ആലപ്പുഴ : ട്രെയിന്‍ യാത്രക്കിടെ മദ്യം നല്‍കി ബിരുദാനന്തര വിദ്യാർത്ഥിനിയെ സൈനികൻ പീഡിപ്പിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ജമ്മു കശ്മീരിൽ ജോലി ചെയ്യുന്ന പത്തനംതിട്ട കടപ്ര മാന്നാര്‍ സ്വദേശിയായ പ്രതീഷ് കുമാറാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.
പീഡനത്തിനിരയായ തിരുവനന്തപുരം സ്വദേശിയായ പെൺകുട്ടി ഭർത്താവിനോട് സംഭവങ്ങൾ പറഞ്ഞതോടെയാണ് സൈനികന് കുരുക്ക് വീണത്. തിരുവനന്തപുരത്ത് ട്രെയിന്‍ ഇറങ്ങിയപ്പോള്‍ പെണ്‍കുട്ടി മദ്യലഹരിയിലായിരുന്നു. വീട്ടുകാര്‍ കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് പെണ്‍കുട്ടി വിവരം പറഞ്ഞത്.
കർണാടക സർവകലാശാലയിൽ പഠിക്കുന്ന പെൺകുട്ടി ഉഡുപ്പിയിൽ നിന്നാണ് രാജധാനി എക്‌സ്പ്രസില്‍ കയറിയത്. സൈനികന്റെ എതിർവശത്തുള്ള അപ്പർ ബർത്തിലാണ് വിദ്യാർഥിനിക്ക് സീറ്റ് ലഭിച്ചത്. യാത്രക്കിടെ സൈനികൻ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചു.
തിരുവനന്തപുരം വരെ പെൺകുട്ടിയും കൊല്ലം വരെ സൈനികനും യാത്ര ചെയ്യേണ്ടിയിരുന്നു. യാത്രക്കിടെ ഇരുവരും കൂടുതൽ സൗഹൃദത്തിലായി. അതിനിടെ ഇയാൾ പെൺകുട്ടിക്ക് നിർബന്ധിച്ച് മദ്യം നൽകി. വ്യാഴാഴ്ച രാത്രി ഏഴിനും ഒമ്പതിനും എറണാകുളത്തിനും ആലപ്പുഴക്കും ഇടയിലാണ് മദ്യലഹരിയിലായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.
പ്രതി 17 ഗാര്‍ഡ് സൈനിക ബറ്റാനിയിലെ അംഗമാണെന്ന് പൊലീസ് പറഞ്ഞു. ജമ്മുകശ്മീര്‍ രജൗറി ജില്ലയിലെ നരിയാന്‍ ട്രാന്‍സിസ്റ്റ് ക്യാമ്പില്‍ ജോലി ചെയ്യുന്ന സൈനികന്‍ അവധിക്ക് നാട്ടിലേക്ക് വരുകയായിരുന്നു. മണിപ്പാല്‍ സര്‍വകലാശാല പി ജി വിദ്യാര്‍ഥിയായ യുവതി തിരുവനന്തപുരത്തെ വീട്ടിലെത്തിയശേഷം വിവരം ഭര്‍ത്താവിനോട് പറഞ്ഞു.
തുടര്‍ന്ന് യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ റെയില്‍വേ പൊലീസ് ഇയാളെ വീട്ടില്‍നിന്നും പിടികൂടുകയായിരുന്നു. വൈദ്യപരിശോധനക്കുശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ ഒരു മാസമായി പെൺകുട്ടി വിഷാദരോഗത്തിന് ചികിത്സയിലാണെന്ന് ഭർത്താവ് പറഞ്ഞു. എന്നാൽ യുവതിക്ക് മദ്യം നല്‍കിയെന്നത് സത്യമാണെന്നും പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും പ്രതിയായ പ്രതീഷ് പൊലീസിനോടു പറഞ്ഞു.
More information has been released in the case where a soldier molested a postgraduate student by giving her liquor during the train journey