കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാളിനെതിരെ നിര്‍ണായക മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. 1-0നാണ് കൊല്‍ക്കത്തന്‍ ടീമിന്‍റെ വിജയം. ആദ്യപകുതിയില്‍ ആക്രമണത്തില്‍ പിന്നോട്ടുപോയത് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി.

അതേസമയം തുടര്‍ ആക്രമണങ്ങള്‍ക്ക് 77-ാം മിനുറ്റില്‍ ഈസ്റ്റ് ബംഗാളിന് ഫലമുണ്ടായി. റീബൗണ്ടില്‍ നിന്ന് ക്ലൈറ്റന്‍ സില്‍വയാണ് മഞ്ഞപ്പടയെ വിറപ്പിച്ച ഗോള്‍ നേടിയത്. പിന്നീട് സമനില പിടിക്കാന്‍ ബ്ലാസ്റ്റേഴ്‌സ് കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തോറ്റെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സ് ലീഗില്‍ മൂന്നാംസ്ഥാനത്ത് തുടരും.
പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഇനിയുള്ള മത്സരങ്ങള്‍ മഞ്ഞപ്പടയ്ക്ക് നിര്‍ണായകമായി. തുടക്കത്തിലെ ചലനം പിന്നീട് ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ കാലുകളില്‍ നിന്നുണ്ടായില്ല. 40-ാം മിനുറ്റില്‍ ഈസ്റ്റ് ബംഗാളിനായി മലയാളി താരം വി പി സുഹൈര്‍ വല ചലിപ്പിച്ചെങ്കിലും റഫറി ഓഫ്‌സൗഡ് വിളിച്ചത് ബ്ലാസ്റ്റേഴ്‌സിന് അനുഗ്രഹമായി.
അവസാന മിനുറ്റുകളില്‍ ക്ലൈറ്റന്‍ സില്‍വ ഇരട്ട ശ്രമം നടത്തിയെങ്കിലും വല കുലുങ്ങിയില്ല. പിന്നാലെ ലിമയുടെ ക്രോസില്‍ സുഹൈറിന്‍റെ ഹെഡററും ബ്ലാസ്റ്റേഴ്‌സിന് ഭീഷണിയാകാതെ ഒഴിഞ്ഞുപോയി.
രണ്ടാംപകുതിയില്‍ പകരക്കാരെ വിളിച്ചിട്ടും ബ്ലാസ്റ്റേഴ്‌സിന് പ്രയോജനമുണ്ടായില്ല. മറുവശത്ത് ക്ലൈറ്റന്‍ സില്‍വയിലൂടെ ഈസ്റ്റ് ബംഗാള്‍ രണ്ടാംപകുതിയില്‍ വിജയഗോള്‍ നേടുകയും ചെയ്‌തു. ഇതോടെ കൊച്ചിയില്‍ ആദ്യപാദത്തില്‍ നേരിട്ട തോല്‍വിക്ക് ബംഗാള്‍ ടീം പകരംവീട്ടി. ഇഞ്ചുറിടൈമില്‍ ഈസ്റ്റ് ബംഗാളിന്‍റെ മൊബഷീര്‍ റഹ്‌മാന്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.
4-4-2 ശൈലിയിലാണ് ഇവാന്‍ വുകോമനോവിച്ച് തന്‍റെ ടീമിനെ കളത്തിലിറക്കിയത്. കരണ്‍ജീത്ത് സിംഗ് ഗോള്‍ബാറിന് കീഴെ തുടര്‍ന്നപ്പോള്‍ ജെസ്സല്‍ കാർണെയ്റോ, വിക്‌ടര്‍ മോംഗില്‍, ഹോര്‍മിപാം, ഹര്‍മന്‍ജോത് ഖബ്ര, ബ്രൈസ് മിറാണ്ട, അഡ്രിയാന്‍ ലൂണ, ജീക്‌സണ്‍ സിംഗ്, രാഹുല്‍ കെപി, അപ്പോസ്തലോസ് ജിയാനു, ദിമിത്രിയോസ് ഡയമന്‍റക്കോസ് എന്നിവര്‍ സ്റ്റാര്‍ട്ടിംഗ് ഇലവനിലെത്തി.
അതേസമയം നാല് മാറ്റങ്ങളുമായി 4-4-2 ശൈലിയില്‍ തന്നെയാണ് ഈസ്റ്റ് ബംഗാള്‍ ഇറങ്ങിയത്. ഇവാന്‍, നുങ്ക, പാസ്സി, ജോര്‍ദാന്‍ എന്നിവര്‍ പുറത്തായപ്പോള്‍ ലിമ, സ്വാര്‍ഥക്, അന്‍കിത്, ജേക്ക് എന്നിവര്‍ സ്റ്റാര്‍ട്ടിംഗ് ഇലവനിലെത്തി. കമല്‍ജീത്ത്, ജെറി, മൊബഷീര്‍, മഹേഷ്, വി പി സുഹൈര്‍, ക്ലൈറ്റന്‍, ക്യര്യാക്യൂ എന്നിവരായിരുന്നു ഇലവനിലെ മറ്റ് താരങ്ങള്‍.
Kerala Blasters lost against East Bengal in ISL
