തൊടുപുഴ : എറണാകുളം- തൊടുപുഴ റൂട്ടിൽ സർവിസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ ആള്‍ പിടിയില്‍. കൊണ്ടോട്ടി സ്വദേശി പി. മുസമ്മില്‍ ആണ് പിടിയിലായത്.

തൊടുപുഴക്ക് സമീപം വാഴക്കുളത്ത് വെച്ചായിരുന്നു സംഭവം. യുവതി പരാതിപ്പെട്ടതിനെത്തുടര്‍ന്ന് ജീവനക്കാർ ബസ് തൊടുപുഴ പൊലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു. ഇൻഫോപാർക്കിൽ ജോലി ചെയ്യുന്ന യുവതി ബസിന്‍റെ മുൻ വാതിലിന് മുന്നിലുള്ള രണ്ടുപേർക്കിരിക്കാവുന്ന സീറ്റിലായിരുന്നു ഇരുന്നത്.
ഒപ്പം ഇരുന്ന സ്ത്രീ മൂവാറ്റുപുഴയായപ്പോൾ മറ്റൊരു സീറ്റിലേക്ക് മാറി. ഈ സാഹചര്യം മുതലെടുത്ത് പ്രതി പരാതിക്കാരിയുടെ അടുത്തുവന്നിരുന്ന് ഉപദ്രവിക്കുകയായിരുന്നു. ഉറക്കത്തിലായിരുന്ന യുവതി ഉണർന്ന് മറ്റൊരു സീറ്റിലേക്ക് മാറിയിരുന്നുവെങ്കിലും മുസമ്മിൽ ആ സീറ്റിലും പോയിരുന്ന് ഉപദ്രവിച്ചു.
യുവതി കരഞ്ഞതിനെതുടർന്ന് ബസിലെ ജീവനക്കാരും യാത്രികരും ഇടപെട്ടു. പ്രതി ബസിൽനിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും യാത്രക്കാർ തടഞ്ഞു. തുടർന്ന് കെ.എസ്.ആര്‍.ടി.സി. ബസ് തൊടുപുഴ പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചു.
ഇന്നലെ തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നഗ്നതാ പ്രദർശനം നടത്തിയ മധ്യവയസ്‌കനെ പിടികൂടിയിരുന്നു. സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ യുവതിക്ക് മുന്നില്‍ നഗ്നത പ്രദര്‍ശനം നടത്തിയ കുളമാവ് പോത്തുമറ്റം പണിക്കവീട്ടില്‍ വിജയകുമാറാണ് (ഉണ്ണി-45) പിടിയിലായത്.
ബുധനാഴ്ച വൈകുന്നേരം നാലോടെ തൊടുപുഴ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിലാണ് ഇയാള്‍ നഗ്നത പ്രദര്‍ശനം നടത്തിയത്.
യുവതി ബഹളം വെച്ചതോടെ സമീപത്തുണ്ടായിരുന്ന യാത്രക്കാരും ഓട്ടോ തൊഴിലാളികളും ബസ് ജീവനക്കാരും ചേര്‍ന്ന് ഇയാളെ തടഞ്ഞു വെക്കുകയായിരുന്നു. പിന്നീട് തൊടുപുഴ പൊലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.
Woman sexually assaulted in KSRTC bus; Accused in custody