പാറ്റ്ന: (truevisionnews.com) വിവാഹാലോചന നിരസിച്ചതിന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് നേരെ യുവാവ് നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ മരിച്ചു.
നാല് പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. വിവാഹാലോചന നടത്തിയ പെണ്‍കുട്ടിയും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു. വെടിവെപ്പ് നടത്തിയ യുവാവിനായി പൊലീസ് വ്യാപക തെരച്ചില്‍ തുടങ്ങി.
ബിഹാറിലെ ലക്ഷിസറായില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. ഛാത് പൂജ കഴിഞ്ഞ് മടങ്ങി വരികയായിരുന്ന കുടുംബാഗങ്ങള്‍ക്ക് നേരെ യുവാവ് വെടിയുതിര്‍ക്കുകയായിരുന്നു. പോയിന്റ് ബ്ലാങ്കില്‍ വെടിയേറ്റ രണ്ട് പേര്‍ സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു.
പരിക്കേറ്റവരെ ആദ്യം അടുത്തുള്ള ഒരു ആശുപത്രിയിലും പിന്നീട് പാറ്റ്ന മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ആഷിഷ് ചൗധരി എന്നയാളാണ് വെടിവെച്ചതെന്ന് പൊലീസ് സൂപ്രണ്ട് പങ്കജ് കുമാര്‍ പറഞ്ഞു.
വെടിയുതിര്‍ക്കാന്‍ ഉപയോഗിച്ച തോക്ക് പൊലീസ് ഇതിനോടകം കണ്ടെടുത്തെങ്കിലും യുവാവിനെ പിടികൂടാനായിട്ടില്ല. പ്രണയവും വിവാഹാലോചനയുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് വെടിവെപ്പിലേക്ക് നയിച്ചതെന്ന് പൊലീസ് സൂപ്രണ്ട് പറഞ്ഞു.
പഞ്ചാബി മൊഹല്ലയില്‍ താമസിച്ചിരുന്ന കുടുംബത്തിലെ ആറോ ഏഴോ പേര്‍ ഛാത് പൂജ കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ ഇവരുടെ വീടിന് മുന്നില്‍ കാത്തു നിന്ന് ആഷിഷ് ചൗധരി വെടിവെയ്ക്കുകയായിരുന്നു.
സഹോദരങ്ങളായ ചന്ദന്‍ ജാ, രാജ്നന്ദന്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. ഇരുവര്‍ക്കും 31 വയസായിരുന്നു. കുടുംബത്തിലെ ഒരു പെണ്‍കുട്ടിയെ ആഷിഷിന് വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നു.
ഇക്കാര്യം ബന്ധുക്കളെ അറിയിച്ചെങ്കിലും അവര്‍ വിസമ്മതിച്ചു. ഇതിന്റെ പ്രതികാരമായാണ് വെടിയുതിര്‍ത്തത്. ലൗലി കുമാരി, പ്രീതി കുമാര്‍, ദുര്‍ഗ കുമാര്‍, ശശി കുമാര്‍ എന്നിവരാണ് പരിക്കുകളോടെ ചികിത്സയിലുള്ളത്. സംഭവവുമായി ബന്ധമുള്ള മറ്റ് രണ്ട് പേരെ കൂടി ചോദ്യം ചെയ്യുകയാണെന്ന് എസ്.പി പങ്കജ് കുമാര്‍ പറഞ്ഞു.
#Two #people #killed #youngman #opened #fire #girl's #family #rejecting #his #marriage #proposal.