കോഴിക്കോട്: (truevisionnews.com) നിപ ബാധിതരുടെ സമ്പർക്കപ്പട്ടികയിലുള്ള 41 പേരുടെ കൂടി പരിശോധന ഫലം നെഗറ്റീവായെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. ഹൈ റിസ്ക് വിഭാഗത്തിലുള്ളവരുടെ പരിശോധന ഫലമാണ് നെഗറ്റീവായത്.

ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ ആരോഗ്യനില കുഴപ്പമില്ലാതെ തുടരുകയാണ്. രോഗബാധിതനായി വെന്‍റിലേറ്ററിൽ കഴിയുന്ന ഒമ്പതുവയസുകാരന്‍റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നുവെന്നത് പ്രതീക്ഷ നൽകുന്നതാണെന്നും മന്ത്രി പറഞ്ഞു.
19 ടീമുകളായാണ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സമ്പർക്കത്തിലുള്ള മുഴുവനാളുകളെയും കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇനി പൊലീസ് സഹായത്തോടെ മൊബൈൽ ടവർ ലൊക്കേഷൻ എടുത്ത് ആളുകളെ കണ്ടെത്തണം.
കേന്ദ്ര സംഘങ്ങൾ ഇന്നും നിപ ബാധിത മേഖലയിൽ നിരീക്ഷണത്തിലുണ്ട്. 2018ൽ നിപ റിപ്പോർട്ട് ചെയ്ത മേഖലയിൽ സന്ദർശനം നടത്തി ഇവിടെ പാരിസ്ഥിതികമായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടോയെന്ന് പഠിക്കും.
ഐ.സി.എം.ആറിന്‍റെയും എൻ.ഐ.വിയുടെയും സംഘവും സ്ഥലത്തുണ്ട്. ഇവരും ഫീൽഡ് സന്ദർശനം നടത്തുമെന്ന് മന്ത്രി പറഞ്ഞു. അവസാനമായി നിപ സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പർക്കപ്പട്ടികയിലെ കൂടുതൽ പേരെ കണ്ടെത്തുകയാണ്.
പൊതുസ്ഥലങ്ങളിലും മറ്റും സമ്പർക്കത്തിലുണ്ടായിരുന്നവരെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കണ്ടെത്തി ഫോണിലൂടെ വിവരം തിരക്കുമ്പോൾ, സ്ഥലത്ത് ഉണ്ടായിരുന്നില്ല എന്ന മറുപടിയാണ് പലരും നൽകുന്നത്. അതുകൊണ്ടാണ് പൊലീസിന്‍റെ സഹായം തേടുന്നതെന്നും മന്ത്രി പറഞ്ഞു.
#Relief #Nipah #42 #more #samples #sent #testing #negative #VeenaGeorge
