ന്യൂയോർക്ക്: (www.truevisionnews.com)കാനഡയിൽ നിന്നുള്ള കാട്ടുതീ മൂലമുണ്ടായ പുകയിൽ വലഞ്ഞ് യു.എസ് നഗരമായ ന്യൂയോർക്ക്. കാനഡയിൽ കാട്ടുതീ രൂക്ഷമായതോടെ ന്യൂയോർക്ക് നഗരം പുകമൂടിയ അവസ്ഥയിലാണ്. നഗരത്തിലെ വായു ഗുണനിലവാര സൂചിക ഏറ്റവും മോശം അവസ്ഥയിലാണ് ഇപ്പോഴുള്ളത്. ന്യൂയോർക്കിന് പുറമേ യു.എസിന്റെ മറ്റ് ചില പ്രദേശങ്ങളും കാട്ടുതീമൂലമുണ്ടായ പുകയിൽ വലയുകയാണ്.

നഗരം പുകയിൽ മൂടിയതോടെ വിമാനസർവീസുകളും പലയിടത്തും റോഡ് ഗതാഗതവും തടസപ്പെട്ടു വായുമലിനീകരണവുമായി ബന്ധപ്പെട്ട് 13ഓളം സംസ്ഥാനങ്ങൾക്ക് യു.എസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മലിനീകരണം ഏകദേശം 115 മില്യൺ ജനങ്ങളെ ബാധിക്കുമെന്നാണ് കണക്കാക്കുന്നത്.അമേരിക്ക അപകടകരമായ വായുമലിനീകരണത്തെ അഭിമുഖീകരിക്കുകയാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.
ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ പ്രാദേശിക അധികാരികളുടെ നിർദേശങ്ങൾ അനുസരിച്ച് സ്വയംസുരക്ഷയും കുടുംബത്തിന്റെ സുരക്ഷയും ഉറപ്പാക്കണമെന്ന് ബൈഡൻ നിർദേശിച്ചു.കാട്ടുതീ ശമിക്കാൻ കാനഡക്ക് പിന്തുണയുമായി യു.എസും രംഗത്തുണ്ടെന്നും ബൈഡൻ പറഞ്ഞു.
600ഓളം ഫയർ എൻജിനുകളും ജീവനക്കാരേയും യു.എസ് കാനഡയിൽ വിന്യസിച്ചിട്ടുണ്ടെന്ന് ബൈഡൻ അറിയിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീക്കാണ് കാനഡ ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. കാട്ടുതീയെ തുടർന്ന് ഇതുവരെ 6.7 മില്യൺ ഏക്കർ വനം കത്തിനശിച്ചിട്ടുണ്ട്. ക്യുബെക് പ്രവിശ്യയിലാണ് കാട്ടുതീ ഏറ്റവും രൂക്ഷമായി തുടരുന്നത്.
US city engulfed in smoke from wildfires in Canada
