ഇസ്ലാം വിശ്വാസികൾ വളരെ പവിത്രമായി പരിഗണിക്കുന്ന ഒരു മാസമാണ് റമദാൻ മാസം. ജീവിതക്രമത്തിൽനിന്ന് പൊടുന്നനെ ഒരു മാറ്റം കൂടിയാണ് നോമ്പുകാലം ആരംഭിക്കുമ്പോള്‍ സംഭവിക്കുന്നത്. അതിനാല്‍ ആരോഗ്യ കാര്യത്തിലും പ്രത്യേകം ശ്രദ്ധ നല്‍കണം. പ്രത്യേകിച്ച്, പ്രമേഹ രോഗികള്‍.

പ്രമേഹ രോഗികള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ദിവസവും പരിശോധിക്കേണ്ടത് പ്രധാനമാണ്. പ്രമേഹ രോഗികള്‍ നോമ്പ് തുറക്കുമ്പോള്‍ മധുരം, എണ്ണയില്‍ പൊരിച്ചെടുത്തവ, കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ പരമാവധി ഒഴിവാക്കുക. നോമ്പു തുറക്കുമ്പോള്‍ കഴിക്കുന്ന ലഘുപാനീയങ്ങളില്‍ പഞ്ചസാര പൂര്‍ണ്ണമായും ഒഴിവാക്കുക.
നോമ്പ് തുറക്കുമ്പോള്‍ ബിരിയാണി, ഇറച്ചി, മീൻ, പൊറോട്ട എന്നിവയ്ക്കു പകരം കഞ്ഞി, ചെറുപയർ, ചീര, മുരിങ്ങയില, പച്ചക്കറികൾ, പഴങ്ങള്‍ തുടങ്ങിയവ കഴിക്കുന്നതാണ് ആരോഗ്യത്തിന് കൂടുതല്‍ ഗുണം എന്നാണ് വിദഗ്ധര്‍ പറയുന്നത്. ജ്യൂസ് കഴിക്കുന്നതിനെക്കാൾ പഴവർഗങ്ങൾ അതേ രൂപത്തിൽ തന്നെ കഴിക്കാന്‍ ശ്രമിക്കണം.
ഉപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പരമാവധി ഒഴിവാക്കാം. മണിക്കൂറുകളോളം ഭക്ഷണം കഴിക്കാതിരുന്നിട്ട് നോമ്പ് തുറക്കുമ്പോള്‍ കഴിയുന്നത്ര അളവില്‍ ഭക്ഷണം കഴിക്കാന്‍ ചിലര്‍ ശ്രമിക്കാറുണ്ട്. അത് ആരോഗ്യത്തെ ചിലപ്പോള്‍ മോശമായി ബാധിക്കാം. അതിനാല്‍ നോമ്പ് തുറക്കുമ്പോള്‍ ആദ്യം മിതമായ അളവില്‍ മാത്രം ഭക്ഷണം കഴിക്കുക.
കുറച്ച് സമയത്തിന് ശേഷം നന്നായി ഭക്ഷണം കഴിക്കാം. നോമ്പുതുറ മുതല്‍ അത്താഴം വരെ ധാരാളം ശുദ്ധജലം കുടിക്കുക. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ, ഒരു മാസക്കാലം നീണ്ടു നില്‍ക്കുന്ന നോമ്പിലൂടെ മനസ്സിന്‍റെയും ശരീരത്തിന്‍റെയും ആരോഗ്യത്തെ നമ്മുക്ക് സംരക്ഷിക്കാം. എന്തെങ്കിലും രോഗത്തിനു സ്ഥിരമായി മരുന്നു കഴിക്കുന്നവർ ഡോക്ടറുടെ നിർദേശമില്ലാതെ അതു നോമ്പുകാലത്ത് നിര്‍ത്തരുത്.
Things that diabetic patients should keep in mind while fasting
