സർക്കാരിന്റെ രണ്ടാം വാർഷികവുമായി ബന്ധപ്പെട്ടുള്ള 100 ദിന പരിപാടിയിൽ സമ്പൂർണ്ണ ഭക്ഷ്യ ലഭ്യത ഉറപ്പുവരുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി അഡ്വ : ജി. ആർ അനിൽ.

അതിദരിദ്രർ ഉൾപ്പെടെ ഒരു കുടുംബത്തിനോ ഒരു വ്യക്തിയ്ക്കോ ഭക്ഷ്യധാന്യം ലഭ്യമല്ലാത്ത സാഹചര്യമുണ്ടാകരുത്. അവർക്ക് പൂർണ്ണമായും റേഷൻ കാർഡ് കൊടുക്കാനുള്ള നടപടിയിലാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പെന്നും മന്ത്രി പറഞ്ഞു.
ഓട്ടോ തൊഴിലാളികളുടെ സഹായത്തോടെ നടപ്പിലാക്കുന്ന 'ഒപ്പം' പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അവശതയനുഭവിക്കുന്ന കുടുംബങ്ങൾക്ക് അർഹമായ റേഷൻ നൽകി ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുകയാണ് 'ഒപ്പം' എന്ന പദ്ധതിയിലൂടെ.
അതിദരിദ്ര വിഭാഗത്തിൽപ്പെട്ടവരും റേഷൻ കടകളിൽ പോയി റേഷൻ വാങ്ങാൻ സാധിക്കാത്തവരുമായ ജനവിഭാഗങ്ങൾക്ക് റേഷൻ സാധങ്ങൾ അവരുടെ വീടുകളിൽ നേരിട്ടെത്തിക്കുന്ന പദ്ധതിയാണ് ഒപ്പം.
പട്ടിണി പൂർണമായും നിർമാർജ്ജനം ചെയ്യുന്നതിന് സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ച ഈ പദ്ധതിയിൽ പൊതുവിതരണ വകുപ്പും കണ്ണി ചേർന്നിരിക്കുകയാണ്. ജില്ലയിൽ 6773 കുടുംബങ്ങളും വ്യക്തികളുമാണ് അതിദരിദ്രരായി കണ്ടെത്തിയിട്ടുള്ളത്. ഇതിൽ റേഷൻകാർഡില്ലാത്ത 451 കുടുംബങ്ങളിൽ 375 പേർക്കും ഇതിനകം കാർഡ് നൽകിയിട്ടുമുണ്ടെന്ന് മന്ത്രി പറഞ്ഞു.
കോവിഡ് കാലത്ത് ആദിവാസി ഊരുകളിൽ ഭക്ഷ്യധാന്യങ്ങൾ ലഭിക്കാതിരിക്കാൻ പാടില്ല എന്ന ചിന്തയിൽ നിന്നാണ് സഞ്ചരിക്കുന്ന റേഷൻ കട പദ്ധതി നടപ്പിലാക്കിയത്. പദ്ധതിയുടെ ഭാഗമായി 134 ആദിവാസി ഊരുകളിൽ സർക്കാർ ചെലവിൽ റേഷൻ സാധനങ്ങളും ഉൽപ്പന്നങ്ങളും മാസത്തിൽ രണ്ടുതവണ ഊകളിലേക്ക് എത്തിക്കാനായി. സഞ്ചരിക്കുന്ന റേഷൻ കട ഇപ്പോൾ വ്യാപകമായി. അതുപോലെ തന്നെയാണ് ക്ഷേമ പദ്ധതികളും.
അനാഥ മന്ദിരങ്ങൾ, അഗതി മന്ദിരങ്ങൾ ഉൾപ്പെടെയുള്ള വിവിധ ക്ഷേമ സ്ഥാപനങ്ങളിൽ ഗവൺമെന്റ് നേരിട്ട് ഭക്ഷ്യ ധാന്യങ്ങൾ എത്തിച്ചു കൊടുക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ ഓട്ടോ തൊഴിലാളികൾക്ക് മാതൃകയായ പ്രവർത്തനമാണ് ഒപ്പം എന്ന പദ്ധതിയിലൂടെ കോഴിക്കോട്ടുകാർ നടത്തുന്നത്.
തൊഴിലാളി സമൂഹം ഇത്തരത്തിൽ നിരവധി പദ്ധതികൾ ഏറ്റെടുത്ത് നടപ്പാക്കുന്നത് അഭിനന്ദനാർഹമാണെന്നും മന്ത്രി പറഞ്ഞു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷനായിരുന്നു. ഭക്ഷ്യ കമ്മീഷൻ അംഗം അഡ്വ: പി.വസന്തം, ജില്ലാ സപ്ലൈ ഓഫീസർ കെ.രാജീവ്, സിറ്റി റേഷനിങ് ഓഫീസർ നോർത്ത് പ്രമോദ്. പി, ഓട്ടോ തൊഴിലാളി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
The government is trying to ensure complete food availability - Minister GR Anil
