കോട്ടയം: (truevisionnews.com) പുതുപ്പള്ളിയിൽ സ്വന്തമായ ഒരു വീടെന്ന മോഹം ബാക്കി വച്ചാണ് കേരളത്തിന്റെ മുൻ ഉമ്മൻചാണ്ടി മടങ്ങുന്നത്.

വീടിന്റെ പണി ഒരു വർഷം മുമ്പ് തുടങ്ങിയെങ്കിലും രോഗവും ചികിത്സയും ഒക്കെയായി ബാംഗ്ലൂർ ആയതിനാൽ അത് പൂർത്തിയാക്കാനായില്ല.പുതുപ്പള്ളി കമ്മ്യൂണിറ്റി ഹാളിനു മുന്നിലുള്ള ഇവിടെയും പൊതുദർശനത്തിന് വയ്ക്കും എന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.
പുതുപ്പള്ളിക്കാരുടെ സ്വന്തം ഉമ്മൻചാണ്ടിയാവുമ്പോഴും പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിക്ക് സ്വന്തമായി വീടുണ്ടായിരുന്നില്ലെന്നതാണ് യാഥാർത്ഥ്യം. ഇത് പരിഹരിക്കാനായി ഒരു വർഷം മുമ്പാണ് വീട് പണി തുടങ്ങിയത്. വീടിന്റെ ആദ്യഘട്ട പണികൾ മാത്രമേ തീർന്നിരുന്നുള്ളൂ. എന്നാൽ രോഗബാധിതനായതോടെ വീടിന്റെ പണി മന്ദഗതിയിലായി.
നേരത്തെ താമസിച്ചിരുന്ന വീട് ഇളയ സഹോദരന്റെ വീടായിരുന്നു. തറവാട് വീട്ടിലായിരുന്നു താമസം. പൊതു പ്രവർത്തനത്തിന്റെ ഭാഗമായി എത്തുന്ന സന്ദർശകരെല്ലാം തറവാട്ട് വീട്ടിലായിരുന്നു എത്തിയിരുന്നത്. വീടിന് തറക്കല്ലിട്ടപ്പോഴാണ് അസുഖം മൂർച്ഛിച്ചത്.
തുടർന്ന് ബാംഗ്ലൂരിലേക്ക് പോയതോടെ വീട് പണി നിന്നുപോവുകയായിരുന്നു. അതേസമയം, തറവാട്ട് വീട്ടിൽ എത്തിച്ചതിന് ശേഷം ഭൗതിക ശരീരം വീട് പണിയുന്ന പ്രദേശത്തും പൊതുദർശനത്തിന് വെക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഇതിനെക്കുറിച്ചുള്ള കൂടുതൽ സ്ഥിരീകരണങ്ങൾ പുറത്തുവന്നിട്ടില്ല.
ഉമ്മൻചാണ്ടിക്ക് സംസ്ഥാനത്തിന്റെ ആദരസൂചകമെന്ന നിലയിൽ സംസ്ഥാനത്ത് മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്ന് പൊതു അവധിയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാങ്കുകൾക്കും അവധിയായിരിക്കും. ബെംഗളൂരുവിൽ ചികിത്സയിലിരിക്കെയാണ് ഉമ്മൻചാണ്ടിയുടെ അന്ത്യം.
ക്യാൻസർ ബാധിതനായിരുന്ന അദ്ദേഹം ദീർഘനാളായി ചികിത്സയിലായിരുന്നു. പുലർച്ചെ നാലരയോടെയാണ് മരണം സ്ഥിരീകരിച്ചത്. മകൻ ചാണ്ടി ഉമ്മനാണ് മരണ വിവരം അറിയിച്ചത്. രക്തസമ്മർദ്ദം കുറഞ്ഞതിനെ തുടർന്ന് വീടിനടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സംസ്ഥാന സർക്കാറിന്റെ നിർദേശ പ്രകാരം വിദഗ്ധ ഡോക്ടർ സംഘമായിരുന്നു അദ്ദേഹത്തെ ചികിത്സിച്ചത്. അഞ്ച് പതിറ്റാണ്ടായി പുതുപ്പള്ളിയിലെ എംഎൽഎയായിരുന്നു.
#OommenChandy #left #dream #owning #house #Pudupally
