ദില്ലി : അപകീർത്തി പരാമർശ കേസിലെ സൂറത്ത് കോടതി വിധിക്ക് പിന്നാലെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ നടപടിയിൽ ആദ്യമായി പ്രതികരിച്ച് രാഹുൽ ഗാന്ധി. ഇന്ത്യയുടെ ശബ്ദത്തിന് വേണ്ടിയുള്ള പോരാട്ടമാണെന്നും അതിന് വേണ്ടി എന്തുവില കൊടുക്കാനും താൻ തയ്യാറാണെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. സൂറത്ത് സെക്ഷൻസ് കോടതിയുടെ ക്രിമിനൽ മാനനഷ്ടക്കേസിൽ ശിക്ഷപ്പെട്ടതോടെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനടക്കം എട്ട് വർഷത്തെ അയോഗ്യത ഭീഷണിയാണ് രാഹുലിന് മുന്നിലുള്ളത്.

അയോഗ്യനാക്കിയതോടെ ഇനി കോടതി തീരുമാനം നിർണ്ണായകമാകും. മുതിർന്ന അഭിഭാഷകരുടെ പാനൽ രൂപീകരിച്ച് കോൺഗ്രസ് ആദ്യം സെഷൻസ് കോടതിയെ സമീപിക്കും. വയനാട്ടിൽ ഉടൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് ഒഴിവാക്കാനുള്ള നിയമ നടപടിയും ആലോചനയിലുണ്ട്. കേന്ദ്രത്തിൻറെ വേട്ടയാടൽ ആരോപിക്കുമ്പോഴും ഗുജറാത്തിലെ കേസ് നടത്തിപ്പിൽ പാളിച്ചയുണ്ടായെന്നാണ് പാർട്ടി വിലയിരുത്തൽ.
രാഹുലിനെ തെരഞ്ഞെടുപ്പിൽ നിന്ന് മാറ്റി നിറുത്താൻ കേന്ദ്രം എല്ലാ വഴിയും തേടുമെന്നാണ് പാർട്ടി വിലയിരുത്തുന്നത്. രാഹുൽ ഗാന്ധി മത്സരരംഗത്ത് നിന്ന് മാറിനിൽക്കേണ്ടി വന്നാൽ അത് കോൺഗ്രസിന് കടുത്ത പ്രതിസന്ധിയാകും. മനു അഭിഷേക് സിംഗ്വി, പി ചിദംബരം, വിവേക് തൻഖ, സൽമാൻ ഖുർഷിദ് തുടങ്ങിയവരടെ പാനലാകും നിയമനടപടികൾക്ക് നേതൃത്വം നല്കുക. സെഷൻസ് കോടതിയിൽ ആദ്യം അപ്പീൽ നൽകും. കുറ്റക്കാരനാക്കിയ വിധിയും ശിക്ഷയും സ്റ്റേ ചെയ്യണം എന്നാവശ്യപ്പെടും. സിജെഎം കോടതി ഉത്തരവിലും നടപടികളിലും പിഴവുണ്ടായി എന്ന് ചൂണ്ടിക്കാട്ടി ആവും അപ്പീൽ നൽകുക.
Fighting for India's voice, willing to pay any price; Rahul Gandhi
