മലപ്പുറത്ത് പുള്ളിമാന്‍ വേട്ട; ഒരാള്‍ അറസ്റ്റില്‍

മലപ്പുറത്ത് പുള്ളിമാന്‍ വേട്ട; ഒരാള്‍ അറസ്റ്റില്‍
Mar 24, 2023 02:59 PM | By Athira V

മലപ്പുറം: പുള്ളിമാനെ വെടിവെച്ച് കൊന്ന് ഇറച്ചിയുമായി കടക്കുന്നതിനിടയില്‍ ഒരാളെ വനപാലകര്‍ അറസ്റ്റ് ചെയ്തു. കൂടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. ചുങ്കത്തറ പഞ്ചായത്തിലെ ചെമ്പന്‍കൊല്ലി സ്വദ്ദേശി കണ്ടഞ്ചിറ അയ്യൂബി(28)നെയാണ് നിലമ്പൂര്‍ വനം റേഞ്ച് ഓഫീസര്‍ കെ ജി അന്‍വറും സംഘവും അറസ്റ്റ് ചെയ്തത്. പ്രതിക്കൊപ്പമുണ്ടായിരുന്ന മുജീബ് എന്ന ചെറുമുത്താണ് ഓടി രക്ഷപ്പെട്ടത്. വേട്ടക്ക് ഉപയോഗിച്ച ലൈസന്‍സില്ലാത്ത നാടന്‍ തോക്ക്, വെടിയുണ്ട, ബൈക്ക് എന്നിവയും കസ്റ്റഡിയിലെടുത്തു.

രണ്ട് ഇലക്ട്രോണിക് ത്രാസുകള്‍, നാല് കത്തികള്‍, രണ്ട് ഹെഡ് ലൈറ്റ്, ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്ന ഉപകരണം എന്നിവയും പ്രതിയുടെ ബാഗില്‍ നിന്നും കണ്ടെടുത്തു. രഹസ്യവിവരത്തെ തുടര്‍ന്ന് റേഞ്ച് ഓഫീസര്‍ ട്രെയിനി മുഹമ്മദാലി ജിന്ന, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെ ഗിരിഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.

പുള്ളിമാനെ വേട്ടയാടിയ ശേഷം പ്ലാസ്റ്റിക് ചാക്കില്‍ കെട്ടി ബൈക്കിന്റെ പിറകില്‍ വെച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രതിയെ വനപാലകര്‍ കീഴ്‌പ്പെടുത്തുകയായിരുന്നു. ഇതിനിടയില്‍ പ്രതിക്കൊപ്പം ബൈക്കിന്റെ പിറകിലിരുന്ന മുജീബ് ഓടി രക്ഷപ്പെട്ടു. പുള്ളിമാനിന്റെ പിന്‍ഭാഗത്ത് ഉള്‍പ്പെടെ വെടിയേറ്റ പാടുകളുണ്ട്. പുള്ളിമാന്റ കഴുത്ത് അറുത്തശേഷം വയര്‍കീറി ആന്തരാവയവങ്ങള്‍ പുറത്തെടുത്ത നിലയിലായിരുന്നു.സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സി എം സുരേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ടി ഷാക്കിര്‍, എന്‍ കെ രതീഷ്, എം സുധാകരന്‍, എന്‍ ആഷീഫ്, സി പി ഒ അര്‍ജുന്‍, ഡ്രൈവര്‍ റഷീദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ലൈസന്‍സില്ലാത്ത തോക്ക് ഉപയോഗിച്ചതിന് ആയുധ നിയമപ്രകാരം പൊലീസും കേസെടുക്കും.

Spotted deer hunting in Malappuram; One person was arrested

Next TV

Related Stories
Top Stories