തിരുവനന്തപുരം: (truevisionnews.com) ആറ് പതിറ്റാണ്ടിലേറെ നീണ്ട പൊതുജീവിതത്തിന് ദീർഘവിരാമമിട്ട് ഓർമയായ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് തലസ്ഥാനത്തിന്റെ അന്ത്യാഞ്ജലി.

വിമാനത്താവളത്തിൽ നിന്ന് വിലാപയാത്രയായി പുതുപ്പള്ളി ഹൗസിലെത്തിച്ച മൃതദേഹത്തിന് വഴിനീളെ ജനക്കൂട്ടം അന്ത്യാഭിവാദ്യമർപ്പിച്ചു. തലസ്ഥാനത്തെ വീട്ടിലും നൂറ് കണക്കിനാളുകളാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്.
നിരവധി രാഷ്ട്രീയ നേതാക്കളും പ്രമുഖ വ്യക്തിത്വങ്ങളും പുതുപ്പള്ളി ഹൗസിലുണ്ട്. ഏറെ പണിപ്പെട്ടാണ് ആംബുലൻസിൽ നിന്ന് മൃതദേഹം പുതുപ്പള്ളി ഹൗസിലേക്ക് ഇറക്കിയത്.
പുതുപ്പള്ളി ഹൗസിൽ പ്രത്യേക പ്രാർത്ഥന വൈദികരുടെ നേതൃത്വത്തിൽ നടത്തി. ഇതിന് ശേഷം പൊതുദർശനത്തിനായി സെക്രട്ടേറിയേറ്റ് ദർബാർ ഹാളിലേക്ക് കൊണ്ടുപോകും. അവിടെ നിന്ന് കെപിസിസി ആസ്ഥാനത്തും തുടർന്ന് രാത്രി തിരികെ പുതുപ്പള്ളി ഹൗസിലേക്കും ഭൗതിക ശരീരം എത്തിക്കും.
നാളെ രാവിലെ കോട്ടയത്തേക്ക് വിലാപയാത്രയായി പുറപ്പെടും. വഴിനീളെ ജനങ്ങളുടെ അന്ത്യാഭിവാദ്യവും ആദരവും ഏറ്റുവാങ്ങി കോട്ടയത്ത് എത്തിക്കുന്ന ഭൗതിക ശരീരം വൈകിട്ട് അഞ്ച് മണി മുതൽ തിരുനക്കര മൈതാനത്ത് പൊതുദർശനത്തിന് വെക്കും. പിന്നീട് പുതുപ്പള്ളിയിലെ കുടുംബ വീട്ടിലേക്ക് കൊണ്ടുപോകും.
മറ്റന്നാൾ പുതുപ്പള്ളിയിലെ ഇടവക പള്ളി സെമിത്തേരിയിലാണ് മൃതദേഹം സംസ്കരിക്കുക. കുടുംബ കല്ലറയുണ്ടെങ്കിലും ഇവിടെയാവില്ല ഉമ്മൻചാണ്ടിയുടെ അന്ത്യനിദ്ര.
വൈദികരുടെ കല്ലറയ്ക്ക് ഒപ്പം പ്രത്യേക കല്ലറയുണ്ടാക്കി ഇവിടെയാണ് ഉമ്മൻചാണ്ടിയുടെ അന്ത്യനിദ്രയ്ക്ക് ഇടം ഒരുക്കുന്നത്. നീണ്ട 53 വർഷം പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമായിരുന്നു ഉമ്മൻചാണ്ടി. അർബുദ രോഗബാധിതനായി ചികിത്സയിൽ കഴിയുന്നതിനിടെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെയാണ് അദ്ദേഹം അന്ത്യശ്വാസം വലിച്ചത്.
തുടർന്ന് പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിച്ച ഭൗതിക ശരീരം നൂറ് കണക്കിന് വാഹനങ്ങളുടെയും വൻ ജനാവലിയുടെയും അകമ്പടിയോടെയാണ് ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ എത്തിച്ചത്.
#Oommenchandy's #body #PuthupallyHouse #people #flock #pay #lastrespects
