പാണക്കാട്ട് പറമ്പിൽ വേവലാതിപ്പെട്ട് കരഞ്ഞുനിൽക്കുന്ന അമ്മയെ കണ്ടെത്തി കെട്ടിപ്പിടിച്ചപ്പോഴേ ശ്വാസം നേരെയായിരുന്നുള്ളൂ.

അന്നത്തെ ആ സന്ധ്യാനേരത്തെ ആക്രോശങ്ങളും നിലവിളികളും ഉള്ളിന്റെ ഉള്ളിൽ ഇന്നും ഏതോ കോണിലുണ്ട് . . ക്ഷേത്രത്തിന്റെ തെക്കേ നടയിലേക്ക് ആർപ്പുവിളിയുമായി കയറുന്ന ഇളന്നീർക്കുല വരവിനെ തടയലും ഏറ്റുമുട്ടലും പെട്ടെന്നായിരുന്നു. തിയ്യർ മുതലുള്ള പിന്നാക്ക ജാതിക്കാർക്ക് ചെല്ലാൻ പാടില്ലാത്ത തിരുമുറ്റത്തേക്ക് വരവിലുള്ള ഭക്തർ ഇരച്ചുകയറിയതാണ് സംഘട്ടനത്തിൽ കലാശിച്ചത്. അതിനെ നേരിടാനാവട്ടെ, അക്കൂട്ടത്തിൽ ഒരു വിഭാഗത്തെയുംകൂടി അടർത്തിയെടുത്ത് ക്ഷേത്രഭാരവാഹികൾ കൂടെനിർത്തിയിരുന്നുതാനും. എന്നാൽ, ജാതിഭേദമില്ലാതെ എല്ലാ വിശ്വാസികൾക്കും അമ്പലപ്രവേശം നൽകണമെന്ന അഭിപ്രായത്തിന് നല്ല പൊതുസ്വീകാര്യത അതിനകം ഉണ്ടാക്കിക്കഴിഞ്ഞിരുന്നു.

പാർട്ടിപ്രവർത്തകർ വീടുകൾതോറും കയറിയിറങ്ങിത്തന്നെയാണ് ഈ പ്രചാരണം നടത്തിയത്. മേൽപ്പറഞ്ഞ നായർ കുടുംബങ്ങളിലടക്കം പെട്ട ഏതാനുംപേർ സമരത്തെ പരോക്ഷമായെങ്കിലും അനുകൂലിക്കുന്ന നിലയുമുണ്ടായി. ചേരിതിരിഞ്ഞുള്ള സംഘട്ടനത്തിൽ അടിയും ഏറും കൊണ്ട് ഒട്ടേറെ പേർക്ക് സാരമായി പരിക്കേറ്റിരുന്നു. ഇളന്നീർകാവിന്റെ അലകും കുലയുമൊക്കെ ഉപയോഗിച്ചായിരുന്നു തല്ല്. തേങ്ങയും കരിക്കുംകൊണ്ട് ഏറും. മാരകായുധങ്ങൾ ഇല്ലായിരുന്നു. അതിനാൽ വലിയ കുഴപ്പമായി മാറിയതുമില്ല. ഏതായാലും ആ സംഭവത്തെ തുടർന്നാണ് കുനിയോട് "മുത്താച്ചിഅമ്മ " ക്ഷേത്ര കടവിലേക്കും തിരുമുമ്പിലേക്കും ജാതിശ്രേണിയിലെ താഴെത്തട്ടുകാർക്ക് പ്രവേശനം സാധ്യമായത്.

ആ ഇളന്നീർകുല വരവിൽ എന്റെ അച്ഛനും ബന്ധുക്കളും പങ്കെടുത്തിരുന്നു. ഉൽസവപ്പിറ്റേന്നു മുതൽ നിത്യേന കാലത്ത് അമ്പലക്കടവിൽ കുളിച്ച് ശ്രീകോവിലിന് മുമ്പിൽ തൊഴാൻ പോയ സംഘത്തിലും അച്ഛൻ അംഗമായിരുന്നു. നായർ സമുദായത്തിലെ ഒരു പ്രത്യേക വിഭാഗമാണ് ക്ഷേത്രകാര്യങ്ങൾ നോക്കി നടത്തിയിരുന്നത്. തെക്കേ നടയിൽനിന്ന് തെല്ലകലെ പുറത്ത് കെട്ടിഉയർത്തുന്ന പന്തൽവരെയേ കീഴ്ജാതിക്കാരെ കടക്കാൻ സമ്മതിച്ചിരുന്നുള്ളൂ. ഇളന്നീർകുലകൾ വെപ്പും അവിടെത്തന്നെ. തങ്ങൾ പറിച്ച് ആഘോഷവരവായി കൊണ്ടുവരുന്ന ഇളന്നീർ ഭഗവതിക്ക് നേദിക്കാമെങ്കിൽ, വെളിച്ചപ്പാടുമാർക്ക് കുടിക്കാമെങ്കിൽ എന്തിനാണ് പിന്നെ അയിത്തം എന്ന ചോദ്യമാണ് അന്ന് പിന്നാക്ക സമുദായക്കാർ ഉന്നയിച്ചത്.

അവരെ അതിന് പ്രേരിപ്പിച്ചതും സമരസജ്ജരാക്കിയതും കമ്യൂണിസ്റ്റ് പാർട്ടിയായിരുന്നു. പാലേരിയിൽ ചെറിയൊരു ക്ഷേത്രംകൂടിയുള്ള തിയ്യത്തറവാടായ ചരിത്രംകണ്ടിയിൽനിന്നാണ് കൂനിയോട് പിടിക്കലേക്കുള്ള പ്രത്യേക ഇളന്നീർക്കുല വരവ് പുറപ്പെട്ടത്. അന്നുൾപ്പെടെ പാരമ്പര്യ വരവുകാരാകട്ടെ , തെക്കേനടയിൽ നിശ്ചിത അകലത്തിൽ ഇളന്നീർകുലകൾ വെച്ച് മടങ്ങുകയായിരുന്നു. ആറാട്ടിനോട് അനുബന്ധിച്ചുള്ള പൂരക്കളി നടക്കുന്ന തൊടുവയിൽ എന്ന പറമ്പിലുമുണ്ടായിരുന്നു പിന്നാക്ക- പട്ടിക ജാതികളിൽ പെട്ടവർക്ക് വിലക്ക്. ജാതിശ്രേണിയിലെ താഴേത്തട്ടിലുള്ള ഓരോ വിഭാഗത്തിനും ചെല്ലാവുന്ന ഇടം ഇത്ര വാര അകലെവരെ എന്ന് നിശ്ചയിച്ച് നടപ്പാക്കിയിരുന്നു. സംസ്കൃതവും മലയാളവും ഇടകലർന്ന പുരാണപ്പാട്ടുകളോടെയാണ് കളി.

ഇതിന്റെ വരികൾ കുറിച്ചെടുക്കാനോ ടേപ്പ് റെക്കോഡ് ചെയ്യാനോ ആരെയും അനുവദിക്കില്ലായിരുന്നു. കൂനിയോട്ടെ ഏഴോണക്കളിയുമായി ബന്ധപ്പെട്ട മറ്റൊരനുഭവം കൂടി ഇതോടൊപ്പം അനുസ്മരിക്കാം. ഏഴാമത്തെ ഓണനാളിലാണ് ആചാരപരമായ ഈ കളി. തൃശൂരിലെ പുലിക്കളിപോലുള്ള ഒരു ചടങ്ങാണ്. ക്ഷയിച്ചുപോയ പണ്ടത്തെ അങ്ങാടിയിലെ ആൽത്തറയ്ക്കു സമീപത്താണ് കളി അരങ്ങേറുക. ഉൽസവനാളിൽ അമ്പലത്തിലേക്ക് എഴുന്നെള്ളത്ത് പുറപ്പെടുന്ന സ്ഥലമാണിത്. കാട്ടിൽ പ്രാർത്ഥനാഗ്രന്ഥവുമായി പതുങ്ങിനടക്കുന്ന ഉണ്ണി നമ്പൂതിരിയെ നരി ആക്രമിക്കാൻ മുതിരുന്നതും കാട്ടാളന്മാർ വന്ന് രക്ഷിക്കുന്നതു മാണ് വേഷംകെട്ടി അവതരിപ്പിക്കുക. കൂടുതൽ ഇതിവൃത്തമൊന്നും പഴമക്കാർക്കുപോലും അറിയില്ല.

മറ്റു പ്രദേശങ്ങളിലൊന്നും ഇത്തരമൊരു ഓണക്കളി ഇല്ല. ഇതു സംബന്ധിച്ച ഒരു ഫീച്ചർ 1980കളിൽ ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ ചേർക്കാൻ ഫോട്ടോ എടുക്കുന്നതിന് ഞാൻ അനുമതി ചോദിച്ചിട്ട് ബന്ധപ്പെട്ടവർ സമ്മതിച്ചിരുന്നില്ല. പിന്നീട് ഏഷ്യാനെറ്റിന്റെ തുടക്കത്തിൽ കെ ജയചന്ദ്രൻ ദൃശ്യസഹിതം ഈ കളി റിപ്പോർട്ട് ചെയ്തിരുന്നു. ജാതീയമായ വിവേചനം ഏറിയോ കുറഞ്ഞോ പേരാമ്പ്രയിലും പരിസരങ്ങളിലും ഏതാണ്ട് 1970 വരെ നിലനിന്നിരുന്നു. മേൽജാതിക്കാരുടെ കിണറിൽനിന്ന് വെള്ളം കോരുന്നതിലെ തടസ്സംതൊട്ട് പല വകഭേദങ്ങളായി. കുട്ടിക്കാലത്ത് ചില സഹപാഠികളുടെ വീട്ടിൽ കൂടെ പോയി ഭക്ഷണം കഴിച്ചാൽ പാത്രം കഴുകി കമിഴ്ത്തി വെക്കണമായിരുന്നു . വെള്ളം തളിച്ച് അവിടെ തുടച്ച് വൃത്തിയാക്കുകയും ചെയ്യണം.

കൈയും മുഖവും കഴുകാൻ ഓട്ടുകിണ്ടിയിലാണ് വെള്ളം വെക്കുക. എന്നാൽ അത് തൊടരുത്, പാട്ടയിൽ വെള്ളം വേറെ തരുമായിരുന്നു. സൗഹൃദം തുടർന്നാലും അത്തരം കുടുംബങ്ങളിൽ പിന്നീട് പോയിരുന്നില്ല. ജന്മിത്തത്തിന്റെ നിർദയ പെരുമാറ്റ രീതികളും നേരിട്ട് കണ്ടോ കേട്ടോ അറിഞ്ഞവരാണ് 70 വയസ്സിനടുത്ത പഴയ തലമുറക്കാർ. ഞങ്ങളുടെ വയലിലെ കൊയ്ത്ത് കഴിഞ്ഞാൽ പാട്ടംനെല്ല് അളന്നെത്തിക്കാൻ വൈകിയാൽ ജന്മിയായ നമ്പുതിരി അച്ഛനെ തിരക്കി വരാറുള്ളതും ഓർക്കുന്നു. (ഇല്ലത്തിന്റെയും അദ്ദേഹത്തിന്റെയും പേര് അറിയാമെങ്കിലും ഒഴിവാക്കുന്നു ) .1969 ൽ ഭൂപരിഷ്കരണ നിയമം പാസാക്കിയതോടെയാണ് ആ പാട്ടം പിരിവ് നിന്നത്.

കൂത്താളി തമ്പായി അടക്കമുള്ള പണ്ടത്തെ നാടുവാഴികളുടെ ക്രൗര്യത്തിന്റെ കഥകൾ അറിയണമെങ്കിൽ നാട്ടിലെ പ്രായംചെന്ന ആളുകളോട് ചോദിച്ചാൽ മതി. എന്നാൽ , പുതിയ തലമുറക്കാർ ഏറെയും കരുതുന്നത് ഇന്നുള്ള അവകാശങ്ങളെല്ലാം എന്നും ഉണ്ടായിരുന്നു എന്നാണ്. നമ്മുടെ മുൻഗാമികൾ നടത്തിയ ശക്തമായ രാഷ്ട്രീയ ഇടപെടലിനെ തുടർന്നാണ് നിലവിലെ പല ആനുകൂല്യങ്ങളും ദുർബല ജനവിഭാഗങ്ങൾ നേടിയത്. അല്ലാതെ പ്രമാണിവർഗം ഔദാര്യപൂർവം വിളിച്ചു തന്നതല്ല.

ഇന്നത്തെ ചെറുപ്പക്കാരുടെ ആലോചനകളിലേ അതൊന്നും പെടില്ല. ഇപ്പോൾ, നമ്പൂതിരി മുതൽ നായാടി വരെ ഒരുമിച്ച് കാവിക്കൊടി പിടിച്ചാൽ എല്ലാം ശുഭം എന്ന് പ്രചരിപ്പിക്കുന്നവർ ഉണ്ടല്ലോ. ഇന്നത്തെ കേരളത്തെ രൂപപ്പെടുത്തിയ പോരാട്ടങ്ങളെക്കുറിച്ച് അവർക്ക് വല്ലതും പറയാനുണ്ടോ . ആ സമര കാലഘട്ടങ്ങളിൽ പഴയ ജനസംഘവും അവരുടെ കുറുവടിപ്പടയും ആർക്കൊപ്പമായിരുന്നു എന്ന് പൊതുജനങ്ങൾക്ക് നന്നായറിയാം. ആറു പതിറ്റാണ്ടോളംമുമ്പുവരെ കേരളത്തിൽ നിലനിന്ന ജാതീയമായ വിവേചനം പ്രാകൃതമായിരുന്നു. അത് അടിച്ചേല്പിച്ചവർക്കും ആ നെറികെട്ട ആചാരത്തെ പുകഴ്ത്തുന്ന സംഘപരിവാറുകാർക്കും നിസ്സാരമാവാം. പക്ഷേ, സഹിച്ചവർക്ക് അതിന്റെ പൊള്ളലും നീറ്റലും മനസ്സിൽനിന്ന് അത്ര വേഗമങ്ങു മാഞ്ഞുകിട്ടുമോ ...

#Memories #can #die #experience #Early #experiences #anti-Aithamovement #near #Perampra #Kozhikode

Next TV

Related Stories
#LokSabhaElection2024 | രാജ്യം വേണോ? വേണം നന്മയുടെ, നേരിൻ്റെ പക്ഷം

Apr 24, 2024 08:46 AM

#LokSabhaElection2024 | രാജ്യം വേണോ? വേണം നന്മയുടെ, നേരിൻ്റെ പക്ഷം

വിവരണാതീതമായ ത്യാഗസഹനങ്ങളിലൂടെ പൂർവീകർ പൊരുതിനേടിയ പൗരാവകാശങ്ങളാണ് നാമിന്ന്...

Read More >>
#ElectionCampaign | തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തെ വ്യക്തിഹത്യയും അപവാദ പ്രചാരണങ്ങളും

Apr 18, 2024 11:51 AM

#ElectionCampaign | തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തെ വ്യക്തിഹത്യയും അപവാദ പ്രചാരണങ്ങളും

ഗുരുതരമായിരിക്കും പലപ്പോഴും ഇതിന്റെ പ്രത്യാഘാതങ്ങള്‍. മുന്‍ തെരഞ്ഞെടുപ്പ് കാലങ്ങളെക്കാള്‍ കൂടുതലാണ് ഇത്തവണ വ്യക്തിഹത്യ. അവയെ ഫലപ്രദമായി...

Read More >>
#EidalFitr | ഈദുൽ ഫിത്ത്വർ ഒരു സ്നേഹ സന്ദേശം

Apr 9, 2024 10:05 PM

#EidalFitr | ഈദുൽ ഫിത്ത്വർ ഒരു സ്നേഹ സന്ദേശം

കുടുംബ വീടുകളിൽ സന്ദർശനം നടത്തി, സമ്മാനങ്ങൾ നൽകി,പുതുവസ്ത്രം ധരിച്ച്,സ്വാദിഷ്ടമായ ആഹാരം കഴിച്ച്,സുഗന്ധം പൂശി സന്തോഷാനുഗ്രാത്താൽ നാം...

Read More >>
LokSabhaElection2024 | വോ​​​ട്ട​​​ർ​​​മാ​​​രി​​​ൽ പ്ര​​​തീ​​​ക്ഷ​​​യ​​​ർ​​​പ്പി​​​ക്കു​​​ന്ന ജ​​​നാ​​​ധി​​​പ​​​ത്യ തെരഞ്ഞെടുപ്പ്

Apr 3, 2024 10:00 PM

LokSabhaElection2024 | വോ​​​ട്ട​​​ർ​​​മാ​​​രി​​​ൽ പ്ര​​​തീ​​​ക്ഷ​​​യ​​​ർ​​​പ്പി​​​ക്കു​​​ന്ന ജ​​​നാ​​​ധി​​​പ​​​ത്യ തെരഞ്ഞെടുപ്പ്

ഇ​​​ത്ര​​​യേ​​​റെ ഉ​​​ത്ക​​​ണ്ഠ​​​യു​​​ടെ​​​യും ആ​​​ശ​​​ങ്ക​​​യു​​​ടെ​​​യും നി​​​ഴ​​​ലി​​​ൽ നി​​​ൽ​​​ക്കു​​​മ്പോ​​​ഴും എ​​​ല്ലാം...

Read More >>
#WorldHappinessIndex | 2024ലെ ലോക സന്തോഷ സൂചിക റിപ്പോർട്ട് നൽകുന്ന സന്ദേശം

Mar 23, 2024 04:16 PM

#WorldHappinessIndex | 2024ലെ ലോക സന്തോഷ സൂചിക റിപ്പോർട്ട് നൽകുന്ന സന്ദേശം

മനുഷ്യ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിൽ ഉണ്ടാകുന്ന സന്തോഷങ്ങളുടെ വിശദാംശങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഓരോ രാജ്യത്തിലെയും വിവിധ...

Read More >>
#ElectionConvention | വിവാദങ്ങൾക്ക് വഴി തുറക്കുമോ ? വടകരയിൽ സി കെ പിയും പത്മജ വേണുഗോപലും ഒരേ വേദിയിൽ

Mar 20, 2024 07:42 AM

#ElectionConvention | വിവാദങ്ങൾക്ക് വഴി തുറക്കുമോ ? വടകരയിൽ സി കെ പിയും പത്മജ വേണുഗോപലും ഒരേ വേദിയിൽ

എൻ ഡി എ തെരഞ്ഞെടുപ്പ് പരിപാടിയിൽ സി കെ പി യെ ഒഴിവാക്കി പത്മജക്ക് അമിത പ്രാധാന്യം നൽകിയെന്ന് ആരോപണം...

Read More >>
Top Stories