Jul 8, 2025 08:09 PM

തിരുവനന്തപുരം: ( www.truevisionnews.com) സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ഗുണ്ടായിസമാണ് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സി.പി.എമ്മിന്റെ റെഡ് വോളന്റിയര്‍മാരെ പോലെ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ അക്രമത്തിന് കേരള പൊലീസും കൂട്ടുനിന്നു.

വിവിധ ആവശ്യങ്ങൾക്ക് സർവകലാശാലകളിൽ എത്തിയ വിദ്യാർഥികളെയും ജീവനക്കാരെയും സമരത്തിന്‍റെ മറവിൽ എസ്.എഫ്.ഐ ക്രിമിനൽ സംഘം ആക്രമിച്ചെന്നും സതീശൻ പറഞ്ഞു. സംസ്ഥാനത്തിന് തന്നെ എന്തൊരു നാണക്കേടാണ് ഈ സര്‍ക്കാര്‍ ഉണ്ടാക്കിയത്? ഇത്തരമൊരു വിഷയത്തില്‍ ഇങ്ങനെയാണോ പ്രതികരിക്കേണ്ടത്. എന്തിന്റെ പേരിലുള്ള അക്രമം ആയാലും അതിനെ ന്യായീകരിക്കാനാകില്ല.

ആത്യന്തികമായി എസ്.എഫ്.ഐ നടത്തിയ അക്രമസമരം ഉന്നതവിദ്യാഭ്യാസ മേഖലയെയും നമ്മുടെ വിദ്യാർഥികളെയുമാണ് ബാധിക്കുന്നത്. സര്‍ക്കാറില്‍ ചോദിക്കാനും പറയാനും ആരുമില്ലാത്തതു പോലെയാണ് സി.പി.എമ്മിന്റെ അവസ്ഥയും. ആരെങ്കിലും ചോദിക്കാനുണ്ടായിരുന്നെങ്കില്‍ സമരാഭാസം നടത്താന്‍ എസ്.എഫ്.ഐ തയാറാകുമായിരുന്നോ?

കെ.എസ്.യുവും യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും മഹിളാ കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ സംഘടനകള്‍ നടത്തുന്ന സമരങ്ങളെ ചോരയില്‍ മുക്കിയ അതേ പൊലീസാണ് സി.പി.എമ്മിന്റെ കുട്ടി ക്രിമിനലുകള്‍ക്ക് എല്ലാ ഒത്താശയും നല്‍കിയത്. സി.പി.എമ്മിന് മുന്നില്‍ നട്ടെല്ല് പണയംവച്ച പൊലീസ് സേനയെയാണ് കേരളം ഇന്ന് കണ്ടത്. ജനം എല്ലാ കണ്ടുകൊണ്ടിരിക്കുകയാണെന്നത് മറക്കരുതെന്ന് മാത്രമെ സര്‍ക്കാറിനോട് പറയാനുള്ളൂവെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

Government sponsored hooliganism SFI criminal gang attacked students and staff under the guise of university strike V D Satheesan

Next TV

Top Stories










//Truevisionall