കോഴിക്കോട്: 61ാ മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മൂന്നാം ദിനം ആവേശമാകുന്നു. വേദി ഏഴിൽ ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ ഓട്ടൻ തുള്ളൽ മത്സരങ്ങൾ ആവേശകരമായി നടന്നു. ആംഗ്ലോ ഇന്ത്യൻ ഗേൾസ് സ്കൂളിലെ സാഹിത്യകാരൻ സേതുവിന്റെ നോവലായ 'പാണ്ഡവപുരം' വേദിയിലാണ് മത്സരങ്ങൾ.
കേരളത്തിന്റെ പാരമ്പര്യ തനിമയോടെ വൈവിധ്യമാർന്ന കഥാപാത്രങ്ങളാണ് ഓരോ ഓട്ടൻ തുള്ളൽ മത്സരങ്ങളിലും കണ്ടത്. രാവിലെ 9 മണി മുതലാണ് തുള്ളൽ മത്സരങ്ങൾ ആരംഭിച്ചത്.വൈകിട്ട് മൂന്നുമണി മുതൽ ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ തുള്ളൽ മത്സരങ്ങളും നടക്കുന്നു.
ഇതിൽ ആൺകുട്ടികളുടെ വിഭാഗം തുള്ളൽ മത്സരത്തിൽ കൊല്ലം ജില്ലയെ പ്രതിനിധീകരിച്ച് സർദാർ വല്ലഭായി പട്ടേൽ മെമ്മോറിയൽ ഹൈസ്കൂൾ വടക്കും തലയിലെ ദേവവ്രതൻ.എസ്. പങ്കെടുത്തു. അമ്പലപ്പുഴ സുരേഷ് വർമ്മയുടെ കീഴിലാണ് ഓട്ടൻതുള്ളൽ അഭ്യസിക്കുന്നത്. കേവലം എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ദേവവ്രതൻ, സ്കൂളിന് തന്നെ അഭിമാനമായിരിക്കുകയാണ്. കഴിഞ്ഞ നാല് വർഷക്കാലമായി സുരേഷ് വർമ ഗുരുവിൻറെ കീഴിൽ ഓട്ടൻതുള്ളൽ അഭ്യസിച്ചു വരികയാണ്. 'ഘോഷയാത്ര' എന്നാണ് കഥയുടെ പേര്. പാണ്ഡവരുടെയും കൗരവരുടെയും കഥ പറയുന്ന ഈ കഥയിൽ ദുര്യോധരന്മാർ ചിത്രസേനൻ എന്നിവരും കടന്നുവരുന്നു. അച്ഛൻ: അഡ്വ: സേതുമാധവൻ (കരുനാഗപ്പള്ളി). അമ്മ: ഡോ: ഹേമ. വി കൃഷ്ണ (എച്ച്എസ്എസ് കരുവാറ്റ ആലപ്പുഴ).
സഹോദരൻ: ദേവനാരായണൻ (ബി ടെക് വിദ്യാർഥി). ആദ്യത്തെ തവണ തന്നെ സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്തതിന്റെ അഭിമാനത്തിലാണ് രക്ഷിതാക്കളും കൂടെ ഗുരു അമ്പലപ്പുഴ സുരേഷ് വർമ്മയും. ഓട്ടൻതുള്ളലിനെ കൂടാതെ കലാമണ്ഡലം പ്രശാന്തിന്റെ കീഴിൽ കഴിഞ്ഞ 9 വർഷക്കാലമായി കഥകളിയും പരിശീലിക്കുന്നുണ്ട് ഈ മിടുക്കൻ.
waves of ottan thullal; Kollam is proud of the race