തിരുവനന്തപുരം: (truevisionnews.com) ഉമ്മൻ ചാണ്ടിയുടെ വിയോഗം കേരള രാഷ്ട്രീയത്തിന് തീരാ നഷ്ടമാണെന്ന് സ്പീക്കർ എ എൻ ഷംസീർ. ഇന്ത്യൻ രാഷ്ട്രീയം ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യം ഏറ്റവും കൂടുതലായി ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് അദ്ദേഹം നമ്മെവിട്ടു പിരിഞ്ഞതെന്ന് സ്പീക്കർ. കോൺഗ്രസിന്റെ ജനകീയ മുഖമായിരുന്നു അദ്ദേഹം.

എപ്പോഴെല്ലാം ഉമ്മൻ ചാണ്ടി സാറിനെ കണ്ടിട്ടുണ്ടോ അപ്പോഴെല്ലാം അദ്ദേഹത്തിന് ചുറ്റും ആളുകളുണ്ടായിരുന്നുവെന്നും എ എൻ ഷംസീർ ഓർമിച്ചു. അതിനാലാണ് കേരള രാഷ്ട്രീയത്തിൽ ഇത്രയും കരുത്തനായി അദ്ദേഹം മുന്നോട്ടുപോയത്. പൊതുപ്രവർത്തകർക്ക് ഒരു പാഠപുസ്തകമാണ് ഉമ്മൻ ചാണ്ടിയുടെ ജീവിതമെന്നും സ്പീക്കർ പറഞ്ഞു.
രോഗബാധിതനായി ബെംഗളൂരുവിലെ ചിന്മയാ മിഷന്‍ ആശുപത്രിയില്‍ വെച്ച് പുലര്‍ച്ചെയായിരുന്നു ഉമ്മൻ ചാണ്ടിയുടെ അന്ത്യം. മകൻ ചാണ്ടി ഉമ്മൻ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഉമ്മൻ ചാണ്ടിയുടെ മരണവിവരം അറിയിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ ഭൗതികദേഹം ബെംഗളൂരുവിൽ നിന്നും ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിക്കും. തിരുവനന്തപുരത്ത് പൊതുദർശനത്തിന് ശേഷം വിലാപയാത്രയായി തിരുവനന്തപുരത്ത് നിന്ന് പുതുപ്പള്ളിയിലേക്ക് കൊണ്ടുപോകും.
#OommenChandy's #demise #greatloss #Keralapolitics #SpeakerANShamseer
