റിയാദ് : കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് സ്‍പൈസ് ജെറ്റ് വിമാനത്തില്‍ തിങ്കളാഴ്ച യാത്ര ചെയ്തവരുടെ ലഗേജുകള്‍ ലഭിച്ചില്ലെന്ന് പരാതി. കോഴിക്കോട് നിന്ന് തിങ്കളാഴ്ച പുലര്‍ച്ചെ 5.55ന് പുറപ്പെടുകയും രാവിലെ 10 മണിക്ക് ജിദ്ദയില്‍ എത്തുകയും ചെയ്‍ത വിമാനത്തിലെ യാത്രക്കാരാണ് ദുരിതം നേരിടുന്നത്.

അടുത്ത വിമാനത്തില്‍ എത്തിക്കുമെന്ന് ആദ്യം പറഞ്ഞിരുന്ന അധികൃതര്‍ പിന്നീട് ചൊവ്വാഴ്ച ലഗേജുകള്‍ എത്തിക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നെങ്കിലും ഇനിയും ലഗേജുകള്‍ കിട്ടാത്തവര്‍ നിരവധിപ്പേരുണ്ട്. പ്രവാസികളും ഉംറ തീര്‍ത്ഥാടകരും ജിദ്ദയില്‍ നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യേണ്ടിയിരുന്നവരും ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്നു.
രാവിലെ 10 മണിക്ക് വിമാനം ലാന്റ് ചെയ്‍ത് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ലഗേജുകള്‍ ലഭിക്കാതെ വന്നതോടെ യാത്രക്കാര്‍ അന്വേഷിച്ചപ്പോഴാണ് ഉച്ചയ്ക്ക് 2.30നുള്ള വിമാനത്തില്‍ ലഗേജുകള്‍ എത്തിക്കുമെന്നും അതുവരെ കാത്തിരിക്കണമെന്നും അധികൃതര്‍ പറഞ്ഞത്.
എന്നാല്‍ ആ വിമാനം എത്തിയപ്പോഴും ഏതാനും പേരുടെ ലഗേജുകള്‍ മാത്രമായിരുന്നു അതിലുണ്ടായിരുന്നത്. രണ്ടാമത്തെ വിമാനത്തിലെത്തിയ പലര്‍ക്കും ലഗേജുകള്‍ ലഭിച്ചില്ലെന്ന പരാതിയും ഉയര്‍ന്നു. മണിക്കൂറുകള്‍ കാത്തിരുന്ന് തളര്‍ന്ന യാത്രക്കാര്‍ക്ക് ബഹളം വെച്ച ശേഷമാണ് ഭക്ഷണം പോലും നല്‍കിയതെന്ന് യാത്രക്കാര്‍ പറയുന്നു.
സ്‍ത്രീകളും പ്രായമായവരും ചെറിയ കുട്ടികളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ലഗേജ് കിട്ടാതെ പ്രതിസന്ധിയിലായി. പലരും മരുന്നുകള്‍ പോലും ലഗേജില്‍ കരുതിയിരുന്നതിനാല്‍ പിന്നീട് ജിദ്ദിയിലെ ആശുപത്രികളില്‍ പോയി മരുന്നുകള്‍ വാങ്ങേണ്ടിവന്നു. ജിദ്ദയില്‍ നിന്ന് മറ്റിടങ്ങളിലേക്ക് കണക്ഷന്‍ വിമാനങ്ങളില്‍ പോകേണ്ടിയിരുന്നവരുടെ യാത്രയും മുടങ്ങി.
ചൊവ്വാഴ്ച എല്ലാരുടെയും ലഗേജുകള്‍ എത്തിക്കുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും വിമാനക്കമ്പനിയില്‍ നിന്ന് അറിയിപ്പുകളൊന്നും ലഭിച്ചില്ലെന്ന് യാത്രക്കാര്‍ പറയുന്നു. പലരും ലഗേജും കാത്ത് ഹോട്ടലുകളിലും പരിചയക്കാരോടൊപ്പവും കഴിയുകയാണ്.
എപ്പോള്‍ ലഗേജുകള്‍ എത്തിക്കുമെന്ന കാര്യത്തില്‍ അധികൃതര്‍ കൃത്യമായ മറുപടി നല്‍കുന്നില്ലെന്നും ഇക്കാര്യത്തില്‍ വിമാനക്കമ്പനിക്കെതിരെ നിയമനടപടികള്‍ ആലോചിക്കുകയാണെന്നും ചില യാത്രക്കാര്‍ പ്രതികരിച്ചു.
Complaint of not receiving the baggage of those who traveled in the Spice Jet flight
