വാഷിങ്ടൺ: ചൈനീസ് ചാരബലൂൺ വെടിവെച്ചിട്ട് യു.എസ്. അമേരിക്കയുടെ പ്രധാന സൈനിക കേന്ദ്രങ്ങളുടെ രഹസ്യം ചോർത്താനാണ് ചൈന ബലൂൺ അയച്ചതെന്ന് ആരോപണമുണ്ടായിരുന്നു. യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് ബലൂണിനെ വീഴ്ത്തിയെന്ന് അമേരിക്കൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സമുദ്രത്തിലാണ് ബലൂൺ പതിച്ചത്.

ബലൂൺ വെടിവെച്ചിടുമ്പോൾ മൂന്നോളം എയർപോർട്ടുകൾ അടച്ചിടുകയും ഭാഗികമായി വ്യോമഗതാഗതത്തിന് നിരോധനമേർപ്പെടുത്തുകയും ചെയ്തു. എഫ് 22 ജെറ്റ് ഫൈറ്ററാണ് ബലൂൺ വെടിവെച്ചിടാൻ ഉപയോഗിച്ചത്. യു.എസ് സമുദ്ര തീരത്ത് നിന്ന് ആറ് നോട്ടിക്കൽ മൈൽ അകലെയാണ് ബലൂൺ വീണത്.
സൗത്ത് കരോലിനക്ക് സമീപമുള്ള സമുദ്രഭാഗത്താണ് ബലൂൺ പതിച്ചത്.ബലൂണിന്റെ അവിശിഷ്ടങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ യു.എസ് സൈന്യം ആരംഭിച്ചിട്ടുണ്ട്. ഇതിനായി രണ്ട് കപ്പലുകൾ തെരച്ചിൽ ആരംഭിച്ചു. ബലൂൺ വെടിവെച്ചിടാൻ യു.എസ് പ്രസിഡന്റ് ജോ ബൈഡനുമേൽ കടുത്ത സമ്മർദ്ദമുണ്ടായിരുന്നു.
അവർ വിജയകരമായി ബലൂൺ വീഴ്ത്തിയെന്നായിരുന്നു ഇതുസംബന്ധിച്ച് ജോ ബൈഡൻ പ്രതികരിച്ചത്. യു.എസ് ആകാശത്ത് ചെനയുടെ ചാരബലൂൺ കണ്ടെത്തിയൽ ഇരു രാജ്യങ്ങളും തമ്മിലുള്ള നയത്ര പ്രശ്നങ്ങൾ വഷളാക്കിയിരുന്നു. ഇതേതുടർന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബിങ്കൺ ചൈനീസ് സന്ദർശനം റദ്ദാക്കുകയും ചെയ്തിരുന്നു. അതേസമയം, ചാരബലൂണല്ലെന്നും കാലാവസ്ഥ സംബന്ധിച്ച് പഠനം നടത്തുന്നതിനാണ് ബലൂൺ അയച്ചതെന്നായിരുന്നു ചൈനയുടെ വിശദീകരണം.
The US shot down a Chinese spy balloon
