കുമളി : തമിഴ്‌നാട്ടിലെ ഗൂഡല്ലൂരില്‍ ആറു കിലോ കഞ്ചാവുമായി മൂന്നു സ്‌ത്രീകളടക്കം ഏഴുപേരെ പോലീസ് പിടികൂടി. തൃച്ചി സ്വദേശികളായ ശബരിമണി (25), അരുണ്‍ പാണ്ടി (26), ഗുഡല്ലൂര്‍ സ്വദേശികളായ രജിത (26), മുരുഗേശ്വരി (47), രജ്‌ജിത് കുമാര്‍ (24), പ്രഭു (38), ശിവരഞ്‌ജിനി (27) എന്നിവരാണ് അറസ്‌റ്റിലായത്.

കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച ബൈക്കും ഇരുപത്തിയാറായിരം രൂപയും പിടിച്ചെടുത്തു. ഗൂഡല്ലൂരിലെ പാണ്ഡ്യന്റെ മകന്‍ പ്രഭു ആന്ധ്രാപ്രദേശില്‍നിന്ന് കഞ്ചാവ് വാങ്ങി ഗൂഡല്ലൂരില്‍ എത്തിച്ച് വില്‍പ്പന നടത്തിവരികയായിരുന്നു. ഇന്‍സ്‌പെക്‌ടര്‍ പിച്ചൈപാണ്ഡ്യന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തില്‍ ഗൂഡല്ലൂര്‍ വടക്കേറോഡില്‍ പൊലീസ് പട്രോളിങ് നടത്തി.
തുടര്‍ന്ന് ഈ പ്രദേശത്ത് ബൈക്കുമായി നിന്ന രണ്ടു യുവാക്കളെയും ഇവരുടെ ബൈക്കും പോലീസ് പരിശോധിച്ചു. ബൈക്കില്‍നിന്ന് രണ്ടുകിലോ കഞ്ചാവ് കണ്ടെത്തി. ട്രിച്ചി സ്വദേശികളായ ശബരിമണി, അരുണ്‍പാണ്ടി എന്നിവര്‍ കൂടല്ലൂരില്‍ രജിതയെന്ന സ്‌ത്രീയില്‍ നിന്നാണ് കഞ്ചാവ് വാങ്ങിയതെന്നു ചോദ്യംചെയ്യലില്‍ വ്യക്‌തമായി.
രജിതയുടെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് നാലുകിലോ കഞ്ചാവുകൂടി കണ്ടെത്തിയത്. ഈ വീട്ടില്‍നിന്ന് ഇടപാടുകാരായ അഞ്ചുപേരും പിടിയിലായി. കേരളത്തില്‍നിന്ന് പോയി ഈ വീട്ടില്‍നിന്ന് കഞ്ചാവ് വാങ്ങിവരുമ്ബോള്‍ മുന്‍പ് കുമളി ചെക്ക്‌പോസ്‌റ്റില്‍ പലരും പിടിയിലായിട്ടുണ്ട്.
Seven people, including three women, were arrested with 6 kg of ganja
