കോഴിക്കോട് : കോഴിക്കോട് ജില്ലയുടെ മലയോരത്ത് ഭീതിപരത്തി അജ്ഞാത ജീവിയുടെ സാന്നിധ്യം.ഒൻപത് ആടുകളെ കാണാതായി. നരിപ്പറ്റ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ വടക്കേ വായാട് മേഖലയിലാണ് നാട്ടുകാരെ ഭീതിയിലാഴ്ത്തി അജ്ഞാത ജീവിയുടെ വിളയാട്ടം.

വയനാടൻ കാടുകളോട് ചേർന്ന് പേര്യ റിസർവ് വനത്തിന് സമീപപ്രദേശമാണ് വായാട്. ഒറ്റത്തൈയ്യിൽ തങ്കച്ചന്റെ ആടുകളെയാണ് കഴിഞ്ഞ ദിവസങ്ങളിൽ കാണാതെ യായത്. അഞ്ചുമാസം പ്രായമായ 8 ആടുകളെയും ഗർഭിണിയായ മറ്റൊരാടിനെയും ആണ് രണ്ടാഴ്ചയ്ക്കിടെ പല ദിവസങ്ങളിലായി കാണാതായത്.
വീടിനു സമീപം പറമ്പിൽ മേയാൻ വിട്ടതായിരുന്നു. ഇതിൽ ഒരു ആട്ടിൻകുട്ടിയെ മലമുകളിൽ പകുതിഭാഗം തിന്ന നിലയിൽ കണ്ടെത്തി. ഒരു ലക്ഷത്തിൽ പരം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി തങ്കച്ചൻ പറഞ്ഞു.
ഇതിന് പിന്നാലെയാണ് പ്രദേശത്തെ ടാപ്പിങ്ങിനും മറ്റും പോയ തൊഴിലാളികൾ പുലിയെ കണ്ടതായി വീട്ടുകാരെ അറിയിച്ചത്. രണ്ടുദിവസം മുമ്പ് ഈ പരിസരത്ത് പുലിയെ കണ്ടതായി പ്രദേശവാസിയായ വീട്ടമ്മ പറഞ്ഞു.
പകൽ സമയത്ത് പോലും വളർത്തു പട്ടികൾ കുരച്ചു ബഹളം വെക്കുന്നതായും, കൂട്ടിൽ നിന്ന് പുറത്തിറങ്ങാൻ മടി കാണിക്കുന്നതായും നാട്ടുകാർ പറഞ്ഞു.
നേരത്തെ മേഖലയിൽ കുരങ്ങകളുടെ ശല്യത്താൽ പൊറുതി മുട്ടിയിരുന്നെന്നും അജ്ഞാത ജീവിയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചതോടെ കുരങ്ങുകളെ കാണാതെയായെന്നും ഇവർ പറയുന്നു. മേഖലയിൽ ഇതിനുമുമ്പ് പുലി സാന്നിധ്യം വനം വകുപ്പ് സ്ഥിരീകരിച്ചിരുന്നു.
An unknown creature terrorizing the hillside; Nine sheep are missing
