Jan 24, 2023 11:50 PM

ന്യൂഡൽഹി : ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ ബിബിസി ഡോക്യുമെന്ററി പ്രദർശനം കഴിഞ്ഞ് പിരിഞ്ഞു പോകുന്നതിനിടെ വിദ്യാർത്ഥികൾക്ക് നേരെ കല്ലേറും സംഘർഷവും. കല്ലെറിഞ്ഞത് എബിവിപി പ്രവർത്തകരാണെന്ന് എസ്എഫ്ഐ ആരോപിച്ചു. കല്ലേറിൽ പല വിദ്യാർത്ഥികൾക്കും പരുക്കേറ്റു.

കല്ലെറിനെതിരെ വിദ്യാർത്ഥികൾ പ്രതിഷേധിക്കുകയാണ്. ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി എസ് യു പ്രസിഡന്റ് ഐഷി ഘോഷ് വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യുകയാണ്. ഡോക്യുമെന്ററി പ്രദർശിപ്പിക്കാതിരിക്കാനായി 8.30 മുതൽ ഇവിടുത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്.

യൂണിയൻ ഓഫിസിലേക്കുള്ള വൈദ്യുതി ബന്ധമാണ് വിച്ഛേദിക്കപ്പെട്ടിരിക്കുന്നത്. ഇന്നു രാത്രി 9 മണിക്ക് ഡോക്യുമെന്ററി പ്രദർശിപ്പിക്കാനായിരുന്നു വിദ്യാർഥി യൂണിയന്റെ തീരുമാനം. എന്നാൽ പ്രദർശനത്തിൽ നിന്നും പിന്മാറില്ലെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കുന്നുണ്ട്.

വൈദ്യുതി പുനഃസ്ഥാപിക്കാൻ അധികൃതർ വിസമ്മതിച്ചതിനെത്തുടർന്ന് വിദ്യാർഥികൾ കൂട്ടമായി ഇരുന്ന് മൊബൈൽ ഫോണുകളിലും ലാപ് ടോപ്പുകളിലും ഡോക്യുമെന്ററി കണ്ടാണ് പ്രതിഷേധിച്ചത്. ഇതിന് ശേഷം വിദ്യാർത്ഥികൾ തിരികെ മടങ്ങുമ്പോഴായിരുന്നു കല്ലേറുണ്ടായത്.

പ്രദർശനം നിശ്ചയിച്ചിരുന്ന കമ്യൂണിറ്റി സെന്ററിൽ മഫ്തിയിൽ പൊലീസിനെ വിന്യസിച്ചിരുന്നു. കനത്ത പരിശോധനയ്ക്കുശേഷമായിരുന്നു സർവകലാശാലയിലേക്ക് വിദ്യാർത്ഥികൾ ഉൾപ്പടെയുള്ളവരെ കയറ്റിവിടുന്നത്.

പ്രദർശനം നടത്തിയാൽ ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സർവകലാശാലാ അധികൃതർ അറിയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചത് ജെഎൻയു വിദ്യാർത്ഥി യൂണിയനായിരുന്നു. ഇവിടേയ്ക്ക് മാധ്യമങ്ങൾക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്.

BBC documentary screening; Stones pelted at JNU students

Next TV

Top Stories