വാഷിങ്ടൻ : ( www.truevisionnews.com ) ടെക്സസ് മിന്നൽപ്രളയത്തിൽ 104 പേർ മരിച്ചതായി സ്ഥിരീകരണം. വേനൽക്കാല ക്യാംപിലുണ്ടായിരുന്ന 27 പേരുൾപ്പെടെ 28 കുട്ടികളും മരിച്ചവരിൽപെടുന്നു. 10 കുട്ടികളുൾപ്പെടെ ഒട്ടേറേപ്പെരെ ഇനിയും കണ്ടെത്താനുണ്ട്. കെർ കൗണ്ടിയിൽ മാത്രം 84 പേർ മരിച്ചു.
ചെളി നിറഞ്ഞ ഗ്വാഡലൂപ് നദീതീരത്ത് ഹെലികോപ്ടറുകളും നിരീക്ഷണ വിമാനങ്ങളും ഉപയോഗിച്ചും തിരച്ചിൽ തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് അധികൃതർ സൂചന നൽകി. കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടായേക്കുമെന്ന് കാലാവസ്ഥാ വിഭാഗം വീണ്ടും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
.gif)

സൈന്യത്തിന്റെ ഡ്രോണുകളും തീരരക്ഷാസേനയുടെ വിമാനങ്ങളും തിരച്ചിലിന് ഉപയോഗിക്കുന്നുണ്ട്. ഇതുവരെ 850 പേരെ രക്ഷപ്പെടുത്തി. ദുരന്തബാധിതർക്കായി റോമിൽ ലിയോ പതിനാലാമൻ മാർപാപ്പ പ്രത്യേക പ്രാർഥന നടത്തി. അതിനിടെ ചെലവുചുരുക്കലിന്റെ ഭാഗമായി നടത്തിയ കൂട്ട പിരിച്ചുവിടൽ കാലാവസ്ഥാ വിഭാഗങ്ങളുടെ പ്രവർത്തനത്തെയും പ്രളയ മുന്നറിയിപ്പിനെയും ബാധിച്ചതായി വിമർശനമുയരുന്നുണ്ട്.
ആർക്കും പ്രവചിക്കാൻ കഴിയാത്ത ദുരന്തമാണുണ്ടായതെന്നു ചൂണ്ടിക്കാട്ടി ആരോപണങ്ങൾ ഡോണൾഡ് ട്രംപ് തള്ളുകയാണ്. പ്രകൃതിദുരന്തങ്ങൾ അതതു സംസ്ഥാനങ്ങൾ കൈകാര്യം ചെയ്യണമെന്ന ട്രംപിന്റെ നയത്തിനെതിരെയും വിമർശനമുയർന്നിട്ടുണ്ട്.
104 confirmed dead in Texas flash floods
