പത്തനംതിട്ട : പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ പുരുഷന്‍മാരുടെ മൂന്നാം വാര്‍ഡിലെ കിടക്കയില്‍ ഓര്‍മ്മകള്‍ മറഞ്ഞുപോയ ഒരു ജീവനുണ്ട്. പ്രിയപ്പെട്ടവര്‍ ആരെങ്കിലും തിരക്കി വരുമെന്ന ചിന്തയുണ്ടോയെന്ന് അറിയില്ല. എങ്കിലും പുറത്തേക്ക് നോക്കിയുള്ള ആ കിടപ്പില്‍ ഒരു പ്രതീക്ഷയുണ്ട്.

മുറിഞ്ഞുപോയ ബന്ധങ്ങള്‍ കൂട്ടിച്ചേര്‍ത്ത് തന്നെ തിരികെ വീട്ടില്‍ എത്തിക്കാന്‍ അവര്‍ എത്തുമെന്ന് അയാള്‍ ആഗ്രഹിക്കുന്നുണ്ടാകാം. പേരെന്തെന്ന് ചോദിച്ചാല്‍ നിഥിനെന്ന് പറയും, സ്ഥലം ചോദിച്ചാല്‍ കുമ്പഴ, അതിരുങ്കല്‍, മലയാലപ്പുഴ എന്നിങ്ങനെ.
വീടറിയില്ല , നാടറിയില്ല, സ്വന്തം പേര് പോലും പറയാനാകാകാത്ത അവസ്ഥ. ആരാണ് നിഥിനെന്ന് ചോദിച്ചാല്‍ മിണ്ടാതെ പുറത്തേക്ക് നോക്കി കിടക്കും. കഴിഞ്ഞ 13ന് ഏതോ ഒരു ആംബുലന്‍സില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിയതാണ് അറുപത് വയസ് തോന്നിക്കുന്നയാള്‍.
ബന്ധുക്കളാരും ഇതുവരേയും അന്വേഷിച്ചു വന്നിട്ടില്ല. ആശുപത്രി അധികൃതര്‍ പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചിരുന്നു. പൊലീസ് അന്വേഷിച്ചിട്ടും കണ്ടെത്താനായിട്ടില്ല. ആശുപത്രി ടിക്കറ്റില്‍ പേരിനും വയസിനും അണ്‍നോണ്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
തലയ്ക്കും കാലിനും പരിക്കേറ്റ ഇദ്ദേഹത്തിന് രണ്ട് സര്‍ജറിയും കഴിഞ്ഞിട്ടുണ്ട്. തലയില്‍ നെറ്റിയ്ക്ക് മുകളിലായി പരിക്കേറ്റ പാടുകാണാം. മകന്‍ ഗള്‍ഫില്‍ നിന്ന് വന്നിട്ടുണ്ടെന്നും ഇടയ്ക്ക് പറയുന്നുണ്ട്. എഴുന്നേറ്റ് നടക്കാനും ബുദ്ധിമുട്ടാണ്. ഡോക്ടര്‍മാരും നഴ്സുമാരുമാണ് കാര്യങ്ങളൊക്കെ ചെയ്ത് നല്‍കുന്നത്.
All that is remembered is that the son is coming from the Gulf; Those who know him please let me know