ഇസ്റ്റംബുൾ : തെക്കു കിഴക്കൻ തുർക്കി-സിറിയൻ അതിർത്തിയിൽ കരമൻമറാഷ് മേഖലയിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ ഇരുരാജ്യങ്ങളിലുമായി മരിച്ചവരുടെ എണ്ണം 300 കടന്നു.

തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ നൂറുകണക്കിന് പേർ കുടുങ്ങിക്കിടക്കുന്നുണ്ട്. മേഖലയിൽ രക്ഷാപ്രവർത്തനം തുടരുന്നു. തുർക്കി ലോകരാജ്യങ്ങളോട് സഹായം അഭ്യർഥിച്ചു. പ്രാദേശിക സമയം തിങ്കളാഴ്ച പുലർച്ചെ 4.17ഓടെയായിരുന്നു റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം.
സൈപ്രസ്, ലെബനൻ തുടങ്ങിയ നഗരങ്ങളിൽ ഉൾപ്പെടെ പ്രകമ്പനങ്ങൾ അനുഭവപ്പെട്ടു. 6.7 തീവ്രത രേഖപ്പെടുത്തിയ തുടർചലനവുമുണ്ടായി. ഗസിയെന്‍റപ്പ് നഗരത്തിന് 26 കിലോമീറ്റർ കിഴക്ക് ഭൂമിക്കടിയിൽ 17.9 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു.
ഭൂകമ്പം വരുത്തിയ നാശനഷ്ടങ്ങൾ വളരെയേറെയാണെന്നാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോകൾ സൂചിപ്പിക്കുന്നത്. ഭൂകമ്പത്തെ തുടർന്ന് തുർക്കി നാലാംഘട്ട ജാഗ്രത പുറപ്പെടുവിച്ചിരിക്കുകയാണ്. അന്താരാഷ്ട്രതലത്തിൽ സഹായം അഭ്യർഥിച്ചുകൊണ്ടുള്ള അടിയന്തര സാഹചര്യത്തിലാണ് നാലാംഘട്ട ജാഗ്രത പുറപ്പെടുവിക്കുന്നത്.
ദുരന്തബാധിത മേഖലകളിൽ രക്ഷാപ്രവർത്തകരെ ഉടനടി നിയോഗിച്ചതായി തുർക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉർദുഗാൻ അറിയിച്ചു.
സിറിയയിൽ ഗവർമെന്‍റ് അധീനതയിലുള്ള മേഖലയിലും വിമത നിയന്ത്രണത്തിലുള്ള മേഖലയിലും നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. 200ലേറെ മരണം രാജ്യത്ത് സംഭവിച്ചതായി സിറിയൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. മരണസംഖ്യ വരുംനാളുകളിൽ ഉയരുമെന്നാണ് ആശങ്ക.
Strong earthquake on Turkish-Syrian border; The death toll has crossed 300
