കൈലാസ പർവ്വതം ഇന്ത്യയിൽ നിന്ന് കാണാൻ അവസരം ഒരുങ്ങുന്നു. ഇതിനായി ഇന്ത്യന്‍ അതിര്‍ത്തി വഴി ഇവിടെയെത്തുന്നതിനായുള്ള റോഡ് നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഈ വർഷം സെപ്തംബറോടെ പാതയുടെ പണി പൂർത്തിയാകുമെന്നും ഇന്ത്യയിൽ നിന്ന് ഭക്തർക്ക് കൈലാസ പർവ്വതം ആസ്വദിക്കാനാകും എന്നുമാണ് പ്രതീക്ഷ.

ടിബറ്റിന്റെ തെക്കുപടിഞ്ഞാറായി ഇന്ത്യയുടെ കുമയോണ്‍ അതിര്‍ത്തിയിലാണ് കൈലാസ പര്‍വതം സ്ഥിതി ചെയ്യുന്നത്. പിത്തോറഗഢ് ജില്ലയിലെ നാഭിദാംഗിലെ കെഎംവിഎന്‍ ഹട്ട്‌സ് മുതല്‍ ചൈനീസ് അതിര്‍ത്തിയിലെ ലുപുലേഖ് ചുരംവരെയുള്ള റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും സെപ്റ്റംബറില്‍ പൂര്‍ത്തിയാകുമെന്നും ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനാണ് അറിയിച്ചത്.
കൈലാസ വ്യൂ പോയിന്റ്' വികസിപ്പിക്കാനുള്ള ചുമതല സർക്കാർ ഹിരാക് പ്രോജക്ടിനാണ് നൽകിയിരിക്കുന്നത്. കാലാവസ്ഥ അനുകൂലമാണെങ്കിൽ സെപ്റ്റംബറിൽ പൂർത്തിയാകുമെന്നും ബിആർഒയുടെ ഡയമണ്ട് പ്രോജക്ടിന്റെ ചീഫ് എഞ്ചിനീയർ വിമൽ ഗോസ്വാമി പറഞ്ഞു.
അതേസമയം, കൊവിഡ് പകർച്ചവ്യാധിയെ തുടർന്ന് മാറ്റിവെച്ച ലിപുലേഖ് ചുരത്തിലൂടെയുള്ള കൈലാഷ്-മാനസസരോവർ യാത്ര ഇതുവരെ പുനരാരംഭിച്ചിട്ടില്ല. ഹിന്ദുമത വിശ്വാസപ്രകാരം കൈലാസ പർവ്വതം ത്രിമൂർത്തികളിൽ ഒരാളായ പരമശിവന്‍റെ വാസസ്ഥലമാണ് .
പത്നിയായ പാർവതിദേവിയുമൊത്ത് പരമശിവന്‍ ധ്യാനത്തിൽ ഇരിക്കുന്ന സ്ഥലമാണ് കൈലാസ പർവ്വതം എന്ന് വിശ്വസിക്കപ്പെടുന്നു. ‘സ്വർഗത്തിന്‍റെ പടവുകൾ’ എന്നാണ് കൈലാസം അറിയപ്പെടുന്നത്. ഹിമാലയ പർവ്വതത്തിന്റെ, ടിബറ്റിലേക്ക് നീണ്ടുകിടക്കുന്ന ഭാഗമാണിത്.
ഡല്‍ഹിയില്‍ നിന്ന് 865 കിലോമീറ്റര്‍ അകലെ, സമുദ്രനിരപ്പില്‍നിന്ന് ഏതാണ്ട് 6,690 മീറ്റര്‍ ഉയരത്തിലാണ് കൈലാസം സ്ഥിതി ചെയ്യുന്നത്. ഏഷ്യയിലെ നീളം കൂടിയ നദികളായ സത്‌ലജ്, ബ്രഹ്മപുത്ര, കർണാലി തുടങ്ങിയവയുടെ ഉത്ഭവ സ്ഥാനത്തിനടുത്തായി സ്ഥിതിചെയ്യുന്ന ഈ പര്‍വതം, ബുദ്ധ, ബോൺ, ഹിന്ദു, ജൈനമതങ്ങളുടെ പുണ്യസ്ഥലമെന്നാണ് വിശ്വസിക്കുന്നത്.
#travel #mount #kailash #viewpoint #india
