ആലപ്പുഴ: ( www.truevisionnews.com) വിപ്ലവ കേരളത്തെ നയിച്ച നേരിൻ്റെ സൂര്യന് ട്രൂ വിഷൻ ന്യൂസിൻ്റെ പ്രണാമം. പുഷ്പചക്രം സമർപ്പിച്ച് വി എസിന് ട്രൂവിഷൻ ന്യൂസ് ടീം അന്ത്യോപചാരം അർപ്പച്ചു. പുന്നപ്ര പറവൂരിലെ വേലിക്കകത്ത് വീട്ടിൽ അവസാനമായി എത്തിയ പോരാളിയുടെ ഭൗതിക ശരീരം വീട്ടുമുറ്റത്ത് പൊതുദർശനത്തിന് വെച്ചപ്പോഴായിരുന്നു സഖാവിന് അന്ത്യോപചാരമർപ്പിച്ചത്.
.gif)

മാനേജിംഗ് എഡിറ്റർ കെകെ ശ്രീജിത്ത് , സീനിയർ സബ് എഡിറ്റർ ആതിര വി, റിപ്പോർട്ടർ അഞ്ജലി ലക്ഷ്മണൻ എന്നിവർ ചേർന്ന് റീത്ത് സമർപ്പിച്ചു.
പിറന്ന നാടിന്റെ കണ്ണീർ പൂക്കൾ ഏറ്റുവാങ്ങി വിഎസ് അച്യുതാനന്ദന്‍റെ മൃതദേഹം പന്ത്രണ്ട് മണിയോടെയാണ് പുന്നപ്രയിലെ ‘വേലിക്കകത്ത്‘ വീട്ടിലെത്തിച്ചത്. ജനസാഗരത്തിന് നടുവിലൂടെ 22 മണിക്കൂര്‍ നേരമെടുത്താണ് തിരുവനന്തപുരത്ത് നിന്ന് പുന്നപ്രയിലെ വീട്ടിലേക്ക് വിലാപയാത്ര എത്തിയത്.
വിഎസിനെ അവസാനമായി ഒരുനോക്ക് കാണാൻ പുന്നപ്രയിലെ വീട്ടിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള നിരവധി പേര്‍ രാവിലെ മുതല്‍ വീട്ടിലെത്തി കാത്തുനിന്നിരുന്നു. എല്ലാവഴികളും വി എസിലേക്ക് ഒഴുകിയെത്തുന്ന കാഴ്ചക്കാണ് കഴിഞ്ഞ മണിക്കൂറുകളിൽ കേരളം സാക്ഷ്യംവഹിച്ചത്.
പേമാരിയേയും സമയത്തെയും അവഗണിച്ച് ആയിരങ്ങളാണ് പ്രിയ നേതാവിനെ കാണാൻ വഴിയരികിൽ ഒഴുകിയെത്തിയത്. വിഎസിന്‍റെ മൃതദേഹം ഇന്ന് രാവിലെ ഒമ്പത് മണിയോടെ പുന്നപ്രയിലെ വീട്ടിലേക്ക് എത്തുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍, നിശ്ചയിച്ച സമയക്രമമെല്ലാം തെറ്റിച്ച് വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ വികാരാവേശത്തിൽ വിഎസിന്റെ അന്ത്യയാത്ര മണിക്കൂറുകൾ വൈകി.
കനത്ത മഴയെ പോലും അവഗണിച്ച് സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് ആളുകളാണ് പ്രിയസഖാവിനെ ഒരുനോക്കുകാണാനായി വഴിനീളെ കാത്തുനിന്നത്. പിന്നിട്ട സമരവഴികളിലെ വി എസിന്‍റെ അവസാന യാത്രയിൽ ഒരു നൂറ്റാണ്ടിന്‍റെ ചരിത്രമാണ് രേഖപ്പെടുത്തിയത്.
True Vision News pays tribute to VS paid his last respects
