ഇനി മുതൽ ഗൂഗിൾ സെർച്ചിന്റെ റിസൾട്ട് പേജിനെ വെട്ടി നുറുക്കാനാകും. എങ്ങനെയെന്നല്ലേ, സംഭവം സിമ്പിളാണ്. ഒരു പ്രത്യേക വാക്ക് ഉപയോഗിക്കണമെന്ന് മാത്രം. എന്നാൽ മാത്രമേ സെർച്ച് റിസൾട്ട് പേജിനെ വെട്ടിമുറിക്കാനാകൂ. The Mandalorian എന്ന് ഗൂഗിളിൽ സെർച്ച് ചെയ്യണം. അപ്പോൾ വലത് ഭാഗത്ത് താഴെയായി ഒരു കുഞ്ഞൻ ജീവിയുടെ രൂപം കാണാനാകും.

ഗ്രോഗു എന്നാണ് ഈ ജീവിയുടെ പേര്. ഗ്രോഗുവിന് മേൽ ക്ലിക്ക് ചെയ്താൽ സെർച്ച് റിസൽട്ടിലെ ഓരോ ഭാഗങ്ങളും പേജിൽ നിന്ന് വേർപെടും. വേർപെട്ട പേജുകൾ സ്‌ക്രീനിന് താഴെ വന്ന് ഒന്നിന് മുകളിൽ ഒന്നായി വീഴും. ഫോണിൽ മാത്രമല്ല ഡെസ്‌ക്ടോപ്പിലും ഈ ഫീച്ചർ ഒന്ന് പരീക്ഷിച്ച് നോക്കാവുന്നതാണ്.
ഡിസ്‌നി പ്ലസിലെ ടിവി സീരീസായ ദി മാൻഡലോറിയന്റെ പുതിയ സീസൺ റിലീസിന് ഒരുങ്ങുകയാണ്. അതിന്റെ ഭാഗമായാണ് കൗതുകമുണർത്തുന്ന പുതിയ ഫീച്ചർ ഗൂഗിൾ അവതരിപ്പിച്ചിരിക്കുന്നത്. സീരീസിലെ പ്രധാന കഥാപാത്രത്തിന്റെ പേരാണ് ഗ്രോഗു. സീരിസിലെ മാന്ത്രിക ശക്തിയുള്ള കുഞ്ഞൻ കഥാപാത്രം.
മാർച്ച് ഒന്ന് മുതലാണ് മാൻഡലോറിയൻ ചാപ്റ്റർ 17: ദി അപ്പോസ്‌റ്റേറ്റ് പുറത്തിറങ്ങിയത്. ഇതിലെ പ്രധാന കഥാപാത്രമായ മാൻഡലോറിയനായി എത്തുന്നത് പെഡ്രോ പാസ്‌കൽ ആണ്. മുമ്പ് എച്ച്ബിഒയിലെ 'ദി ലാസ്റ്റ് ഓഫ് അസ്' ടിവി പരമ്പരയുടെ ഭാഗമായും ഇതുപോലെയൊരു ഫീച്ചർ അവതരിപ്പിച്ചിരുന്നു.
Google's search results pages can now be cropped
