കൊല്ലം: ( www.truevisionnews.com ) കൊല്ലം തേവലക്കര ബോയ്സ് ഹൈസ്ക്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ. സ്കൂൾ മൈതാനത്തിനു മുകളിലൂടെ പോകുന്ന വൈദ്യുതി ലൈനിനോട് ചേർന്ന് തകരഷീറ്റിൽ സൈക്കിൾ ഷെഡ് നിർമിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് നാട്ടുകാർ.
‘‘റോഡിനോട് ചേർന്ന, സ്കൂളിന്റെ പിൻഭാഗത്താണ് അപകടം ഉണ്ടായത്. വർഷങ്ങൾക്കു മുൻപേ മൈതാനത്തിനു മുകളിലൂടെ വൈദ്യുതി ലൈൻ ഉണ്ട്. മൈതാനത്തോട് ചേർന്നാണ് ഷെഡ്. ഷെഡ് നിർമിച്ചത് അടുത്തകാലത്താണ്. ഷെഡാണ് അപകടം ഉണ്ടാക്കിയത്’– പൂർവവിദ്യാർഥി മാധ്യമങ്ങളോട് പറഞ്ഞു.
.gif)

‘‘കെഎസ്ഇബി ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതായിരുന്നു. കെട്ടിടത്തിന്റെ പിൻഭാഗത്തായതിനാൽ പഞ്ചായത്തിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. തറയിൽനിന്ന് വൈദ്യുതി ലൈനിലേക്ക് 20 അടിയെങ്കിലും ഉയരമുണ്ട്. ഷെഡ് പണിതപ്പോൾ ലൈനും തകരഷീറ്റും അടുത്തായി. ഷെഡ് പണിതതാണ് അപകടത്തിലേക്ക് നയിച്ചത്. കെഎസ്ഇബിയെ അറിയിച്ചിരുന്നതായാണ് സ്കൂൾ അധികൃതർ പറഞ്ഞത്’’–മൈനാഗപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് വർഗീസ് തരകൻ പറഞ്ഞു.
മൈതാനത്തോട് ചേർന്നുള്ള സ്കൂൾ കെട്ടിടത്തിന്റെ ഭിത്തിയിലാണ് സൈക്കിൾ ഷെഡ് നിർമിച്ചിരിക്കുന്നത്. മൈതാനത്തിനു മുകളിലൂടെ വൈദ്യുതി ലൈൻ വലിച്ചിട്ട് വർഷങ്ങളായി. പക്ഷേ, അടുത്തിടെ ഷെഡ് നിർമിച്ചപ്പോൾ ലൈൻ തകരഷീറ്റിന് തൊട്ട് മുകളിലായി. ക്ലാസിന് ഉള്ളിലൂടെ ഷെഡിലേക്ക് ഇറങ്ങാൻ കഴിയും. ബഞ്ച് ഉപയോഗിച്ചാണ് മിഥുൻ ക്ലാസിനുള്ളിൽനിന്നും തകര ഷീറ്റിലേക്ക് ഇറങ്ങിയത്. ചെരുപ്പ് എടുക്കുമ്പോൾ ഷീറ്റിൽനിന്ന് തെറ്റി വൈദ്യുതി ലൈനിലേക്ക് വീഴുകയായിരുന്നു.
ക്ലാസ് മുറിയിലെ ബോർഡിന് തൊട്ട് മുകളിൽ ജനലുണ്ട്. ഇത് പലകവച്ച് മറച്ചിരിക്കുകയാണ്. പലക ഇളക്കി മാറ്റിയാണ് മിഥുൻ ഷീറ്റിലേക്ക് കയറിയത്. രാവിലെ എട്ടരയോടെയാണ് അപകടം. ആ സമയത്ത് അധ്യാപകർ സ്കൂളിലുണ്ടായിരുന്നു. പ്രാഥമിക ശുശ്രൂഷകൾ നൽകി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈദ്യുതി ലൈനിൽ കമഴ്ന്നു കിടക്കുന്ന നിലയിലാണ് സ്കൂൾ അധികൃതർ മിഥുനെ കണ്ടത്. വൈദ്യുതി ലൈൻ ഓഫ് ചെയ്യാൻ കാലതാമസം ഉണ്ടായതായി നാട്ടുകാർ ആരോപിച്ചു.
Class 8 student dies of shock at Kollam Thevalakkara Boys High School, locals protest
